ഒപെക്, ഒപെക് പ്ലസ് നിർണ്ണായക യോഗം നീട്ടിയേക്കും
റിയാദ്: എണ്ണയുൽപാദന കരാർ പൊളിയുകയും വിപണിയിൽ സഊദി അറേബ്യ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലായിരിക്കെ സഊദിയും റഷ്യയും തമ്മിൽ തർക്കം മൂർഛിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള എണ്ണവില തകർച്ചയിലേക്ക് കാരണമായ എണ്ണയുത്പാദക വിതരണ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങളും തമ്മിലുള്ള കരാർ പൊളിഞ്ഞതിനു പിന്നിൽ ആരെന്ന തർക്കമാണ് ഇപ്പോൾ മൂർഛിക്കുന്നത്. കരാർ പൊളിയാൻ കാരണം സഊദിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം റഷ്യ വ്യക്തമാക്കിയത്. എന്നാൽ ഇതിന് തിരിച്ചടിയായി തങ്ങളല്ലെന്നും റഷ്യയാണ് ഇതിനു പിന്നിലെന്നും സഊദി അറേബ്യ തിരിച്ചടിച്ചു.
എണ്ണവില കുറയാൻ ഒരു കാരണം രാജ്യം ഒപെക് പ്ലസ് ഇടപാടിൽ നിന്ന് പിന്മാറിയതാണെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ, റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്‌തത് പോലെ പ്രസ്‌താവന ശരിയല്ലെന്നും പരാമർശിച്ച കാര്യങ്ങൾ പൂർണമായും വാസ്തവ വിരുദ്ധമാണെന്നും കരാറിൽ നിന്ന് സഊദി പിന്മാറിയെന്നത് ശരിയല്ലെന്നും സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. വാസ്തവത്തിൽ സഊദി അറേബ്യയും മറ്റ് 22 രാജ്യങ്ങളും എണ്ണയുൽപാദനം വെട്ടികുറക്കാനും കരാർ നീട്ടാനും പ്രേരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും റഷ്യ അതിനു വിസമ്മതിക്കുകയായിരുന്നുവെന്ന് സഊദി വിദേശ കാര്യ മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി നേരത്തെ വിളിച്ചു ചേർത്ത ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങളുടെ സമ്മേളനം ഉടൻ ചേരേണ്ടെന്ന നിലപാടിനെ തുടർന്ന് സമ്മേളനം നീട്ടി വെച്ചതായി ഒപെക് അറിയിച്ചു. ഒപെക്കും സഖ്യകക്ഷികളും തിങ്കളാഴ്ച അടിയന്തര വെർച്വൽ മീറ്റിംഗ് നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, ക്രൂഡ് ഓയിൽ വിതരണം വെട്ടികുറക്കുന്നത് സംബന്ധിച്ച് എണ്ണ ഉൽപാദകർക്കിടയിൽ ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി അടുത്ത മാസം 9 വരെ ഇത് നീട്ടിവെക്കുമെന്നാണ് ഒപെക് വൃത്തങ്ങൾ അറിയിച്ചത്. അതിനിടെ, വിപണയിലേക്ക് കൂടുതൽ എണ്ണ സഊദി ഇറക്കിയിട്ടുണ്ട്. സഊദിയുടെ നിലവിലെ ശേഷിയുടെ പരമാവാശിയായ 12 ദശലക്ഷം ബാരൽ എണ്ണയാണ് സഊദി വിപണിയിൽ ഇറക്കിയത്.
Comments are closed for this post.