2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മറവിയുടെ ചില കഥകൾ കൂടി

ഇതൊരു കഥയാണ്. പക്ഷെ പഴങ്കഥയല്ല. കേവലം നാല് മാസങ്ങൾക്ക് മുമ്പ്, തായ്‌ലൻഡിൽ നടന്ന സംഭവകഥ.
ഒരു പയ്യൻ ബൈക്കിൽ അതിവേഗത്തിൽ പറക്കുകയാണ്. ഇങ്ങനെ പറന്നു പറന്നു പോവലാണല്ലോ നമ്മുടെ നാട്ടിലും ചിലരുടെ പാഷൻ!! എന്നിട്ട് അവയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ കഥാനായകനായ അടിപൊളി പയ്യൻ ബൈക്കിൽ കുതിച്ചത് ഒരു രാത്രിയിലാണ്. വന്നുപെട്ടതോ? പൊലിസുകാരന്റെ മുന്നിലും!!

വണ്ടി തടഞ്ഞ പൊലിസുകാരൻ ഓവർസ്പീഡിന് പിഴചുമത്താനൊരുങ്ങി. പിഴക്കടലാസ് തയാറാക്കാൻ തുടങ്ങിയതേയുള്ളൂ. അതിനു മുമ്പുതന്നെ പയ്യൻ അതിഭയങ്കരമായി കരയാൻ തുടങ്ങി!! അതിതീവ്രമായ സങ്കടത്തോടെ, ഏങ്ങിയേങ്ങി അത്യുച്ചത്തിലാണ് കരച്ചിൽ. പൊലിസുകാരന് തോന്നി;”ഇത് കേവലം ഫൈനടിച്ചത്‌കൊണ്ട് മാത്രമുള്ള കരച്ചിലല്ലല്ലോ! അതിലും കൂടിയ എന്തോ പ്രശ്‌നം ഇതിന് പിറകിലുണ്ടാവണം”. അയാൾ പയ്യനോട് സൗമ്യമായി കാര്യം അന്വേഷിച്ചു. ആദ്യമാദ്യം, മിണ്ടാൻ പോലും പറ്റാതെ ഏങ്ങലടിച്ച് കരച്ചിൽ തന്നെ! ഏറെനേരം സ്‌നേഹപൂർവം നിർബന്ധിച്ചതിന് ശേഷമാണ് പയ്യൻ മനസ് തുറക്കാൻ തയ്യാറായത്. അവൻ പറഞ്ഞതിങ്ങനെ; ”ഇന്ന് എന്റെ ബർത്‌ഡേ ആയിരുന്നു” ”അതിന്?” ”പക്ഷെ വീട്ടിൽ ആരും അക്കാര്യം മൈൻഡ് ചെയ്തില്ല. വിശേഷമായി ഒന്നും ഒരുക്കിയില്ല. കേക്ക് മുറിച്ചില്ല! ഏറെ കാത്തിരുന്നിട്ടും ആരും ഹാപ്പി ബർത്‌ഡേ ഗ്രീറ്റിങ്സ് പോലും പറഞ്ഞില്ല!” ആ സങ്കടം സഹിക്കാനാവാതെ അവൻ പുറത്തിറങ്ങിയതാണ്. ചേട്ടന്റെ ബൈക്കുമെടുത്തായിരുന്നു കറക്കം!
ഹൃദയവേദന ശമിപ്പിക്കാനുള്ള ആ കറക്കമാണ് ഓവർസ്പീഡിലായത്! അടിയന്തിരമായി താൻ ചെയ്യേണ്ടത്, ഓവർസ്പീഡിന് ഫൈനടിക്കലല്ല എന്ന് ആർദ്രഹൃദയനായ ആ പൊലിസുകാരന് തോന്നി. ”അവന്റെ സങ്കടത്തിന് പരിഹാരം കാണുകയാണ് തന്റെ ആദ്യത്തെ കടമ”. തേങ്ങിക്കരഞ്ഞുകൊണ്ട് സങ്കടം പങ്കുവെച്ച പയ്യനെ അയാൾ നേരെ അടുത്ത കടയിലേക്ക് കൊണ്ടുപോയി കേക്ക് വാങ്ങി സമ്മാനിച്ചു! തന്നെയല്ല, ഏതാനും മെഴുകുതിരികളും കത്തിച്ചുവെച്ചു! ഹാർദ്ദമായ ജന്മദിനാശംസകൾ നേർന്നു.
ആഹ്ലാദത്തോടെ കേക്ക് കഴിക്കുന്ന പയ്യന്റെയും അടുത്തുനിൽക്കുന്ന പൊലിസുകാരന്റെയും വീഡിയോ ഫേസ്ബുക്കിൽ വൈറലായി. സോഷ്യൽമീഡിയയുടെ മറ്റു പ്ലാറ്റ്‌ഫോമുകളിലും ആ ജന്മദിനാഘോഷം ചർച്ചാവിഷയമായി! സത്യത്തിൽ അവന്റെ കുടുംബം ജന്മദിനം മറന്നുപോയതാണത്രെ!! ബർത്‌ഡേ ആഘോഷങ്ങൾക്കൊന്നും കാര്യമായ താൽപ്പര്യം കാണിക്കാതിരുന്ന പഴയ തലമുറക്കാർ അത് മറന്നുപോയതിൽ അങ്ങനെ വലിയ അതിശയമില്ല.

പക്ഷെ പുതിയ കാലത്ത് ഇത്തരം മറവികൾ കൊടുങ്കാറ്റുയർത്തുന്ന പ്രശ്‌നങ്ങൾ തന്നെയാണ്! ഏതു നിസ്സാരകാര്യത്തിനും വിങ്ങിപ്പൊട്ടാൻ തയ്യാറായി നിൽക്കുന്ന ലോലഹൃദയർക്ക് അതൊക്കെ വലിയ കാര്യങ്ങളായിത്തന്നെയാണ് തോന്നുക. ജന്മദിനം, വിവാഹവാർഷികം എന്നിവയൊക്കെ മറന്നുപോകുന്നത് കുടുംബങ്ങളിൽ ചിലപ്പോൾ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കാം. കൂട്ടുകാർക്കിടയിലും കാമുകീകാമുകന്മാർക്കിടയിലും വലിയ ഭൂകമ്പങ്ങൾക്കും ഇടിമുഴക്കങ്ങൾക്കും ഇതുമതി. വാർഷികത്തിന് സ്‌നേഹോപഹാരം കിട്ടാതിരുന്ന യുവഭാര്യ കിണറ്റിൽച്ചാടിയ വാർത്ത ഓർക്കുക! സ്‌നേഹരാഹിത്യത്തിന്റെയും അവഗണനയുടെയും അടയാളങ്ങളായാണ് ഈ മറവി കണക്കാക്കപ്പെടുന്നത്. ഹാപ്പി ബർത്‌ഡെ പറയുമെന്നോർത്ത്, മധുരം സമ്മാനിക്കുമെന്നോർത്ത് മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും അരികിലൂടെ പ്രതീക്ഷയോടെ അവൻ നടന്നിട്ടുണ്ടാവണം. നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും സൂചനകളിലൂടെ, മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ടുണ്ടാവണം. പക്ഷെ ആർക്കും മനസ്സിലായിക്കാണില്ല. അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു കാണണം!

ഓ, ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കാം. ശരിയാണ്. നമ്മിൽ ചിലർക്ക് വലിയതേയല്ല. ചെറുതുപോലുമല്ല ഇവയൊന്നും. പക്ഷെ പുതിയ കാലത്തെ കുഞ്ഞുമനസ്സുകൾക്കും മീഡിയകളാൽ സ്വാധീനിക്കപ്പെട്ട യുവമനസ്സുകൾക്കും അങ്ങനെയല്ല.

ഇനി, ആ പൊലിസുകാരന്റെ ഔചിത്യപൂർണമായ പ്രവൃത്തിയോ? ഇംഗ്ലീഷിൽ എംപതി എന്നൊരു വാക്കുണ്ട്. സഹാനുഭൂതി എന്നാണ് മലയാളത്തിൽ അർത്ഥം പറയുക. എങ്കിലും എംപതിയുടെ ആശയം ആ മലയാളവാക്കുകൊണ്ട് ശരിക്കും വ്യക്തമാവുമോ എന്ന് സംശയമാണ്. മറ്റൊരുവന്റെ മാനസികഭാവത്തോട് ഏറ്റവും ചേർന്നുനിൽക്കാൻ കഴിയുന്ന അവസ്ഥയാണത്. അന്യന്റെ വികാരങ്ങളെ പൂർണമായും മനസ്സിലാക്കുകയും തദനുസൃതമായി ഔചിത്യപൂർവ്വം പ്രവർത്തിക്കുകയും ചെയ്യുക. അതുവഴി സഹജീവിയ്ക്ക് സാന്ത്വനം പകരുക. സമാധാനവും സന്തോഷവും പകരുക. മനുഷ്യൻ, മാനവികതയുടെ പരകോടിയിലേക്ക് ഉയരുന്നത് അത്തരം സന്ദർഭങ്ങളിലാണ്. എന്നാൽ അത്തരം സിദ്ധികൾ വളർത്തിയെടുക്കാൻ സാധ്യമാണോ?. ജന്മസിദ്ധമായി രൂപപ്പെടേണ്ടുന്ന മഹത്തായ സ്വഭാവവിശേഷമല്ലേ?. ആയിരിക്കാം. എന്നാലും നല്ല അനുഭവങ്ങളെക്കുറിച്ച് അറിയുന്നതും പങ്കുവെക്കുന്നതും നമ്മുടെ ഹൃദയങ്ങളെ കുറേയൊക്കെ വിമലീകരിക്കും. നന്മയിൽ നിന്നാണല്ലോ നന്മയുടെ സ്പന്ദനങ്ങൾ പ്രസരിക്കുക. ”കൈകൾ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് മറ്റൊരു മനുഷ്യനെ പുണരേണ്ടത്” എന്ന ചൊല്ല് പ്രസിദ്ധം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.