2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അതിഥി തൊഴിലാളികൾ എത്തുന്നത് വെറുതെയല്ല ; കേരളത്തിലെ പ്രതിദിന ശരാശരി വേതനം 677

   

സ്വന്തം ലേഖകൻ
തിരുവനന്തപുരം
രാജ്യത്തെ ഗ്രാമീണ മേഖലയിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിൽ. ശരാശരി 677.6 രൂപയാണ് കേരളത്തിലെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന പ്രതിദിന വേതനം. വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ദേശീയ ശരാശരിക്കും ഏറെ താഴെയാണ് തൊഴിലാളിക്ക് ലഭിക്കുന്ന ദിവസവേതനം. 315 രൂപയാണ് ഗ്രാമീണ തൊഴിലാളിയുടെ ദേശീയ പ്രതിദിന ശരാശരി വേതനം.

വ്യവസായ രംഗത്ത് മാതൃകാ സംസ്ഥാനമായി ബി.ജെ.പി അവതരിപ്പിക്കുന്ന ഗുജറാത്താണ് തൊഴിലാളികളുടെ വേതനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ. 239 രൂപയാണ് സംസ്ഥാനത്തെ ശരാശരി പ്രതിദിന വേതനം. രാജ്യത്തെ വ്യവസായ തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഉത്പാദനം നടക്കുന്നതും കൂടുതൽ വ്യവസായ സ്ഥാപനങ്ങളുള്ളതും. എന്നാൽ കുറഞ്ഞ പ്രതിദിന വേതനമാണ് ഇവിടെയുള്ളത്. 262 രൂപ. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇത് 286ഉം ബിഹാറിൽ 289ഉം രൂപയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

വേതനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളവും രണ്ടാംസ്ഥാനത്തുള്ള ജമ്മു- കശ്മീരും തമ്മിൽ വലിയ അന്തരവും നിലനിൽക്കുന്നു. കേരളത്തിലെ പ്രതിദിന നിരക്ക് 677.6 രൂപയാണെങ്കിൽ ജമ്മു- കശ്മീരിലേത് 483 രൂപയാണ്. 194 രൂപയാണ് രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. മൂന്നാംസ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ ഇത് 449ഉം ഹരിയാനയിൽ 484ഉം പഞ്ചാബിൽ 344ഉം രൂപയാണ്.

നിർമാണ മേഖലയിലെ വേതനത്തിന്റെ കാര്യത്തിലും കേരളം വളരെ മുന്നിലാണ്. 829 രൂപയാണ് ഈ രംഗത്ത് ജോലിചെയ്യുന്ന തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതന നിരക്ക്. ഈ മേഖലയിലെ ദേശീയ ശരാശരി(362 രൂപ)യുടെ ഇരട്ടിയിലേറെയാണ് കേരളത്തിൽ നിർമാണ തൊഴിലാളികൾക്ക് ലഭിക്കുന്നത്. കേരളത്തിലെ നിർമാണ മേഖലയിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കുടിയേറ്റം വർധിക്കാൻ കാരണവും ഈ ഉയർന്ന വേതനനിരക്കാണ്.കാർഷിക മേഖലയിലെ വേതന കാര്യത്തിലും കേരളമാണ് മുന്നിൽ. 706 രൂപയാണ് ഈ മേഖലയിലെ കേരളത്തിലെ പ്രതിദിന വേതന നിരക്ക്. ജമ്മു- കശ്മീരിൽ ഇത് 501ഉം തമിഴ്‌നാട്ടിൽ 432ഉം ആണ്. 309 ആണ് ഈയിനത്തിലെ ദേശീയ ശരാശരി. ഗുജറാത്തിൽ ഇത് 231 രൂപ മാത്രമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.