2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കരിപ്പൂർ വിമാനത്താവളം: ലക്ഷ്യം സ്വകാര്യവൽക്കരണം


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു പോലെ കരിപ്പൂർ വിമാനത്താവളവും കോർപറേറ്റുകൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് അണിയറയ്ക്കു പിന്നിൽ തകൃതിയായി നടക്കുന്നത്. വിമാനത്താവള വികസനത്തിനു സംസ്ഥാന സർക്കാർ തയാറാകാത്തതും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നുമുള്ള ആക്ഷേപങ്ങളും ഇതിനകം ഉയർന്നുകഴിഞ്ഞു. ഇതോടെ കരിപ്പൂരിൽ വലിയ തോതിലുള്ള പ്രക്ഷോഭ സമരങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്. 24നു കോഴിക്കോട് വിമാനത്താവള വികസന ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. വലിയ വിമാനങ്ങളുടെ സർവിസ്, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയാണ് പ്രധാന അജൻഡകൾ. വിമാനത്താവളത്തിന്റെ വികസന കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേ പുതിയ നിർദേശങ്ങൾ വന്ന പശ്ചാത്തലത്തിൽ ഉപദേശക സമിതി യോഗത്തിനു വലിയ പ്രാധാന്യമുണ്ട്. ഈ യോഗ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ഭാവിസമരങ്ങൾ നടക്കുക.

സുരക്ഷാ നടപടികളുടെ പേരിൽ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) യുടെ നീളം കൂട്ടാനായി റൺവേയുടെ നിലവിലുള്ള നീളം കുറയ്ക്കുക എന്ന റിപ്പോർട്ട് വന്നതിനെ തുടർന്നാണ് റൺവേയുടെ നീളം കുറയ്ക്കലിനെതിരെ ജനകീയ സമരകാഹളം മുഴങ്ങിയിരിക്കുന്നത്. റൺവേയുടെ നീളം കുറയ്ക്കരുതെന്നും വലിയ വിമാനങ്ങളുടെ സർവിസ് ഉടനെ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തുകയുണ്ടായി. റൺവേയുടെ നിലവിലുള്ള നീളം കുറയ്ക്കണമെന്ന റിപ്പോർട്ട് ഉണ്ടെങ്കിലും നിർദേശം അന്തിമമല്ലെന്നും റൺവേയുടെ നീളം കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവള ഉപദേശക സമിതി ചെയർമാനും കൂടിയായ അബ്ദുസമദ് സമദാനി എം.പിയെ അറിയിച്ചിരുന്നത്. എം.പി ഇതുസംബന്ധിച്ച ആശങ്ക മന്ത്രിയെ ഇ-മെയിലിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലും റൺവേയുടെ നീളം കുറയ്ക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ പുരോഗമിക്കുന്നു എന്നതാണ് വസ്തുത.

റൺവേയുടെ നീളം കുറച്ച് റിസ 240 മീറ്ററായി വർധിപ്പിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശം. ഈ നിർദേശം നടപ്പായാൽ റൺവേയുടെ നീളം 2,860 മീറ്ററിൽനിന്ന് 2,560 ആയി ചുരുങ്ങും. ഇതോടെ വലിയ വിമാനങ്ങളുടെ സർവിസ് ഇല്ലാതാവും. റൺവേയുടെ നീളം കറയ്ക്കുന്നതോടെ നിലവിലെ അനുബന്ധ സംവിധാനങ്ങൾ അപ്പാടെ മാറ്റേണ്ടിവരും. പ്രതികൂല കാലാവസ്ഥയിലും ലാൻഡിങ്ങിനു സഹായകരമാകുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം ( ഐ.എൽ.എസ്) മാറ്റിസ്ഥാപിക്കേണ്ടിവരും. ഇത് സർവിസുകളെ ബാധിക്കും. പണി നീളുന്നതിനനുസരിച്ച് വിമാന സർവിസുകളും അവതാളത്തിലാകും. അതുപോലെ 180 ഡിഗ്രി തിരിവ് പൂർത്തിയാക്കാനുള്ള ടേണിങ് പാഡുകൾ പൊളിച്ച് പുതിയത് പണിയേണ്ടിവരികയും ചെയ്യും. ഇതിനും സമയമെടുക്കും. നിലവിലുള്ള റൺവേയുടെ നീളത്തിനനുസരിച്ചാണ് ലൈറ്റിങ് സംവിധാനം. ഇതും മാറ്റിസ്ഥാപിക്കേണ്ടിവരും. ഇതെല്ലാം പൂർത്തിയാകുന്നതോടെ വലിയ വിമാനങ്ങൾ കരിപ്പൂരിന് അന്യമാകുമെന്നാണ് ആശങ്ക.
കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ റൺവേയെ സംബന്ധിച്ച പരാമർശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും സുരക്ഷയുടെ കാര്യം പറഞ്ഞാണ് റൺവേ നീളം കുറയ്ക്കാനുള്ള ചരടുവലികൾ നടക്കുന്നത്. കേരളത്തിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഏക വിമാനത്താവളമാണ് കരിപ്പൂരിലേത്. ഇവിടേക്ക് വലിയ വിമാനങ്ങൾ വരാതാകുന്നതോടെ അവ തിരുവനന്തപുരത്തെ അദാനിയുടെയോ നെടുമ്പാശേരിയിലെയോ വിമാനത്താവളങ്ങളെ തേടിപ്പോകും. അതോടെ കരിപ്പൂരിന്റെ വികസനം തടയപ്പെടും. കേന്ദ്ര സർക്കാരിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന ഈ വിമാനത്താവളം നഷ്ടത്തിലാണെന്നു പറഞ്ഞ് അദാനിക്കു തന്നെ കൈമാറിക്കൂടായ്കയില്ല.

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂർ വിമാനത്താവളവും ഉണ്ട്. 2023ൽ ഇതിന്റെ നടപടികൾ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതിലേക്കുള്ള വഴി വെട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഓരോ കാരണം പറഞ്ഞും സമിതികൾരൂപീകരിച്ചും വിമാനത്താവള വികസനത്തിന് തുരങ്കം വച്ചുകൊണ്ടിരിക്കുന്നത്.

വലിയ വിമാനങ്ങൾ വരാതിരിക്കാനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും സമര രംഗത്തുള്ളവർ പറയുന്നു. റൺവേ നീളം കുറയ്ക്കൽ തുടങ്ങുമ്പോൾ എമിറേറ്റ്സ് വിമാനങ്ങൾ വരില്ല. പകരം ചെറിയ വിമാനങ്ങളായിരിക്കും. അങ്ങനെ വരുമ്പോൾ ബിസിനസ് ക്ലാസുകളിൽ സഞ്ചരിക്കുന്നവർ അവ തേടിപ്പോകും. കരിപ്പൂരിൽ സാധാരണക്കാരുടെ ചെറിയ വിമാനങ്ങൾ മാത്രമായി ഒതുങ്ങും. അപ്പോൾ നഷ്ടത്തിലാണെന്ന സർക്കാർ മുറവിളി ഉയരും. പരിഹാരമായി വിമാനത്താവളം കൈമാറ്റം ചെയ്യപ്പെടും. സ്വകാര്യവൽക്കരിക്കുമ്പോൾ സാധാരണക്കാരന് കരിപ്പൂർ വിമാനത്താവളം വലിയ ബാധ്യതകളായിരിക്കും യാത്രാ ചെലവിനങ്ങളിൽ വരുത്തിവയ്ക്കുക.
കരിപ്പൂർ വിമാനാപകടം അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിലും ഡി.ജി.സി.എ (ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഏർപ്പെടുത്തിയ മൂന്നംഗ സമിതിയുടെ റിപ്പോർട്ടിലും കരിപ്പൂരിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചൊന്നും പരാമർശമുണ്ടായിരുന്നില്ല. വിമാനത്താവളത്തെ തകർക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നടത്തുന്ന ഗുഢാലോചനയാണ് ഇപ്പോഴത്തെ നടപടികൾക്ക് പിന്നിലുള്ളതെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് അവരിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സമീപനങ്ങൾ. ഇതോടെ കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളുടെ വികസനവും മുരടിക്കും.

അപകടം ഒഴിവാക്കാനെന്നു പറഞ്ഞാണ് റൺവേയുടെ നീളം കുറച്ച് റിസയുടെ നീളം കൂട്ടാനുള്ള ശ്രമം നടക്കുന്നത്. ഈ നിലപാട് ആത്മാർഥമാണെങ്കിൽ റൺവേയുടെ നീളം കുറയ്ക്കാതെ തന്നെ റിസയുടെ നീളം വർധിപ്പിക്കാനാവശ്യമായ ഭൂമി എയർപോർട്ട് അതോറിറ്റിയുടെ കൈവശം ഉണ്ട്. ഏക്കർകണക്കിന് ഭൂമിയാണ് വർഷങ്ങളായി ഉപയോഗിക്കപ്പെടാതെ തരിശായിക്കിടക്കുന്നത്. വിമാനാപകടമുണ്ടായ കിഴക്കേ അറ്റത്താണ് ഈ ഭൂമിയത്രയും ഒഴിഞ്ഞുകിടക്കുന്നത്. റിസയുടെ നീളം വർധിപ്പിക്കുകയാണ് താൽപര്യമെങ്കിൽ ഈ ഭൂമി ഉപയോഗിച്ചുകൂടെ. ഈ ഭൂമി പ്രയോജനപ്പെടുത്തുകയാണെങ്കിൽ ആവശ്യമായ സുരക്ഷാപ്രതലം ഒരുക്കാൻ കഴിയുമെന്ന് വിദഗ്ധരും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. അപ്പോൾ സുരക്ഷയല്ല പ്രധാനം. സുരക്ഷയുടെ പേരുപറഞ്ഞ് വിമാനത്താവളത്തെ ഇല്ലാതാക്കുക എന്നത് തന്നെയാണ് അന്തിമലക്ഷ്യം. നിരന്തരമായുള്ള സമരങ്ങളിലൂടെ നേടിയെടുത്ത കരിപ്പൂർ വിമാനത്താവളം നിലനിർത്തുമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം നിരവധി സംഘടനകളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ പ്രതിജ്ഞയെടുത്ത് പ്രത്യക്ഷ സമരത്തിനറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. വിവിധ രാഷ്ട്രീയപാർട്ടികളും സമരസജ്ജരായി നിലയുറപ്പിക്കുമ്പോൾ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമം നടത്തുന്നവർക്ക് അതു കാണാതിരിക്കാനാവില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.