2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിജീവിക്കണം വർഗീയതയെ

പ്രതിസന്ധി ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാത്ത ജനതയാണ് മലയളി സമൂഹം. അതിന് പ്രധാന പ്രചോദകം അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഐക്യപ്പെടലിന്റെ സന്ദേശം മറ്റുള്ളവർക്ക് പകർന്നുനൽകി മാതൃകകാണിച്ച പാരമ്പര്യത്തിനുടമകളും കൂടിയാണ് കേരളീയരെന്നതാണ്. എന്നാൽ ഈ ഐക്യബലത്തെ തകർത്തുകൊണ്ട് കേരളത്തെ ഒരു അശാന്തതയുടെ തുരുത്താക്കി മാറ്റാനുള്ള കൊണ്ടുപിടിച്ചശ്രമങ്ങൾ പല രൂപത്തിലും ഭാവത്തിലും ഇവിടേക്ക് ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് വർഗീയതയുടെയും അപരവിദ്വേഷത്തിൻ്റെയും റിഹേഴ്‌സൽ ക്യാംപാക്കി കേരളത്തെ മാറ്റിത്തീർക്കാനുള്ള ചില സംഘങ്ങളുടെ ബോധപൂർവമായ ശ്രമങ്ങൾ. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ കുത്സിത പ്രവർത്തനത്തിന് ആക്കം കൂട്ടാൻ ചില പ്രചാരണമീഡിയകളും വിദ്വേഷപ്രചാരകരായി രംഗത്തുണ്ട്. അതിനെക്കൂടി ചെറുത്തുതോൽപ്പിച്ച് കൊണ്ടേ ഇനിമുതൽ മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവാണ് മലയാളി സമൂഹം ആർജിക്കേണ്ടത്.

ഇന്ത്യയൊട്ടുക്കും സവർണ, ഹിന്ദുത്വ ഫാസിസ്റ്റ് മനോഭാവമുള്ള സംഘങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നതെങ്കിൽ ഇവിടെ ചിത്രത്തിന് തുലോം മാറ്റമുണ്ട്. രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലും (മുസ്‌ലിം, ക്രിസ്ത്യൻ) വർഗീയതപ്രചരിപ്പിച്ച് ചെറിയൊരു ന്യൂനപക്ഷം അണികളെ അക്രമോത്സുകരാക്കി നിർത്തുന്നതിൽ ഏർപ്പെടുന്നുമുണ്ട്. പാലായിൽ നിന്നൊരച്ഛൻ തൊടുത്തുവിട്ട ജിഹാദ് ബോംബും ആലപ്പുഴയിൽ അരങ്ങേറിയ അരുംകൊലകളും അത് അടിവരയിടുന്നുണ്ട്. അതുപോലെ അപകടകരമായ ഒരു പ്രസ്താവന ആലപ്പുഴയിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ട സമയത്തും പുറത്തുവരികയുണ്ടായി. ‘തങ്ങളുടെ പ്രധാന പ്രവർത്തകൻ അതിദാരുണമായി വധിക്കപ്പെട്ടതിൽ ദുഃഖിക്കുന്നതിലേറെ ആ രക്തസാക്ഷിത്വം സ്വർഗലോകത്ത് സ്ഥാനമുറപ്പിക്കലാണെന്നും അതു തന്നെയാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്നു’മുള്ള തരത്തിൽ ഒരു സന്ദർഭോചിതമല്ലാത്ത അപക്വ പ്രസ്താവമായിരുന്നു അത്. അതിൽ യുവാക്കളെ മരണത്തിന്റെ മുമ്പിലേക്ക് എടുത്തുചാടിക്കാനും കൊലയ്ക്ക്‌ കൊല എന്ന സംഘട്ടന രാഷ്ട്രീയ കാഴ്ചപ്പാടിന് പ്രോത്സാഹനമേകാനും അതിടയാക്കും എന്നൊരു വശം നിലനിൽക്കുന്നു എന്നത് കാണാതെ പോകരുത്.

കേരളത്തിൽ പ്രവർത്തിക്കുന്ന വലുതും ചെറുതുമായ എല്ലാ വർഗീയ ചിന്താഗതിക്കാർക്കും ഏറ്റവും വലിയ തടസമായി അല്ലെങ്കിൽ പ്രതിരോധമായി ഇപ്പോഴും ഉയർന്നുനിൽക്കുന്നത് ഇവിടത്തെ ഭൂരിപക്ഷം ജനവിഭാഗങ്ങൾക്കിടയിൽ നിലകൊള്ളുന്ന മതേതര കാഴ്ചപ്പാടുകൾ തന്നെയാണ്. ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് അതിനെ അത്ര എളുപ്പത്തിലൊന്നും തകർക്കാനുമാവില്ല. കാരണം നവോത്ഥാന മൂല്യങ്ങളിൽനിന്നും വിദ്യാഭ്യാസ, സാംസ്‌കാരിക മുന്നേറ്റങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്ത വലിയൊരു വിപ്ലവകരമായ ചിന്തയുടെ അടിത്തറ ആ ചിന്തയ്ക്കുണ്ട്. അതിനെ ഇനിയും എത്രകാലം നമുക്ക് പിടിച്ചുനിർത്താനാവും എന്നതിനനുസരിച്ചാവും കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുക.

കേരളത്തിൽ ഇത്രയൊന്നും വർഗീയമായി മനസുകൾ വിഭജിക്കപ്പെടാതിരുന്ന കാലത്തുപോലും ഉള്ളിന്റെ ഉള്ളിൽ ജാതിവെറിയും മതദ്വേഷവും ഗോപ്യമായി കൊണ്ടുനടന്നിരുന്ന പലരും പുരോഗമന ചിന്തകളുടെ ബാഹ്യരൂപം അണിഞ്ഞവരായി ഉണ്ടായിരുന്നു. അതുകൊണ്ടാവാം ആ കാലത്തുതന്നെ പി.കെ ബാലകൃഷ്ണൻ എന്ന എഴുത്തുകാരൻ അന്ന് നൽകിയ ഒരു മുന്നറിയിപ്പ് ഇപ്പോളും പ്രസക്തമായി തോന്നുന്നത്. അന്ന് പി.കെ പറഞ്ഞത് ‘ചാതുർവർണ്യ മനസുമായി പുരോഗമനത്തിന്റെ പൂരപ്പറമ്പുകളിൽ നാം വെറുതെ ഒത്തുകൂടുക മാത്രമാണ് ചെയ്യുന്നത് ‘ എന്നായിരുന്നു. നമ്മൾ പാടിപുകഴ്ത്തുന്ന മതനിരപേക്ഷതയൊന്നും അതിന്റെ ശരിയായ അർഥത്തിൽ കൊണ്ടു നടക്കുന്നവരായിരുന്നില്ല അതിന്റെ പല പ്രചാരകരും എന്നർഥം. ഇന്നിപ്പോൾ പുരോഗമനത്തിന്റെ ആ ഒരു പുറംപൂച്ച് പോലും അണിയാൻ മെനക്കെടാതെ വർഗീയപ്രചാരകരാവാൻ ഒരു മടിയുമില്ലാത്ത സംഘങ്ങൾ കേരളത്തിൽ അവരുടെ പ്രവർത്തനം സജീവമാക്കിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നവും പ്രതിസന്ധിയും അതാണെന്ന് വന്നിരിക്കുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ് വലുതും ചെറുതുമായ വർഗീയ ശക്തികൾ തമ്മിലുള്ള ഒരു അപ്രഖ്യാപിത അന്തർധാരയെന്നുള്ളത്. ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽപോലും ഇവർ കുറ്റമാരോപിക്കുന്നത് രണ്ടു വിഭാഗത്തിലെയും കൊന്നവരെയും കൊല്ലിച്ചവരേയുമല്ല. പൊലിസിനെയും അധികാരികളെയും പ്രതിക്കൂട്ടിൽ നിർത്തി പ്രചാരണം കൊഴുപ്പിക്കാനാണ് ഇവർ ആവുംവിധം ശ്രമിക്കുന്നത് കാണാതിരിക്കരുത്. പരസ്പര വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും അന്തരീക്ഷം ശക്തമായി നിലനിന്നാൽ തങ്ങളുടെ പക്ഷത്തുള്ള മിതവാദികളെപോലും കൂടുതൽ തീവ്ര വൈകാരികതയിലേക്കും വർഗീയ ചിന്തകളിലേക്കും അടുപ്പിക്കാം എന്ന കണക്കുകൂട്ടൽ ഇതിനു പിന്നിലുണ്ടായേക്കും. ഗൂഢമായ അത്തരം പദ്ധതികൾക്കെതിരേയുള്ള അതീവ ജാഗ്രതയെ വളർത്തിക്കൊണ്ടുവരലാവണം കേരളത്തിലെ മതേതര ചിന്തകരുടെയും പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം. നമ്മൾ മലയാളികളെങ്കിലും ഇത്തരം കാര്യങ്ങളിൽ മാറി ചിന്തിക്കുന്നവർ തന്നെയാണെന്ന് തെളിയിക്കേണ്ടതുണ്ട്. പ്രകൃതിദുരന്തങ്ങളെയും മഹാമാരികളേയും ഒക്കെ നേരിടാൻ കേരളീയർകാണിച്ച പ്രതിരോധത്തിന്റെയും അതിജീവനത്തിൻ്റെയും മാതൃകയും ജാഗ്രതയും വർഗീയതയുടെ വിഷവിത്തുക്കൾ ഇവിടെമുളപൊട്ടാതിരിക്കാനും മലയാളി പ്രകടിപ്പിക്കേണ്ട സമയമാണിപ്പോൾ. കേരളം മതേതര ഭൂമികയായി നിലനിൽക്കണമെങ്കിൽ സകലമാന വർഗീയതയേയും അതിജീവിച്ചേ മതിയാവൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.