തിരുവനന്തപുരം
കെ.ടി ജലീൽ എം.എൽ.എ ലോകായുക്തയ്‌ക്കെതിരേ നടത്തിയ വിമർശനം പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സി.പി.എം നേതാക്കളാരും ഇതു സംബന്ധിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും പാർട്ടി നിർദേശം നൽകി.
അതേസമയം നിയമഭേദഗതിയിലേക്ക് വഴിവച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ലോകായുക്ത നിയമത്തിലെ സെക്ഷൻ 14ൽ ചില പഴുതുകളുണ്ട്. ഇതുസർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പോലും ഉപയോഗിച്ചേക്കാം. അത് ഈ വ്യക്തിയല്ലെങ്കിൽ മറ്റൊരാളായാലും അതിനുള്ള അവസരമുണ്ട്. ഇതുമുന്നിൽ കണ്ടാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് കോടിയേരി ഉൾപ്പെടെയുള്ള സി.പി.എം നേതൃത്വം വിശദീകരിക്കുന്നത്.
അതിനിടെ പരാമർശത്തിൽ കെ.ടി ജലീലിനെ തള്ളാതെയും പിൻതുണയ്ക്കാതെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു. ജലീൽ ഒരു പ്രസ്ഥാനമല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം പറഞ്ഞു. സ്വന്തം അനുഭവത്തിൽനിന്നാകാം ജലീൽ പറഞ്ഞത്. ജലീലിന്റേത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ലന്നും കാനം പറഞ്ഞു.
Comments are closed for this post.