ജിദ്ദ: സഊദിയില്‍ മനപ്പൂര്‍വം കൊവിഡ് വൈറസ് പരത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി അധികൃതര്‍. കൊവിഡ് പോസിറ്റീവായതോ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതോ ആയ ആള്‍ അക്കാര്യം അവഗണിച്ച് മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുകയോ മറ്റേതെങ്കിലും രീതിയില്‍ രോഗവ്യാപനത്തിന് കാരണക്കാരനാവുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സഊദി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.
അതേ സമയം പ്രവാസികളാണ് ഈ രീതിയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ഈ ശിക്ഷയ്‌ക്കൊപ്പം അവരെ സഊദിയില്‍ നിന്ന് നാടുകടത്തുകയും സഊദിയില്‍ തിരിച്ചെത്തുന്നതില്‍ നിന്ന് നിരോധനം ഏര്‍പ്പെടുത്തുതയും ചെയ്യും. ഒരാള്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പക്ഷം ശിക്ഷയും ഇരട്ടിയാവും. ഇയാളുടെ മനപ്പൂര്‍വമായ പ്രവൃത്തി കാരണം ഉണ്ടായ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ശിക്ഷയ്ക്ക് കടുപ്പം കൂടുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ പലയിടങ്ങളിലും കൊവിഡ് വ്യാപനത്തിന് കാരണം ജനങ്ങളുടെ തെറ്റായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി.
Comments are closed for this post.