2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൗനം വിവേചനത്തിന് കരുത്താകുമ്പോള്‍

ഫഹദ് ഹുദവി തൃക്കരിപ്പൂര്‍

മലബാറിനോടുള്ള വിവേചനത്തിന്റെ തോത് പരിഗണിക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തോളം വേര്‍തിരിവ് പ്രകടിപ്പിക്കപ്പെട്ട മറ്റൊരു വികസനഘടകം നമുക്ക് കാണാനാവില്ല. ഹയര്‍ സെക്കന്‍ഡറി മുതല്‍ ഈ വിവേചനം പ്രകടമാകുന്നുണ്ടെങ്കിലും ബിരുദ തലത്തിലെത്തുമ്പോഴേക്ക് ഇത് രൂക്ഷമാവുകയാണ്. കേരളത്തില്‍ പ്ലസ്ടു പഠനം (ഓപണ്‍ സ്‌കൂള്‍ ഉള്‍പ്പെടെ) പൂര്‍ത്തിയാക്കി ബിരുദ പഠനത്തിനു യോഗ്യത നേടുന്നവരില്‍ 40 ശതമാനത്തിലധികവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരലഭ്യതയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരും ഈ പ്രദേശത്തുള്ളവര്‍ തന്നെ.

ആകെ വിജയത്തിന്റെ കഷ്ടിച്ച് മുപ്പത് ശതമാനത്തോളം മാത്രം വിദ്യാര്‍ഥി പ്രാതിനിധ്യമുള്ള തെക്കന്‍ ജില്ലകളിലേക്കാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിക്കതും നീക്കിവയ്ക്കുന്നത്. കേരളത്തില്‍ ലഭ്യമായ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ 38 ശതമാനത്തിലധികവും ലഭ്യമാക്കിയത് തെക്കന്‍ കേരളത്തിലാണ്. ആകെയുള്ള എന്‍ജിനീയറിങ് സീറ്റുകളിലെ 43 ശതമാനവും തെക്കന്‍ ജില്ലകളിലെ സ്ഥാപനങ്ങളിലാണ്. പ്ലസ്ടു പാസായ 43 ശതമാനം വിദ്യാര്‍ഥികളെ ഉള്‍കൊള്ളുന്ന മലബാര്‍ മേഖലക്ക് നല്‍കിയതാകട്ടെ വെറും 29 ശതമാനം കോളജുകള്‍ മാത്രം. അനുവദിക്കപ്പെട്ട എന്‍ജിനീയറിങ് സീറ്റുകളുടെ എണ്ണമാണെങ്കില്‍ അതിദയനീയമാണ്, വെറും 17 ശതമാനം മാത്രം. അതായത് എന്‍ജിനീയറിങ് തല്‍പരരായ വലിയൊരു വിഭാഗം മലബാര്‍ നിവാസികളായ വിദ്യാര്‍ഥികള്‍ക്കും ഇതരപ്രദേശങ്ങളെ ആശ്രയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കേരളാ രൂപീകരണത്തിന് ശേഷം ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും വ്യത്യസ്ത മുന്നണികള്‍ അധികാരശ്രേണികളലങ്കരിച്ചിട്ടും മലബാറിന്റെ ദുര്‍ഗതിക്കറുതിവരുത്താനായിട്ടില്ല എന്നത് ഏറെ ദുഃഖകരം തന്നെ. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അവരൊക്കെയും മനപ്പൂര്‍വം ഉത്തര കേരളത്തെ അവഗണിക്കുകയായിരുന്നോ എന്ന് തോന്നിപ്പോകും.

എന്നാല്‍ ഇതിനേക്കാളൊക്കെ ഏറെ ദയനീയം ഇരുപത്തിയേഴ് വര്‍ഷം വിദ്യാഭ്യാസവകുപ്പ് അടക്കിവാണിരുന്ന പാര്‍ട്ടിയുടെ മുഖ്യവോട്ട് ബാങ്കായ മലബാര്‍ മേഖലയിലെ, മേല്‍ വിവേചനത്തിനു കാര്യമായ വ്യത്യാസം വരുത്താനായിട്ടില്ല എന്നത് ഏറെ വേദനയോടെ മാത്രമേ വിലയിരുത്താനാകൂ. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരേ നിരന്തരം സമരം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇരുമുന്നണികളും അത്തരം സ്ഥാപനങ്ങള്‍ക്കു വേണ്ടി പിന്നാമ്പുറങ്ങളില്‍ വളമിട്ടു കൊടുക്കുകയായിരുന്നുവെന്ന് വേണം സംശയിക്കാന്‍. ഇതിനു പ്രത്യക്ഷമായ ഒരുദാഹരണമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടുന്ന മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഒരൊറ്റ എന്‍ജിനീയറിങ് കോളജും ഇന്നേവരെ ഇല്ല എന്നത്. ഏതൊരു സമൂഹത്തിന്റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമായിരിക്കെ പ്രസ്തുത മേഖലകളില്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിനു മൊത്തത്തില്‍ പിന്നോക്കാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അനുഭവസാക്ഷ്യങ്ങളാണ്.

ആരോഗ്യം

സാമ്പത്തിക ഭദ്രത നിരന്തരം ചോദ്യം ചെയ്യപ്പെടുമ്പോഴും ആരോഗ്യ രംഗത്ത് കേരളം കരസ്ഥമാക്കുന്ന നേട്ടങ്ങള്‍ എപ്പോഴും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായിരുന്നു. മാനവ വികസന സൂചികയില്‍ കേരളത്തിന്റെ സ്ഥാനം മുന്‍നിരയിലെത്തിക്കുന്നതിലെ മുഖ്യഘടകവും ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ തന്നെയായിരുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. എന്നാല്‍ സര്‍ക്കാര്‍ നേരിട്ട് വര്‍ഷാന്തം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോഴാണ് പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുന്നിടത്തോളം പ്രശംസാവഹമല്ലെന്ന് മനസ്സിലാകുന്നത്. സംസ്ഥാനത്തിനു മൊത്തമായി നേട്ടമുണ്ടായപ്പോഴും ആരോഗ്യ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടലുകളില്‍ എത്രമാത്രം ആഭ്യന്തര/ പ്രാദേശിക വിവേചനങ്ങള്‍ നിലനിന്നിരുന്നു എന്നതാണ് പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ സുവ്യക്തമാകുന്നത്.

ആരോഗ്യ മേഖലയിലെ പുരോഗതിക്കായുള്ള വിഭവവിന്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാനദണ്ഡങ്ങളാണ് ജനസംഖ്യയും ഭൂവിസ്തൃതിയും. എന്നാല്‍ ഈ രണ്ട് മാനദണ്ഡങ്ങളെയും അവഗണിച്ചുകൊണ്ടുള്ള നിക്ഷിപ്ത താല്‍പര്യങ്ങളാണ് മാറി വന്ന സര്‍ക്കാരുകളുടെ വികസന വിഭവ വിതരണത്തെ സ്വാധീനിച്ചിരുന്നത് എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്. ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും പ്രധാന സൂചകങ്ങളാണ് ആരോഗ്യ വിദഗ്ധരുടെ ലഭ്യതയും ആരോഗ്യ സ്ഥാപനങ്ങളില്‍ ലഭ്യമായ സൗകര്യങ്ങളും. സുതാര്യവും ന്യായവുമായ മേല്‍ മാനദണ്ഡങ്ങളനുസരിച്ചാണ് ഈ വിഭവ വിന്യാസം നടത്തിയിരുന്നതെങ്കില്‍ ഇന്ന് കേരളത്തിന്റെ പൊതുരംഗത്ത് ലഭ്യമായ 38097 ബെഡുകളില്‍ ഏറ്റവും ചുരുങ്ങിയത് 13000 ബെഡ് ശേഷിയുള്ള ആശുപത്രികളാണ് ഉത്തര കേരളത്തിന് അതായത് മലബാറില്‍ ലഭ്യമാകേണ്ടിയിരുന്നത്. എന്നാല്‍ കിട്ടിയതാകട്ടെ 11000ല്‍ താഴെ മാത്രം. അതേസമയം നിലവിലെ ബെഡുകളുടെ 40 ശതമാനത്തിലേറെയും നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകള്‍ക്കായാണ്.

ആരോഗ്യവിദഗ്ധരുടെ എണ്ണത്തിലും ഇതേ വിവേചനം കാണാന്‍ സാധിക്കും. ഒരോ ജില്ലയും വെവ്വേറെ പഠന വിധേയമാക്കുമ്പോള്‍ ഇതിനേക്കാള്‍ ഭീമമായ വിവേചനത്തിന്റൈ കണക്കുകള്‍ കാണാം. ആശുപത്രികളും സൗകര്യങ്ങളും അനുവദിക്കുന്ന കാര്യത്തിലും പ്രസ്തുത വിവേചനം നിലനില്‍ക്കുന്നതായാണ് ഈയടുത്തായി സര്‍ക്കാര്‍ പ്രകടമാക്കിയ പലകാര്യങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അത്യുത്തര കേരളത്തില്‍ കൊവിഡ് കാരണം നേരിട്ട ആരോഗ്യ പ്രതിസന്ധിക്കൊരു പരിഹാരമെന്ന നിലയില്‍ ടാറ്റയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ആശുപത്രിയിലേക്ക് ആവശ്യമായ ആരോഗ്യ വിദഗ്ധരെ ലഭ്യമാക്കുന്നതില്‍ കാണിച്ച അമാന്തം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതിന്റെ സൂചനയായി ഇപ്പോഴത്തെ സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ നേട്ടമായി അവതരിപ്പിച്ച് പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം യാഥാര്‍ഥത്തില്‍ മലബാര്‍ മേഖലയോടുള്ള യുദ്ധപ്രഖ്യാപനവും അവഹേളനവുമായിരുന്നു.

ഉത്തരവാദിത്വം ആര്‍ക്ക്?

ഗതകാല ചരിത്രം പരിശോധിക്കുമ്പോള്‍ ഒന്നിലധികം മുഖ്യമന്ത്രിമാരും ആരോഗ്യവകുപ്പടക്കം കൈയാളിയ നിരവധി മന്ത്രിമാരും മലബാര്‍ മേഖലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന് കാണാം. സ്വന്തം മണ്ഡലങ്ങളുള്‍പ്പെടുന്ന മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കിലും ന്യായമായ അവകാശങ്ങളെങ്കിലും നേടിയെടുക്കാന്‍ ഇവര്‍ മുന്‍കൈയെടുക്കണമായിരുന്നു. മന്ത്രിമാര്‍ നിസ്സംഗരാവുന്നിടത്ത് ഭരണ, പ്രതിപക്ഷ കക്ഷികളിലെ നിയമസഭാംഗങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ ഇടപെടണമായിരുന്നു. എന്നാല്‍ ഇവരൊക്കെയും കുറ്റകരമായ മൗനം തുടരുകയല്ലേ? പൊതു അവകാശങ്ങള്‍ക്കപ്പുറം വ്യക്തി/കക്ഷി നേട്ടങ്ങള്‍ക്കായുള്ള തത്രപ്പാടില്‍ ഇവരൊക്കെ പൊതുജനാവകാശങ്ങള്‍ മറന്നുപോകുന്നതാണ് നമ്മുടെ രാഷ്ട്രീയ പരിസരങ്ങളില്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

ഓരോ തെരഞ്ഞെടുപ്പും ഓരോ പൗരന്റെയും ഊഴമാണ്. അതുകൊണ്ടുതന്നെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇനിയും ഉറക്കം തുടരുകയാണെങ്കില്‍ സ്വന്തത്തോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാകും. അന്യസംസ്ഥാനങ്ങളിലും നമ്മുടെ നാട്ടിലെ തന്നെ വിദൂര ദിക്കുകളിലും പോയി ഉന്നതവിദ്യാഭ്യാസം നേടേണ്ട ഗതികേട് ഇനിയുമുണ്ടാവരുത്. പഠിക്കാനാവശ്യമായ നിലവാരമുള്ള ഉന്നതവിദ്യാലയങ്ങള്‍ സ്വന്തം പരിസരങ്ങളില്‍ ഉയര്‍ന്നുവരണം. ഗൗരവമായ രോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാനായി നിശ്ചിത മണിക്കൂറിനുള്ളില്‍ തിരു-കൊച്ചിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റികള്‍ ലക്ഷ്യമാക്കി ആംബുലന്‍സുകള്‍ ചീറിപ്പായുന്ന രംഗങ്ങള്‍ ഇനിയൊരിക്കലും പത്രമാധ്യമങ്ങളില്‍ ഇടംപിടിക്കരുത്. അതിനായി നാം ഉണരണം; ഉണര്‍ന്നിരിക്കുന്നവരെയും ഉണരാന്‍ സാധിക്കുന്നവരെയും നമ്മുടെ പ്രാതിനിധ്യമേല്‍പ്പിക്കുകയും വേണം. സമഗ്ര വികസനവും, തുല്യതയും സമാധാനവും നീതിയുമാവട്ടെ നമ്മുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍.
(അവസാനിച്ചു)

(തേസ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.