2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഇറാൻ വ്യോമപരിധി ഒഴിവാക്കൽ; സഊദി സെക്റ്ററിലേക്ക് 30 മിനുട്ടിലധികം യാത്ര, ചിലവ് ഏറും 

ഹാജിമാരുടെയും വിമാന യാത്രാ സമയം വർധിക്കും 

റിയാദ്: ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ ഡ്രോൺ ഇറാൻ തകർത്തതിന്ന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ ഇറാൻ വ്യോമ പാത മാറി വിമാനങ്ങൾ സഞ്ചരിക്കുന്നതോടെ സഊദി സെക്റ്ററിലേക്ക് യാത്രാ സമയം ദീർഘിച്ചു. നേരത്തെ കോഴിക്കോട് നിന്നും സഊദിയിലേക്ക് നാലര മണിക്കൂർ മാത്രമായിരുന്നു യാത്രാ സമയമെങ്കിൽ ഇറാൻ വ്യോമ പാത മാറി സഞ്ചരിക്കുന്നതോടെ യാത്രാ ദൈർഘ്യം അര മണിക്കൂറിലധികമായാണ് ഉയർന്നത്. ഇത് വിമാന ഇന്ധന ചിലവ് വര്ധിപ്പിക്കുന്നതിനാൽ വിമാന യാത്രാ നിരക്കിൽ വർദ്ധനവ് ഉണ്ടാക്കാൻ ഇടയുണ്ട്. ഇപ്പോൾ അഞ്ചു മണിക്കൂറിലധികമാണ് കോഴിക്കോട് ദമാം വിമാന യാത്രാ സമയം. 

നിലവിൽ ഗൾഫ് സെക്റ്ററിലേക്ക് അനാവശ്യമായ നിരക്കാണ് ഈടാക്കുന്നത്. പുതിയ കാരണം ഉയർത്തി നിലവിൽ ഉയർന്ന നിരക്ക് ഈടാക്കുന്ന നിരക്ക് സീസൺ കഴിഞ്ഞാലും ഇതേ പടി നിലനിർത്താനാണ് വിമാന കമ്പനികൾ ശ്രമിക്കുകയെന്നാണ് കരുതുന്നത്. ഇത് സീസൺ കഴിഞ്ഞു വിമാന ടിക്കറ്റ് നിരക്ക് കുറയുന്നത് കാത്തിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി മാറും. കോഴിക്കോട് നിന്നും  സഊദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ്, സഊദി എയർ ലൈൻസ് എന്നിവയാണ് നിലവിൽ നേരിട്ട് സർവ്വീസ് നടത്തുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാളും ഇരട്ടിയിലധികമാണ് ഇപ്പോഴും ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സ് പോലും ഈടാക്കുന്നത്. 

മുംബൈയിൽ നിന്നുള്ള സഊദി അറേബ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള  ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളുടെ സമയം ദൈർഘ്യം ഉണ്ടായേക്കുമെന്ന് യാത്രാ ഡോട്ട് കോം ചീഫ് ഓപറേറ്റിങ് ഓഫീസർ ശരത് ദാൽ പറഞ്ഞു. എന്നാൽ, ഇത് നിരക്ക് വർദ്ധനവ് ഉണ്ടക്കാൻ ഇടയില്ലെന്നാണ് ഇദേഹത്തിന്റെ അഭിപ്രായം. ഇൻഡിഗോ എയറിന്റെ മുംബൈ സെക്റ്ററിൽ നിന്നുള്ള വിമാനറൂട്ടുകളിൽ  കാര്യമായ മാറ്റം ഉണ്ടാകില്ലെങ്കിലും ഡൽഹി ഇസ്‌താംബൂൾ സെക്റ്ററിൽ സമയം ദൈർഘ്യം ബാധിക്കുമെന്ന് ഇൻഡിഗോ ചീഫ് ഓപറേറ്റിങ് ഓഫീസർ വില്യം ബൗട്ട്ലർ പറഞ്ഞു.            

ഇറാൻ വ്യോമ പരിധിയിൽ ഓടുന്ന ഇന്ത്യൻ വിമാനങ്ങൾ കുറവാണെങ്കിലും കെ എൽ എം റോയൽ ഡച്ച്, ബ്രിട്ടീഷ് എയർവെയ്സ്, സ്വിസ് എയർ വിമാന കമ്പനികളാണ് ഇറാൻ എയർ സ്‌പേസ് കൂടുതലായി ഉപയോഗിക്കുന്നത്. മുബൈയിൽ നിന്നും ആഴ്ചതോറും ഏകദേശം നാല്പത് സർവീസുകളാണ് ഇത് വഴി നടക്കുന്നതെന്നും മുംബൈ  ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈ ന്യൂയോർക്ക് ബ്രിട്ടീഷ് എയർ റൂട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതേ സെക്റ്ററിൽ റോയൽ ഡച്ച്, ലുഫ്താൻസ വിമാന കമ്പനികൾ ഉടൻ തന്നെ റൂട്ടിൽ മാറ്റം വരുത്തും. 

വിമാന റൂട്ടുകളിൽ മാറ്റം വരുത്തുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഹാജിമാരെയും ബാധിക്കും. ഹജ്ജ് സീസൺ തുടങ്ങാൻ ഏതാനും ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഹോർമുസ് ഉൾക്കടൽ ഒഴിവാക്കി പറക്കുന്നതോടെ  ഇന്ത്യയിൽ നിന്നടക്കമുള്ള ഹാജിമാരുടെ യാത്രാ സമയം ദീർഘിക്കും. ഹോർമുസ് മേഖലയിലെ ഇറാൻ വ്യോമ പാത ഒഴിവാക്കുന്ന വിമാന കമ്പനികൾ തൊട്ടടുത്ത സഊദി അറേബ്യാ, ഒമാൻ വിമാന പാതകളാണ് തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിമാനങ്ങൾ ഈ പാത തിരഞ്ഞെടുക്കുന്നതോടെ എയർ ട്രാഫിക് അനുഭവപ്പെടുകയും യാത്രാ സമയം വീണ്ടും വർദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.