ന്യൂഡൽഹി
ഹരിദ്വാറിലെ ഹിന്ദു ധർമ സൻസദിൽ മുസ് ലിം വംശഹത്യാ ആഹ്വാനം ഉണ്ടായ കേസിൽ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. പ്രതികളെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ഉത്തരാഖണ്ഡ് സർക്കാരിനോട് ചോദിച്ചു. ധർമ സൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് സർക്കാരിനോട് കോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടിസ് പുറപ്പെടുവിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിരാ ജെയ്‌സിങ് എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.
യു.പിയിലെ അലിഗഢിലും അടുത്ത 23 ന് ധർമ സൻസദ് നടക്കാനിരിക്കുകയാണെന്ന് കപിൽ സിബൽ പറഞ്ഞു. വിദ്വേഷ പ്രസംഗം, ആൾക്കൂട്ടക്കൊല തുടങ്ങിയവയിൽ നിയമനടപടി വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി ഉടനെ തീരുമാനമെടുത്തില്ലെങ്കിൽ ഉന, കുരുക്ഷേത്ര, ദസ്ന, അലിഗഢ് എന്നിവിടങ്ങളിൽ ധർമ സൻസദ് നടക്കുമെന്നും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.
10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവിധ ബെഞ്ചുകളിലായി വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസുകളുണ്ട്. ഇവ ഒന്നിച്ച് പരിഗണിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ്, മാധ്യമ പ്രവർത്തകൻ ഖുർബാൻ അലി എന്നിവരുടെ ഹരജിയാണ് കോടതി പരിഗണിച്ചത്.
Comments are closed for this post.