2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

നോക്കുകൂലിയിൽനിന്ന് മോചനം വേണം


കേരള ഹൈക്കോടതി പലവട്ടം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടും നോക്കുകൂലി ഒഴിയാബാധയായി തുടരുന്നു. കഴിഞ്ഞ ദിവസവും ഹൈക്കോടതി നോക്കുകൂലിക്കെതിരേ കടുത്ത വിമർശനം ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് വീണ്ടും വീണ്ടും ഹൈക്കോടതിക്ക് ഈ പകൽ കൊള്ളയ്ക്കെതിരേ ഇടപെടേണ്ടി വരുന്നത്. പരാതികൾ ഉയരുമ്പോൾ ആരോപണ വിധേയരായ തൊഴിലാളികളുടെ തൊഴിൽ ലൈസൻസ് താൽക്കാലികമായി സസ്പെന്റ് ചെയ്യുകയെന്ന നടപടി മാത്രമാണ് ഉണ്ടാകുന്നത്. ഇതു കൊണ്ടൊന്നും നോക്കുകൂലിയെന്ന മാരണം വിട്ടൊഴിയുന്നില്ല. തൊഴിൽ ലൈസൻസ് സസ്പെന്റ് ചെയ്യപ്പെട്ട നോക്കുകൂലി തൊഴിലാളി പിൻവാതിലിലൂടെയോ ട്രേഡ് യൂനിയൻ നേതാക്കളുടെ ശുപാർശയാലോ പിന്നെയും കാർഡ് തരപ്പെടുത്തി കയറ്റിറക്ക് തൊഴിലിൽ ഏർപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനമൊന്നും നിലവിൽ ഇല്ലെന്ന് വേണം കരുതാൻ. ഇത്തരമൊരു സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽനിന്ന് നോക്കുകൂലിക്കെതിരേ വീണ്ടും വന്ന വിധി പ്രസ്താവം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. നോക്ക് കൂലി ആവശ്യപ്പെടുന്നവരെ പിടിച്ചുപറിക്കാരായി കണക്കാക്കി കേസെടുക്കണമെന്നാണ് ഹൈക്കോടതി സംസ്ഥാന പൊലിസ് മേധാവിയോട് നിർദേശിച്ചത് . ഇത് സംബന്ധിച്ച സർക്കുലർ എല്ലാ പൊലിസ് സ്റ്റേഷനുകൾക്കും ബന്ധപ്പെട്ട അധികൃതർക്കും അയച്ചുകൊടുക്കാനും കോടതി ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്.

നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികളുടെ ലൈസൻസ് റദ്ദാക്കാനും കനത്ത പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ അതിന്റെ തുടർ നടപടികളൊന്നും പിന്നീട് ഉണ്ടായില്ല. സർക്കാർ അതിന്റെ പണിപ്പുരയിലാണെന്നാണ് സർക്കാർ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ ബോധിപ്പിച്ചത്. നോക്കുകൂലിയെന്ന പകൽ കൊള്ളക്ക് തൊഴിലാളി സംഘടനാ നേതാക്കളും സർക്കാരും മൗനാനുവാദം നൽകിയിട്ടുണ്ടെന്നല്ലേ ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. അതിനാലായിരിക്കാം കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ പറയുന്ന നിയമ ഭേദഗതിയുടെ പുരോഗതി എത്രത്തോളമായിയെന്ന് കോടതിക്ക് ചോദിക്കേണ്ടി വന്നത്. നിയമഭേദഗതിയുടെ പുരോഗതി അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെയും നോക്കുകൂലിക്കെതിരേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങുന്ന ബഞ്ചിൽനിന്നു രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

നോക്കുകൂലിയെന്ന സമ്പ്രദായം കേരളത്തിൽനിന്ന് തുടച്ചു നീക്കണമെന്നും കേരളത്തിൽ ആ വാക്കു കേട്ടുപോകരുതെന്നും ഒക്ടോബർ ആറിലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല.കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലേക്ക് നിക്ഷേപകർ വരാത്തത് നോക്കുകൂലി കാരണമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തൊഴിലുടമ തൊഴിൽ നിഷേധിച്ചാൽ ചുമട്ടുതൊഴിലാളി ബോർഡിനെയാണ് സമീപിക്കേണ്ടത്. തൊഴിൽ നിഷേധിച്ചാൽ പ്രതിവിധി അക്രമമല്ലെന്നും കോടതി അന്ന് പറയുകയുണ്ടായി. നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് അത് നടപ്പിലാവുന്നില്ലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സർക്കാരിനു വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. സർക്കാർ പരോക്ഷമായി പിന്തുണക്കുന്നു എന്നാണ് ഇതിൽ നിന്നെല്ലാം വായിച്ചെടുക്കേണ്ടത്. ചുമട്ടുതൊഴിലാളി നിയമ ഭേദഗതിയും നടപ്പാക്കുന്നില്ല. നോക്കുകൂലി നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവും സർക്കാർ നടപ്പാക്കുന്നില്ല. ഇതിൻ്റെ പേരിൽ നിയമം കൈയിലെടുക്കരുതെന്ന് തൊഴിലാളി യൂനിയനുകൾക്ക് നിർദേശം നൽകണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷവും കൂലി കൊടുക്കാത്തതിന്റെ പേരിൽ എത്രയോ തൊഴിലുടമകൾ, സംഘടിത തൊഴിലാളി വർഗത്തിന്റെ അക്രമങ്ങൾക്കിരയായി.

ഒക്ടോബർ അവസാനത്തിൽ ഹൈക്കോടതിയിൽനിന്ന് പിന്നെയും കടുത്ത വിമർശനമുണ്ടായി. നോക്കുകൂലി വാങ്ങുന്നത് കോടതി ക്രിമിനൽ കുറ്റമായി അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരാളിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമാണ് നോക്കുകൂലി ഈടാക്കുന്നതെന്നായിരുന്നു വിധിന്യായത്തിലെ കോടതിയുടെ പരാമർശം. ഇത് ആവശ്യപ്പെടുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ഇത്തരം പരാതികളിൽ പൊലിസ് എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. അന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ െബഞ്ചിൽ നിന്നായിരുന്നു ഈ ചോദ്യങ്ങൾ ഉയർന്നത്. നോക്കുകൂലി ആവശ്യപ്പെട്ട് ആക്രമണം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന മനോഭാവമാണ് ഇതിൻ്റെ പിന്നിലുള്ളതെന്നും അന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.

കോടതിയുടെ ഇടപെടലുകൾക്കനുസൃതമായി സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് കർശന നടപടികളൊന്നും എടുക്കാത്തതിനാലാണ് ഹൈക്കോടതിക്ക് തുടരെ ഈ വിഷയത്തിൽ ഇടപെട്ട് രൂക്ഷ വിമർശനങ്ങൾ നടത്തേണ്ടി വരുന്നത്. നിയമവും നീതിയും നടപ്പിലാക്കേണ്ട സർക്കാർ കൊടിയുടെ നിറം നോക്കി നോക്കുകൂലിക്കെതിരേ നടപടിയെടുക്കാതെ വരുമ്പോൾ പൗരന്റെ അവകാശ സംരക്ഷണത്തിനായി കോടതികൾക്ക് തുടർച്ചയായി ഇടപെടേണ്ടി വരും.

ഇത്തവണ വിധി പ്രസ്താവത്തിൽ ഡി.ജി.പിക്കാണ് ഹൈക്കോടതി വ്യക്തമായ നിർദേശം നൽകിയിരിക്കുന്നത്. അതിനാൽ കോടതി ഉത്തരവ് നടപ്പാക്കാൻ ഡി.ജി.പി ബാധ്യസ്ഥനുമാണ്. അല്ലാത്തപക്ഷം കോടതിയലക്ഷ്യ ഹരജിയുമായി ഏതെങ്കിലും തൊഴിലുടമ കോടതിയെ സമീപിച്ചാൽ ഡി.ജി.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥർ കൃത്യവിലോപത്തിനും കോടതിയലക്ഷ്യത്തിനുമുള്ള ശിക്ഷാ നടപടി നേരിടേണ്ടി വരും. കൂടാതെ അവരുടെ സർവിസിനെ അടക്കം അത് ബാധിച്ചേക്കാം. കോടതി വിധി നടപ്പിലാക്കാൻ പൊലിസിന് സർക്കാരിന്റെ തിട്ടൂരത്തിനായി കാത്തിരിക്കേണ്ടതില്ല. നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികൾ, യൂനിയനുകൾ, നേതാക്കൾ, എന്നിവർക്കെതിരേ പിടിച്ചുപറിക്ക് കേസെടുക്കാനാണ് കോടതി നിർദേശം. ഇവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ അനുശാസിക്കുന്ന വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്.ഈ ഉത്തരവ് എല്ലാപൊലിസ് സ്റ്റേഷനുകൾക്കും സർക്കുലറായി എത്തിക്കാനും തൊഴിലാളി യൂനിയൻ അംഗങ്ങളിൽ നിന്നു സംരക്ഷണം തേടി കൊല്ലം അഞ്ചൽ സ്വദേശി നൽകിയ പരാതി പരിഗണിക്കുന്ന അടുത്ത മാസം എട്ടിന് മുമ്പ്, ഡി.ജി.പി സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ മറ്റുള്ളവർ ജോലി ചെയ്യുന്നത് കൈയും കെട്ടി നോക്കി നിന്ന് പിന്നീട് അതിന്റെ കൂലി ലജ്ജയില്ലാതെ ആവശ്യപ്പെടുന്ന, ലോകത്ത് ഒരിടത്തും നിലവിലില്ലാത്ത നോക്കുകൂലിയെന്ന പിടിച്ചുപറി കേരള മണ്ണിൽനിന്നു വേരോടെ പിഴുതെറിയപ്പെടുമെന്ന് പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.