ഒറ്റ നോട്ടത്തില്‍ കുഞ്ഞന്‍ ഗ്രാന്‍ഡ് വിറ്റാറ, അങ്ങനെ വേണമെങ്കില്‍ ഫ്രോങ്ക്സിനെ വിളിക്കാം. മാരുതി പുറത്തിറക്കുന്ന പുതിയ മോഡലിനെ, ബെലേനോയെ ആധാരമാക്കിയുള്ള ഒരു കോംപാക്ട് എസ്.യു.വി എന്നും പറയാം. ഏതായാലും ഹാച്ച് ബാക്ക് എന്നു വിളിച്ച് അപമാനിക്കേണ്ട. കാരണം ഹാച്ച് ബാക്ക് ആയി ഇറക്കിയ ഇഗ്നിസിനെപ്പോലും മാരുതി പിന്നീട് എസ്.യു.വി ആക്കിയത് നാമെല്ലാവരും കണ്ടതാണ്. ഡല്‍ഹിയിലെ ഇത്തവണത്തെ ഓട്ടോ എക്സ്പോയിലാണ് ഫ്രോങ്ക്സിനെ മാരുതി സുസുകി അവതരിപ്പിച്ചത്. എക്സ്പോയിലെ മാരുതി സ്റ്റാളിലെ മുഖ്യ ആകര്ഷണമാകേണ്ട മോഡലുമായിരുന്നു ഇത്. ഇതിനിടയില്‍ എല്ലാവരും ഫൈവ് ഡോര്‍ ജിംമ്നിക്കു പിന്നാലെ പോയപ്പോള്‍ ഫ്രോങ്ക്സ് ഒരു മൂലയിലായെന്നു മാത്രം. ബെലേനോയുടെ ബോഡില്‍ ചില മേക്കോവര്‍ നടത്തിയുള്ള തട്ടിക്കൂട്ട് പരിപാടിയൊന്നുമല്ല ഇത്. ചില ഭാഗങ്ങള്‍ സാമ്യം തോന്നിക്കുമെങ്കിലും മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണമായി മാറ്റിയിട്ടുണ്ട്. ഫ്രണ്ടിലെ കുത്തനെയുള്ള സ്റ്റൈലിങ്ങും സ്പ്ലിറ്റ് ഹെഡ് ലാമ്പുകളും ഗ്രാന്‍ഡ് വിറ്റാറയെയാണ് അനുസ്മരിപ്പിക്കുന്നത്. നീളം, വീതി ബൂട്ട് സ്പെയ്സ് എന്നിവയിലെല്ലാം ബെലേനോ തന്നെ. വാഹനത്തിനു പരുക്കന്‍ കാഴ്ച നല്കുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങാണ് വശങ്ങളിലെ മറ്റൊരു ആകര്‍ഷണം.
പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ ഇതുവരെ ഒരു മാരുതി കാറിലും കാണാത്ത വ്യത്യസ്തമായ ഡിസൈനാണ് ഫ്രോങ്ക്സ് പിന്തുടര്ന്നിരിക്കുന്നത്. കണക്ടഡ് ശൈലിയില്‍ തീര്‍ത്തിരിക്കുന്ന എല്‍.ഇ.ഡി ടെയില്‍ലൈറ്റുകളും കിടിലമാണ്. പിന് ബംപറിന് അടിയിലുള്ള സ്കിഡ് പ്ലേറ്റുകളും വാഹനത്തിനു മസില് ലുക്ക് നല്‍കുന്നുണ്ട്. ഉള്ളിലെ സ്റ്റിയറിങ്ങും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമെല്ലാം ബെലേനോയ്ക്ക് സമാനമാണ്. ഡാഷ്ബോഡിനും എ.സി വെന്റുകള്‍ക്കും മാത്രം ചെറിയ മാറ്റമുണ്ട്. ഡ്യുവല്‍ ടോണ്‍ കളറിലേക്ക് ഡാഷ് ബോര്‍ഡ് മാറിയിട്ടുണ്ട്. സീറ്റുകളും സ്ഥലസൗകര്യവുമെല്ലാം ഒരു മാറ്റവുമില്ലാതെ ബെലേനോ തന്നെ. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബെലേനോയെ അപേക്ഷിച്ച് വ്യത്യസ്തമായ ഡിസൈനും ഉയര്‍ത്തിയ സസ്പെന്ഷന് സജ്ജീകരണവുമായാണ് മാരുതി ഫ്രോങ്ക്സ് അവതരിപ്പിച്ചിരിക്കുന്നത്. സൈഡിലെ വീല്‍ ആര്‍ച്ചുകള്‍ റൗണ്ടല്ല. ഒരു സ്ക്വയറിഷ് രൂപമാണ് നല്‍കിയിരിക്കുന്നത്. മസില് ലുക്ക് കൂട്ടാന്‍ മുന്ബംപറിന് താഴെയും കൂടാതെ ബോഡിയുടെ ഇരുവശങ്ങളിലും സ്കിഡ് പ്ലേറ്റുകളുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും വാഹനം വേറെ ലെവലാണെന്നാണ് മാരുതി പറയുന്നത്. സുരക്ഷ ഉറപ്പാക്കാനായി ആറ് എയര്‍ബാഗുകള്‍, ഇ.ബി.ഡിയുള്ള എ.ബി.എസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 360ഡിഗ്രി കാമറ എന്നിവയും ഫ്രോങ്ക്സിന്റെ പ്രധാന സേഫ്റ്റി ഫീച്ചറുകളാണ്. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ് പ്ലസ്, സീറ്റ, ആല്‍ഫ എന്നീ അഞ്ച് മോഡലുകളില്‍ മോഡലുകളിലാണ് വാഹനം നിരത്തിലിറങ്ങുക.
ടോപ് എന്‍ഡ് മോഡല്‍ 100 ബി.എച്ച്.പി ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുമായാണ് എത്തുന്നത്. മുമ്പ് ബെലേനോ ആര്.എസ് മോഡലില്‍ ഇതേ എന്ജിന് മാരുതി പരീക്ഷിച്ചിരുന്നു. ബി.എസ്6 മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനോടനുബന്ധിച്ച് മാരുതി നിര്‍ത്തലാക്കിയ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എന്ജിന് ഫ്രോങ്ക്സിലൂടെ തിരിച്ചെത്തുന്നുവെന്നതാണ് ശ്രദ്ധേയം.
ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ വേരിയന്റുകള്ക്കൊപ്പമാവും ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എന്ജിന് ലഭ്യമാവുക. ഈ ത്രീ സിലിണ്ടര്‍ ടര്‍ബോപെട്രോള്‍ എന്ജിന് ഫ്രോങ്ക്സിലേക്ക് എത്തുമ്പോള്‍ 5,500 rpmല്‍ 98.7 bhp കരുത്തും 147.6 Nm torque ഉം ഉല്പാദിപ്പിക്കാന് ശേഷിയുള്ളതാണ്. ഫൈവ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും ഉണ്ട്. രണ്ടാമത്തെ എന്ജിന് ബലേനോയിലെ അതേ 1.2 ലിറ്റര്‍ യൂനിറ്റാണ്. ഇത് 89 bhp പവറില്‍ 113 Nm torque വരെ നല്കാന് പ്രാപ്തമാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എ.എം.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആണ് ഇതിനുള്ളത്. നെക്സ ഔട്ട്ലെറ്റുകളിലൂടെ ഏപ്രിലില്‍ വാഹനം വില്പനയ്ക്കെത്തും. ബുക്കിങ് ആരംഭിച്ചെങ്കിലും വില ഇതുവരെ മാരുതി മിണ്ടിയിട്ടില്ല. ഒരു മിനി എസ്.യു.വിയോ അതോ മുന്നിലും പിന്നിലും റീഡിസൈന്‍ ചെയ്ത ബെലേനോയോ, എന്താണിതിനെ വിളിക്കേണ്ടത് എന്ന സംശയം ഇനിയും ബാക്കിയാണ്.
•
Comments are closed for this post.