2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുട്ടികള്‍ എവിടെയും സുരക്ഷിതരല്ല

ഓരോവര്‍ഷവും കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാക്രമണ കേസുകള്‍ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്‌കാരസമ്പന്നരെന്ന് പുറമേക്ക് മേനി നടിക്കുന്ന മലയാളി മനസ് എത്ര മലിനവും കാപട്യം നിറഞ്ഞതുമാണെന്ന് തെളിയിക്കുന്നതാണ് ഓരോ പുലരിയിലും കേള്‍ക്കേണ്ടിവരുന്ന, കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണങ്ങളില്‍ ജനുവരിയില്‍ മാത്രം 328 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ബലാത്സംഗ കുറ്റത്തിന് മാത്രം 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും വര്‍ധിച്ചിരിക്കുന്നു. 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊവിഡിനെത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലില്‍ വീടകങ്ങളും കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുന്നു. 2020ല്‍ സ്വന്തം വീടിനുള്ളില്‍ 3,628 കുട്ടികള്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയായി. 2011 മുതല്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണകേസുകള്‍ വര്‍ധിക്കുകയാണെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. മലയാളി എത്ര വേഗമാണ് സാംസ്‌കാരികമായി അധഃപതിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ, കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക കുറ്റങ്ങളില്‍ 28,000ത്തിലധികം കേസുകള്‍ പൊലിസ് എടുത്തതില്‍ നിന്നുതന്നെ ഈ ഭീകരസത്യം വെളിപ്പെടുന്നുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനും കടുത്ത ശിക്ഷ ഉറപ്പാക്കാനും 2012ല്‍ ആണ് പോക്‌സോ ആക്ട് നിലവില്‍ വന്നത്. എന്നിട്ടുപോലും കുട്ടികള്‍ക്ക് നേരേയുള്ള ക്രൂരതകള്‍ക്ക് ഒരു ശമനവും ഉണ്ടായില്ല. പലരും ശിക്ഷിക്കപ്പെടാതെ രാഷ്ടീയപ്പാര്‍ട്ടികളുടെ സഹായത്തോടെ പുറത്ത് സൈ്വരവിഹാരം നടത്തുന്നു. അതാണല്ലോ വാളയാറില്‍ കണ്ടത്. കഴിഞ്ഞവര്‍ഷം മൂവായിരത്തിലധികം കേസുകളാണ് പൊലിസ് ഈ വകുപ്പില്‍ എടുത്തിരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇതിന്റെ വലുപ്പം പതിന്മടങ്ങ് വരും.

കുട്ടികള്‍ എവിടെയും സുരക്ഷിതരല്ലാതായിരിക്കുന്നു എന്ന വേദനിപ്പിക്കുന്ന അറിവുകളാണ് ഈ കണക്കുകളെല്ലാം നല്‍കുന്നത്. കുട്ടികള്‍ ഏറ്റവും സുരക്ഷിതരായി കഴിയേണ്ട വീടുകളില്‍ അവര്‍ ഏറ്റവുമധികം ഭയവിഹ്വലരായി കഴിയേണ്ടി വരുന്നു. ബന്ധുക്കളില്‍ നിന്നും കുടുംബ സുഹൃത്തുക്കളില്‍ നിന്നും അപ്രതീക്ഷിതമായി കുട്ടികള്‍ ലൈംഗികാക്രമണത്തിന് വിധേയരാകുമ്പോള്‍ അവരുടെ മാനസികനിലതന്നെ താളംതെറ്റുകയും ജീവിതകാലം മുഴുവന്‍ പേടിപ്പിക്കുന്ന ഓര്‍മകളുമായി കഴിയേണ്ടി വരികയും ചെയ്യുന്ന ദുര്‍വിധിക്ക് അവര്‍ ഇരയായിത്തീരുകയും ചെയ്യുന്നു. ഏറ്റവുമധികം ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമായത് കൊവിഡുകാലത്തെ അടച്ചുപൂട്ടലിനെത്തുടര്‍ന്നായിരുന്നുവെന്ന് കണക്കുകള്‍ പറയുമ്പോള്‍, കുട്ടികള്‍ പിന്നെ ഏത് വാതിലിലാണ് അഭയത്തിനായി മുട്ടേണ്ടത് എന്ന സങ്കടപ്പെടുത്തുന്ന ചോദ്യമാണ് സമൂഹത്തിന്റെ മുന്‍പിലേക്ക് വരുന്നത്. ഓരോ മനുഷ്യസ്‌നേഹിയും ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് രണ്ട് കൊച്ചു പെണ്‍കുട്ടികളെ നഷ്ടപെട്ട വാളയാറിലെ അശരണയായ ഒരമ്മ നാളെ മുതല്‍ കേരളമൊട്ടുക്ക് സഞ്ചരിക്കാന്‍ തുടങ്ങുന്നത്. നീതി നിഷേധിക്കപ്പെട്ട ആ അമ്മയുടെ ആര്‍ത്തനാദങ്ങളും നിശബ്ദനിലവിളികളും ഭരണകൂടത്തെ അശേഷം അലോസരപ്പെടുത്തുന്നില്ല എന്നതും ഭീതിജനകമാണ്. ഇത്തരം കേസുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന കുട്ടികളുടെ സുരക്ഷയില്‍ വലിയ ആശങ്കകളാണ് ഉണ്ടാക്കുന്നത്.
പോക്‌സോ നിയമവും കുട്ടികളെ രക്ഷിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പാലത്തായി ലൈംഗികാക്രമണ കേസില്‍ പോക്‌സോ ചുമത്താതെ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ അധ്യാപകനെ പൊലിസ് സംരക്ഷിച്ച നടപടി. പോക്‌സോ നിലവില്‍ വരുന്നതിനുമുന്‍പ് കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയരാകുന്ന കുറ്റകൃത്യങ്ങള്‍ എങ്ങനെ പരിഗണിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ നിയമവ്യവസ്ഥ ഉണ്ടായിരുന്നില്ല. അതിനാല്‍ അത്തരം കേസുകള്‍ ഏറെയും അറിയപ്പെടാതെപോയി. നിയമം വന്നപ്പോഴോ സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടാനായി പൊലിസിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് പോക്‌സോ ആക്ട് കൊണ്ടുവന്നതെങ്കില്‍ നിയമം നിലവില്‍ വന്നിട്ടും കേസുകള്‍ വര്‍ധിക്കുന്നതില്‍ നിന്ന് രാക്ഷസമനസുള്ള സാക്ഷരരായ മലയാളി സമൂഹം മാറാന്‍ തയാറാകുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. കുട്ടികള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ നടന്നതായി ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിയമബാധ്യതയാണെന്നറിഞ്ഞിട്ടും, റിപ്പോര്‍ട്ട് ചെയ്യാത്തത് കുറ്റകരമാണെന്നറിഞ്ഞിട്ടും പലരും അഭിമാനക്ഷതമോര്‍ത്തും, പ്രതികളില്‍ നിന്നുള്ള ഭീഷണികളില്‍ ഭയപ്പെട്ടും പിന്തിരിയുകയാണ്. ഇതാകട്ടെ കുറ്റവാളികള്‍ക്ക് സഹായകരമായിത്തീരുകയും അവര്‍ തുടര്‍ന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് വളമാവുകയും ചെയ്യുന്നു. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ, ജീവപര്യന്തമോ കൂടെ പിഴ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമം ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പൊലിസും ഭരണകൂടവും തന്നെയാണ്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുക്കുമ്പോള്‍ പാലത്തായിയില്‍ സംഭവിച്ചതുപോലെ പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യംകിട്ടി പുറത്തുവരാന്‍ കഴിയുന്നു.
പലപ്പോഴും ഇരകളായിത്തീരുന്ന കുട്ടികള്‍ ദരിദ്രരാണെങ്കില്‍ അവര്‍ പിന്നെയും മാനസികപീഡനത്തിനിരയാവുന്നു. സമൂഹം അവരെ അവജ്ഞയോടെയാണ് കാണുക. കെയര്‍ ഹോമിലേക്ക് മാറ്റുന്ന കുട്ടികള്‍ മാനസിക വിഭ്രാന്തിക്കടിമകളാകുന്നു. കേസുമായി മുന്‍പോട്ട് പോകാന്‍ ദരിദ്രരായ കുടുംബത്തിന് കഴിയില്ല. ഉപദ്രവിച്ചവര്‍ ധനികരും സ്വാധീനശക്തിയുള്ളവരുമാണെങ്കില്‍ അവര്‍ എളുപ്പത്തില്‍ ജാമ്യം നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.
നിയമവും ശിക്ഷയും എത്രമേല്‍ കടുത്തതായിട്ടും കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാക്രമണങ്ങള്‍ കുറയാതിരിക്കാന്‍ പ്രധാനകാരണങ്ങള്‍ മാറിയ ജീവിതപരിസരങ്ങളാണ്. ഡിജിറ്റല്‍ യുഗത്തിലെ വിവരസാങ്കേതിക വിപ്ലവം സൃഷ്ടിച്ച പുരോഗതിക്കൊപ്പം മനുഷ്യനെ അവന്റെ നന്മയില്‍ നിന്ന് ഊരിയെടുത്തുകൊണ്ടിരിക്കുന്ന സാംസ്‌കാരികാധഃപതനവും സംഭവിക്കുന്നു. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന അകല്‍ച്ചയും തകര്‍ച്ചയും കുട്ടികള്‍ക്ക് വീടകങ്ങളിലും സുരക്ഷ ഇല്ലാതാക്കുകയാണ്. ശാസ്ത്ര സാങ്കേതിക പുരോഗതികള്‍ക്കൊപ്പം മഹത്തായ നമ്മുടെ സാംസ്‌കാരിക മൂല്യവും, ബന്ധങ്ങളിലെ പവിത്രതയും കാത്ത് സൂക്ഷിക്കുന്നതിലൂടെ മാത്രമേ കുട്ടികളെ മറ്റൊരു കണ്ണിലൂടെ കാണുന്നതില്‍ നിന്ന് മനുഷ്യരെ തടയാനാവൂ. അതിലൂടെ മാത്രമേ കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാക്രമണങ്ങള്‍ ഇല്ലാതാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.