
കോഴിക്കോട്
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു.
മുസ് ലിം സംഘടനാ നേതാക്കളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷം നിലപാട് സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ സർക്കാരിൽ നിന്ന് അനുകൂലമായ നിലപാടുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ 30 ന് ചൊവ്വാഴ്ച മുസ് ലിം സംഘടനാ നേതാക്കളുടെ കോർ കമ്മിറ്റി വീണ്ടും ചേരും. ഇതിനു ശേഷം സമരപരിപാടികളുടെ രൂപം തീരുമാനിക്കും.
സംഘടനകളെ അണിനിരത്തിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കേണ്ടി വരുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി (ഇൻ ചാർജ്) പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങളേയും പിന്നാക്ക വിഭാഗങ്ങളേയും ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
അതുകൊണ്ടു തന്നെ ന്യൂനപക്ഷ വിഭാഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻറെ വിവിധ നിലപാടുകളിൽ വിയോജിപ്പുള്ള സമാന സംഘടനകളെയും പ്രക്ഷോഭത്തിൽ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.