2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

സംസ്ഥാനം കടത്തിന്റെ ആഴിയിലേക്ക്


കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും കൊവിഡും പ്രകൃതി ദുരന്തങ്ങളുമാണ് സംസ്ഥാനത്തിന്റെ കടം വർധിക്കാൻ കാരണമായതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വെളിപ്പെടുത്തിയത് യുക്തിസഹമല്ല. കൊവിഡ് കാലത്ത് കുറെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു എന്നതല്ലാതെ ജോലി നഷ്ടപ്പെട്ടവർക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സാമ്പത്തിക സഹായവും കിട്ടിയിരുന്നില്ല. കൊവിഡിൽ സമാശ്വാസം പകരാൻ കേന്ദ്രം നൽകിയ തുക എങ്ങനെ ചെലവാക്കി എന്നതിന്റെ കണക്ക് കേന്ദ്രത്തിന് നൽകിയിട്ടില്ല എന്ന ആക്ഷേപവും ഉയർന്നതാണ്. രണ്ട് പ്രാവശ്യം ഉണ്ടായ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽ പലരും ഇപ്പോഴും താൽക്കാലിക ഷെഡുകളിലാണ് കഴിയുന്നത്. അപ്പോൾ ഈ ഇനങ്ങളിൽ പണം ചെലവാക്കിയതിനെത്തുടർന്നാണ് സംസ്ഥാനം കടത്തിൽ മുങ്ങിയതെന്ന മന്ത്രിയുടെ വിശദീകരണം വസ്തുതകളുമായി ചേർന്നുപോകുന്നതല്ല.

അക്കൗണ്ട് ജനറലിന്റെ കണക്ക് പ്രകാരം 2022 മാർച്ച് 31 വരെ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടി രൂപയാണ്. 2010-11 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2015-16 ആയപ്പോൾ ബാധ്യത ഇരട്ടിയായെന്നാണ് കണക്കിലുള്ളത്. അതായത് 2010 -11 സാമ്പത്തിക വർഷത്തിൽ ഉണ്ടായിരുന്ന 1,66,145.5 കോടി രൂപയുടെ ബാധ്യത കൊവിഡും പ്രകൃതി ദുരന്തവും ഉണ്ടായപ്പോൾ ഇരട്ടിയായിയെന്നാണല്ലോ മന്ത്രിയുടെ വിശദീകരണത്തിൽനിന്ന് മനസിലാക്കേണ്ട്. എന്നാൽ പ്രളയ ഇരകൾക്കോ കൊവിഡ് കാലത്തെ ഇരകൾക്ക് കിറ്റിനപ്പുറമുള്ള സഹായങ്ങളോ ലഭിക്കാത്ത സാഹചര്യത്തിൽ അതിന്റെ പേരിലാണ് കടബാധ്യത 3,32,291 കോടിയിലേക്ക് കുതിച്ചുയർന്നത് എന്ന മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല.

കേരളത്തിലെ ജനസംഖ്യ മൂന്നര കോടിയോളമാണ്. പൊതു കടമാകട്ടെ മൂന്നര ലക്ഷം കോടിയോടടുക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിലെ ഓരോ വ്യക്തിയും 90,000 രൂപയുടെ കട ബാധ്യതയിലാണുള്ളത്. സംസ്ഥാനം ഇത്തരമൊരു കടത്തിൽ മൂക്കറ്റം മുങ്ങിക്കിടക്കുമ്പോഴാണ് കെ റെയിലിനുവേണ്ടി ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് സർക്കാർ തയാറെടുത്തുകൊണ്ടിരിക്കുന്നത്. കെ റെയിൽ സർവേക്കെതിരേ സംസ്ഥാനമൊട്ടാകെയുള്ള പ്രതിഷേധത്തിന്റെ ബാക്കിപത്രമെന്നോണം തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലേറ്റ പ്രഹരം സർക്കാരിനെ അൽപം പുറകോട്ടടിപ്പിച്ചിട്ടുണ്ടെങ്കിലും പദ്ധതിയിൽനിന്ന് പിന്മാറിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ പദ്ധതിയുമായി മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാലിനു വേണ്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുത്തരമായി കെ രാധാകൃഷ്ണനും സമാനമായ മറുപടിയാണ് നൽകിയത്. നടപ്പാകുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കെ റെയിൽ കൺസൾട്ടൻസിക്ക് കഴിഞ്ഞ മെയ് വരെ 48.23 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവിട്ടത്. അതിൽ 20.83 കോടി രൂപയും കൺസൾട്ടൻസി ഫീസായാണ് നൽകിയത്. പദ്ധതിക്കു വേണ്ടിയുള്ള ഭൂമിയേറ്റടുക്കാൻ ജില്ലകൾ തോറുമുള്ള ഓഫിസ് പ്രവർത്തനത്തിനായി 20.5 കോടി രൂപയും ചെലവാക്കി. കെ റെയിലിന് അനുമതി കിട്ടാതെ, കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഈ ദുർവ്യയങ്ങൾ.

കടമെടുപ്പിനു സംസ്ഥാന സർക്കാർ തയാറെടുത്തത് 55,000 കോടി രൂപക്ക് വേണ്ടിയായിരുന്നു. പദ്ധതി തുടങ്ങുകയാണെങ്കിൽ ഒരു ലക്ഷം കോടി പിന്നിടുമെന്ന് പുറത്തുവന്ന കണക്കുകളാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ കടത്തിൽ മുക്കുന്ന കെ റെയിലിന് വേണ്ടി ലക്ഷം കോടി കടമെടുപ്പിന് സർക്കാർ വട്ടം കൂട്ടുന്നത്.

‘എങ്ങോട്ടാണ് ഇത്ര വേഗത്തിൽ’ എന്ന് കെ റെയിലിനെ വിമർശിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയ കവിതയെ ആക്ഷേപിച്ച് സി.പി.എം യുവജന സംഘടനയുടെ സമുന്നതനായ നേതാവ് ഒരു പൊതുപരിപാടിയിൽ നൽകിയ ഉത്തരം ‘നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തിന്’ എന്നായിരുന്നു. സംസ്ഥാനത്തെ കടത്തിന്റെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാലും വേണ്ടില്ല, കെ റെയിലിന് വേണ്ടി ഇവരെല്ലാം അത്രമേൽ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് യുവ നേതാവിന്റെ ഈ പ്രതികരണം സമൂഹത്തിന് നൽകുന്ന സന്ദേശം. ഈ ഐക്യപ്പെടലാകട്ടെ ദുരൂഹമാണുതാനും.
33,700 കോടി രൂപ കടമെടുക്കാനായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരുന്നത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കടപത്രമിറക്കി 20,000 കോടിയിലേറെ വായ്പയെടുക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ നീതി ആയോഗ് കണക്ക് പ്രകാരം കെ റെയിൽ ചെലവ് ഒന്നേകാൽ ലക്ഷം കോടി കവിയുമെന്നായിരുന്നു. അങ്ങനെ വരുമ്പോൾ ഒരു ലക്ഷം കോടിയിലേറെ കടമെടുക്കാതെ പദ്ധതി സാധ്യമാവില്ല. അതോടെ സംസ്ഥാനത്തെ ഓരോ പൗരനും 90,000 രൂപയിൽ നിന്ന് 1,20,000 രൂപയുടെ കടക്കാരനായി മാറും. പദ്ധതി ലാഭകരമാണെന്ന് വരുത്തി തീർക്കാൻ ഡി.പി.ആർ കണക്കിൽ കള്ളത്തരങ്ങൾ വരുത്തിയതും വിമർശനമുയർത്തിയിരുന്നു.

കെ റെയിൽ സർക്കാർ അവകാശപ്പെടുന്നത് പോലെ ലാഭകരമാകുന്നില്ലെങ്കിൽ കടമെടുപ്പിന് വലിയ പലിശ നൽകേണ്ടിവരും. അതിന്റെ പാപഭാരവും അധിക നികുതി രൂപത്തിൽ സാധാരണക്കാരൻ ചുമക്കേണ്ടിവരും. പഞ്ചാബിനും രാജസ്ഥാനും ബംഗാളിനും തൊട്ടുപിന്നിൽ രാജ്യത്ത് ഏറ്റവു കൂടുതൽ കടംവാങ്ങിക്കൂട്ടിയ സംസ്ഥാനമാണ് കേരളം. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 38.3 ശതമാനത്തിലധികമായിരിക്കുകയാണ് കേരളത്തിന്റെ കടം. കടത്തിന്റെ തിരിച്ചടിവിന് മാത്രം ഈ വർഷം 56,000 കോടി വേണം. അനിയന്ത്രിതമായ കടമെടുപ്പിനെതിരേ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാനത്തിന് 32,425 കോടി രൂപയുടെ വായ്പാ പരിധിയേ ഉള്ളൂ. കേരളം ഈ പരിധി മറികടക്കുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും വാങ്ങുന്ന കടങ്ങൾക്ക് ഗ്യാരണ്ടി നിൽക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇത് സർക്കാരിന്റെ കടങ്ങളല്ല എന്ന് പറഞ്ഞൊഴിയാൻ കഴിയില്ല. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും വാങ്ങിയ കടത്തിന്റെ തിരിച്ചടവ് മുടക്കിയാൽ ആ ബാധ്യതയിൽ നിന്നു സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാവില്ല.

സംസ്ഥാനത്തെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി ഉപയോഗിക്കേണ്ട പണം സംസ്ഥാന സർക്കാർ വകമാറ്റി ചെലവാക്കുന്നുണ്ട്. കടമെടുക്കുന്ന കോടികളിൽ വലിയൊരു ശതമാനം പിൻവാതിലുകളിലൂടെ മറയുന്നു. പശുത്തൊഴുത്തിനും ആഡംബര കാറുകൾക്കു ലക്ഷങ്ങൾ പൊടിക്കുന്നു. തോറ്റ എം.പിക്ക് കോടി രൂപ ശമ്പളം നൽകാൻ യാതൊരു പ്രയാസവുമില്ല. ഒരു ഉപകാരവുമില്ലാത്ത ഭരണപരിഷ്‌ക്കാര സമിതിക്ക് കോടികൾ ചെലവാക്കാം. പലവിധ മേളകൾക്കും പ്രവാസികളുടെ മേൽവിലാസത്തിൽ നടത്തപ്പെടുന്ന പൊങ്ങച്ച സമ്മേളനങ്ങൾക്കും ലക്ഷങ്ങൾ ധൂർത്തടിക്കുന്നു. ഇതിനൊന്നും യാതൊരു നിയന്ത്രണവും ഇല്ലാതിരിക്കുമ്പോൾ എങ്ങനെ സംസ്ഥാനം കടത്തിന്റെ ആഴിയിലേക്ക് താഴാതെയിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.