ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു കിട്ടാനുണ്ടായിരുന്നു ജി.എസ്.ടി കുടിശ്ശിക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു വലിയ ആശ്വാസമാണിത്. കേരളത്തിനു മാത്രം 4,122.27 കോടി രൂപയാണ് ലഭിക്കുക.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 75,000 കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണിത്.നേരത്തെ ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്കു കിട്ടാനുള്ള തുക വായ്പയെടുത്തു നല്‍കാമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ ചില സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തെ സെക്യൂരിറ്റിയിലും രണ്ടു വര്‍ഷത്തെ സെക്യൂരിറ്റിയിലുമായി രണ്ടു തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം ഇതു വിതരണം ചെയ്യുന്നത്. കേരളത്തിന് 4,524 രൂപയാണ് ജി.എസ്.ടി കുടിശിക ഇനത്തില്‍ ആകെ കിട്ടാനുള്ളത്. കേന്ദ്ര നയം അനുസരിച്ച് ഇതില്‍ അഞ്ചു വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 3,765.01 കോടി, രണ്ടു വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 357.26 കോടി എന്നിങ്ങനെയാണ് കേരളത്തിന് നിലവില്‍ ലഭിക്കുക.
ഇന്നലെ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു, ജി.എസ്.ടി കുടിശിക വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കേന്ദ്രതീരുമാനം പുറത്തുവന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.