2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

നിദയ്ക്ക് നീതി വേണം


ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ മലയാളി പെൺകുട്ടി നിദ ഫാത്തിമയുടെ മരണം മനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്നതാണ്. കായികരംഗത്ത് കൊടികുത്തി വാഴുന്ന അഴിമതിയുടെയും അധികാര വടംവലിയുടെയും രക്തസാക്ഷിയാണ് നിഷ്‌കളങ്കയായ ഈ അഞ്ചാം ക്ലാസ് വിദ്യാർഥിനി. തിരുവനന്തപുരം സൈക്കിൾ പോളോ അസോസിയേഷനെ പ്രതിനിധീകരിച്ചാണ് നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്‌കൂൾ വിദ്യാർഥിനി നിദ അടക്കമുള്ള പെൺകുട്ടികൾ നാഗ്പൂരിൽ എത്തിയത്. കേരളത്തിലെ രണ്ട് സൈക്കിൾ പോളോ ക്ലബുകളിൽ ഒന്നായ തിരുവനന്തപുരം പോളോ അസോസിയേഷൻ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ നിദയുടെ സംഘത്തിന് ഭക്ഷണവും താമസസ്ഥലവും നിഷേധിക്കുകയുണ്ടായി. ന്യായീകരണമായി ഫെഡറേഷൻ സെക്രട്ടറി ധാർഷ്ട്യത്തോടെ പറഞ്ഞത് മത്സരിപ്പിക്കാൻ മാത്രമാണ് കോടതി വിധിയുള്ളതെന്നും ഭക്ഷണവും താമസസൗകര്യവും നൽകണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നുമായിരുന്നു.

പഴകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ നിദ ബുധനാഴ്ച രാത്രി പലവട്ടം ഛർദ്ദിച്ചിരുന്നു. പുറത്തുനിന്ന് വരുത്തിയ ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ നിദ ഛർദ്ദിച്ചവശയായപ്പോൾ താമസ സ്ഥലത്തിന് 100 മീറ്റർ അകലം മാത്രമുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്തിവയ്പ്പിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. അലർജി കാരണമാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുത്തിവയ്പ് നടത്തുന്നതിന് മുമ്പ് അലർജി ടെസ്റ്റ് ഡോസ് രോഗിക്ക് നൽകുക എന്നത് പ്രാഥമിക നടപടിയാണെന്നിരിക്കെ അത്തരം ടെസ്റ്റ് ഡോസ് നൽകാതെ നേരിട്ട് കുത്തിവയ്പ് നടത്തിയ ശ്രീകൃഷ്ണ ആശുപത്രി അധികൃതരും പത്തുവയസുകാരിയുടെ മരണത്തിന് കാരണക്കാരാണ്. മരണകാരണം ചികിത്സാപ്പിഴവാണെന്ന് കോച്ച് ജിതിനും ആരോപിച്ചിട്ടുണ്ട്.

തിരുവനന്തപുരം കേരള സൈക്കിൾ പോളോ അസോസിയേഷനും എറണാകുളം സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയും തമ്മിൽ പോരടിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല. ഇരു വിഭാഗവും നടത്തിക്കൊണ്ടിരിക്കുന്ന തർക്കങ്ങൾക്കിടയിലാണു ഹൈക്കോടതി തിരുവനന്തപുരത്തെ സൈക്കിൾ പോളോ അസോസിയേഷന് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഇവർക്ക് കേരളാ സ്‌പോർട്‌സ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും അംഗീകാരവും ഉണ്ട്. എന്നാൽ ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ അംഗീകാരം ഇല്ലതാനും. ഫെഡറേഷന്റെ അംഗീകാരമില്ല എന്നതിന്റെ പേരിൽ അവരുടെ ക്രൂരമായ അവഗണനയും സഹിക്കേണ്ടിവന്നിരുന്നു നിദ അടക്കമുള്ള താരങ്ങൾക്ക്. എറണാകുളത്തെ സൈക്കിൾ പോളോ അസോസിയേഷന് സ്‌പോർട്‌സ് കൗൺസിലിന്റെയും സർക്കാരിൻ്റെയും അംഗീകാരമില്ല. ഫെഡറേഷന്റെ അംഗീകാരമുണ്ട് താനും.

   

സ്‌പോർട്‌സ് കൗൺസിൽ അംഗീകാരത്തോടെ സംസ്ഥാന ചാപ്യൻഷിപ്പ് നടത്തി ടീമിനെ തെരഞ്ഞെടുത്ത് ദേശീയ മത്സരങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത് തങ്ങളാണെന്നും അതിനാൽ ദേശീയതലത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യാനുള്ള അവകാശമുണ്ടെന്നുമാണ് തിരുവനന്തപുരം അസോസിയേഷന്റെ വാദം. അത് ന്യായമാണ്. എന്നാൽ ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ അംഗീകാരമുള്ളവരെ മാത്രമേ സ്‌പോർട്‌സ് കൗൺസിൽ അംഗീകരിക്കാവൂ എന്നുവരുമ്പോൾ എങ്ങനെയാണ് തിരുവനന്തപുരം അസോസിയേഷന് സ്‌പോർട്‌സ് കൗൺസിൽ അംഗീകാരം കിട്ടുന്നതെന്ന മുട്ടാപ്പോക്കാണ് ഫെഡറേഷൻ ഉയർത്തുന്നത്.

തിരുവനന്തപുരത്തോടുള്ള ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ പകപോക്കലിന് പിന്നിൽ പഴയ പകയുടെ കഥയുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ മോശം അമ്പയറിങ്ങിലൂടെ കേരള ടീമിനെ തോൽപിച്ചതിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ പ്രതിഷേധമുയർത്തിയിരുന്നു. അത് ഫെഡറേഷന് ദഹിച്ചില്ല. പ്രതികാരമെന്നോണം ഫെഡറേഷൻ തിരുവനന്തപുരത്തെ കേരള അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയും എറണാകുളത്തെ സംഘടനയ്ക്ക് അംഗീകാരം നൽകുകയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ പകപോക്കൽ തുടരുകയാണ് ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ. പക്ഷേ, തീരാത്ത പകയുടെ ഇരയായത് മികച്ച സൈക്കിൾ പോളോ താരം ഫാത്തിമ നിദയാണ്. സർക്കാർ അനുമതിയോടെ, സ്‌പോർട്‌സ് കൗൺസിലിന്റെ യാത്രാ ബത്തയോടെ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ തിരുവനന്തപുരത്തെ ടീമിനോട് ദേശീയ ഫെഡറേഷൻ കാണിച്ച അവഗണനയ്ക്കും ഒരു കുഞ്ഞുതാരത്തിന്റെ മരണത്തിനും ഇടയാക്കിയ ധിക്കാരത്തിനുമെതിരേ സംസ്ഥാന സർക്കാരും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും കർശന നിയമനടപടി കൈക്കൊള്ളണം.

കായികമേഖലയുടെ കുത്തഴിഞ്ഞ ഭരണത്തിന്റെയും അരങ്ങുതകർക്കുന്ന തൊഴുത്തിൽ കുത്തിൻ്റെയും അഴിമതിയുടെയും തെളിവാണ് നിദാ ഫാത്തിമയുടെ മരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അസോസിയേഷനുകളുടെയും സംഘാടകരുടെയും അധികാരത്തിന് വേണ്ടിയുള്ള കിടമത്സരങ്ങൾക്കിടയിൽ പ്രതിഭയുള്ള താരങ്ങളാണ് ഇല്ലാതാകുന്നത്. സ്‌പോർട്‌സ് മേഖലകൾ ചക്കരക്കുടങ്ങളായതിനാലാണ് രാഷ്ട്രീയനേതാക്കളും മക്കളും ഇത്തരം സംഘടനകളുടെ തലപ്പത്ത് വരാൻ മത്സരിക്കുന്നത്. ഓരോ ഇനത്തിനും രണ്ടും മൂന്നും അസോസിയേഷനുകൾ ഉണ്ടാകുന്നത് ചക്കരക്കുടത്തിൽ കൈയിട്ട് വാരാനാണ്. ഒളിംപ്ക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്തർദേശീയ മത്സരങ്ങളും ദേശീയ കായികമത്സരങ്ങളും സർവകലാശാല, സ്‌കൂൾ തലത്തിലുള്ള ഗെയിംസ് മത്സരങ്ങളും അവസാനിക്കുമ്പോൾ പതിവായി ഉയർന്നുവരാറുള്ളതാണ് അസോസിയേഷനുകളുടെ കെടുകാര്യസ്ഥതയും അധികാര ദുർവിനിയോഗവും അഴിമതിയാരോപണങ്ങളും. കോടികൾ മറിയുന്ന ഇത്തരം മാമാങ്കങ്ങളെക്കുറിച്ച് വിശദമായ കണക്കെടുപ്പിന് ഭരണകൂടങ്ങൾ തയാറാവുന്നില്ല. 2000 ൽ കേരളത്തിൽ സ്‌പോർട്‌സ് ആക്ട് നിലവിൽ വന്നത് കായികസംഘടനകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനായിരുന്നു. എന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ? കായികമേഖലയുടെ വികസനത്തിനു വേണ്ടി സർക്കാരുകൾ ഒഴുക്കുന്ന കോടികൾ കളിക്കളങ്ങളിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.സ്‌പോർട്‌സ് കൗൺസിലുകളുടെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ അധികാര മോഹികൾ നടത്തുന്ന മത്സരത്തിനിടയിൽ ബലിയാടാകുന്നതാകട്ടെ നിദ ഫാത്തിമയെപ്പോലുള്ള നിഷ്‌കളങ്ക കുട്ടികളും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.