2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശേഷിഹത്യ ചെയ്യുന്നതു പാപമാണ്

   

കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന സമ്പ്രദായം പ്രാകൃതയുഗത്തില്‍ സര്‍വസാധാരണമായിരുന്നു. അതാണ് ശിശുഹത്യ. ഉത്തരാധുനികയുഗത്തില്‍ അതിനു പരിഷ്‌കരണം വന്നു. കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍വച്ചു തന്നെ കൊന്നുകളയുന്ന രീതി. അതാണ് ഭ്രൂണഹത്യ.
പ്രാകൃത യുഗത്തില്‍ കുഞ്ഞുങ്ങള്‍ക്കു പുറംലോകം കാണാന്‍ അവസരമുണ്ടായിരുന്നുവെങ്കില്‍ ഇന്നതും നിഷേധിക്കപ്പെട്ടു..! രണ്ടിനു പിന്നിലും സ്വന്തം മാതാപിതാക്കളുടെ കരങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നത് വേദനാജനകമായ സത്യം തന്നെ. ഇനി ഭ്രൂണഹത്യയും ശിശുഹത്യയും ചെയ്യാത്ത മാതാപിതാക്കളെല്ലാം വിശുദ്ധരാണെന്നു ധരിക്കണ്ട. അവരില്‍ ചിലര്‍ മറ്റൊരു ഹത്യ ചെയ്യാറുണ്ട്. അതാണ് ശേഷിഹത്യ.

വയറ്റിനകത്തുള്ള കുഞ്ഞിനെ കൊല്ലലാണ് ഭ്രൂണഹത്യയെങ്കില്‍ കുഞ്ഞിനകത്തുള്ള കഴിവുകളെ കൊല്ലലാണ് ശേഷിഹത്യ. ഉന്നതങ്ങളില്‍ പാറിപ്പറക്കാനുള്ള ചിറകുകളോടെയാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. പക്ഷേ, തന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിന്റെ പേരില്‍ ചില മാതാപിതാക്കള്‍ അവരുടെ ചിറകരിഞ്ഞുകളയുന്നു…! അതേതുടര്‍ന്ന് അവര്‍ ഒന്നുമാവാതെ പാഴ്‌ചേറിലമര്‍ന്നു പോവുകയും ചെയ്യുന്നു.
ശേഷിഹത്യ ചെയ്യപ്പെട്ട കുട്ടികളാണ് കഴിവുകെട്ടവരായി മാറുന്നത്. അല്ലാതെ കഴിവില്ലാത്തവരായി ജനിച്ചതുകൊണ്ടല്ല.
പരീക്ഷയിലെ മാര്‍ക്കു നോക്കി കുട്ടിക്ക് മാര്‍ക്കിടുന്ന സമ്പ്രദായം അടിയന്തരമായി ഇല്ലായ്മ ചെയ്യണമെന്ന് നിരവധി മനഃശാസ്ത്രവിശാരദന്മാര്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍, കുട്ടിക്കു മാര്‍ക്കിടാന്‍ പലരുടെയും കൈയില്‍ പരീക്ഷയിലെ മാര്‍ക്കുലിസ്റ്റല്ലാത്ത മറ്റൊരു ഉപകരണവും ഇല്ലെന്നത് എത്ര ദുഃഖകരമായ സത്യം…!

വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചുതരുന്ന അറിവുകള്‍ മുഴുവന്‍ അകത്തേക്കു തിരുകിക്കയറ്റിയാല്‍ എല്ലാമായി എന്നാരാണു പറഞ്ഞത്…? പാഠപുസ്തകം മനഃപാഠമാക്കുന്നവര്‍ മുഴുവന്‍ വിജയികളാണോ..? അല്ലാത്തവര്‍ക്കൊന്നും സമൂഹത്തില്‍ ഒരു പങ്കും വഹിക്കാനില്ലേ..?
കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കണം. അതിനായി അവര്‍ക്കു പ്രേരണകളും പ്രോത്സാഹനങ്ങളും നല്‍കണം. എന്നാല്‍ കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചു വളരാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നിഷേധിക്കുന്നത് ന്യായീകരിക്കപ്പെടാവതല്ല. നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഉപകരണങ്ങളായി കുട്ടികളെ ഉപയോഗപ്പെടുത്തിയാല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല. കുട്ടികളുടെ അഭിരുചി നശിച്ചൊടുങ്ങാന്‍ അതിടയാവുകയും ചെയ്യും.

മാര്‍ക്കുകളെന്നത് ചില അക്കങ്ങള്‍ മാത്രം. ആ അക്കങ്ങള്‍ പഠിച്ചവര്‍ക്കും പഠിക്കാത്തവര്‍ക്കും നേടിയെടുക്കാന്‍ പറ്റും. വേണമെങ്കില്‍ പണം കൊടുത്തും നേടാം. അധ്യാപകന്റെ കൈപിഴകൊണ്ടും ദയാവായ്പുകൊണ്ടും ലഭിക്കാം. അതുവച്ച് കുട്ടിയെ അളന്നാല്‍ കുട്ടിയെ മനസിലാവില്ല. അങ്ങനെ മനസിലാക്കപ്പെടാതെപോകുന്ന പല കുട്ടികളും സമൂഹത്തിന് വലിയ നഷ്ടമായി തീരാറുണ്ട്.
വാര്‍ഷിക പരീക്ഷയ്ക്കു രണ്ടാഴ്ച കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത രക്ഷാകര്‍തൃയോഗത്തില്‍ പ്രധാന അധ്യാപകന്‍ പറഞ്ഞു:
”പരീക്ഷ വിളിപ്പാടകലെ എത്തിയ കാര്യം നിങ്ങളെല്ലാം അറിഞ്ഞുകാണും. മക്കളുടെ കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ടെന്ന് എനിക്കറിയാം. തന്റെ കുട്ടി പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന വാശിക്കാരാണ് നിങ്ങളെല്ലാവരും. ഒരര്‍ഥത്തില്‍ അതു നല്ലതാണ്. എന്നാല്‍ ഒരു കാര്യം പറയട്ടെ, പരീക്ഷയ്ക്കിരിക്കുന്ന നിങ്ങളുടെ മക്കളില്‍ ഗണിതശാസ്ത്രം അറിഞ്ഞിരിക്കേണ്ടതില്ലാത്ത മികച്ച ചിത്രകാരനുണ്ടാകും. സാമ്പത്തിക ശാസ്ത്രം അറിഞ്ഞിരിക്കേണ്ടതില്ലാത്ത മികച്ച സംഘാടകനുണ്ടാകും. ചരിത്രം അറിഞ്ഞിരിക്കേണ്ടതില്ലാത്ത വ്യവസായി ഉണ്ടാകും. രസതന്ത്രസിദ്ധാന്തങ്ങള്‍ പഠിക്കേണ്ടതില്ലാത്ത ഗായകനുണ്ടാകും. ഊര്‍ജതന്ത്രം അഭ്യസിക്കേണ്ടതില്ലാത്ത കായികപ്രമുഖനുണ്ടാകും. പരീക്ഷയില്‍ ഉന്നത മാര്‍ക്കു വാങ്ങിയിട്ടുണ്ടെങ്കില്‍ ആ മക്കളെ നിങ്ങള്‍ നന്നായി അഭിനന്ദിക്കുക. ഇനി പ്രതീക്ഷിച്ച മാര്‍ക്കു വാങ്ങിയില്ലെങ്കില്‍ ഒരിക്കലും അവരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. ശകാരിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്യരുത്. അവര്‍ക്കു ബൗദ്ധികശേഷി കുറവാണെന്നു വിധിക്കരുത്. പകരം അവര്‍ക്കു ആശ്വാസം പകര്‍ന്നുനല്‍കുക. തോല്‍വിയെ തോല്‍പിക്കാന്‍ പരിശീലിപ്പിക്കുക. പരീക്ഷയില്‍ മാര്‍ക്കു ലഭിച്ചില്ലെന്നത് കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കാനോ അവനെ നിന്ദിക്കാനോ ഉള്ള ന്യായമല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തുഷ്ട ജീവിതം നയിക്കുന്നതും വിജയസോപാനങ്ങളില്‍ വിരാചിക്കുന്നവരും അഭ്യസ്തവിദ്യര്‍ മാത്രമല്ലെന്നു മനസിലാക്കുക.”
സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും വച്ച് സമൂഹത്തില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കഴിവുള്ളവര്‍ക്കു മാത്രമേ സീറ്റുണ്ടാവുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവരെയല്ല, കഴിവുകള്‍ തെളിയിച്ചവരെയാണ് ചരിത്രം അതിന്റെ താളുകളില്‍ ചേര്‍ത്തുവച്ചിട്ടുള്ളത്. മാര്‍ക്കു വാങ്ങിയിട്ടു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിനെക്കാള്‍ മികച്ചതാണ് കഴിവു തെളിയിച്ചിട്ടു വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ്. സ്ഥിരമായി പിന്‍ബഞ്ചിലിരുന്ന് ‘കച്ചറ’ കളിച്ചിരുന്ന പല വിദ്യാര്‍ഥികളും സമൂഹത്തിലിറങ്ങി തങ്ങളുടെ കൂടെയുണ്ടായിരുന്ന ‘പഠിപ്പിസ്റ്റുകളെ’ പിന്നിലാക്കിയതിനു തെളിവുകളനേകമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.