2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മത്സ്യബന്ധനത്തിനിടെ അപകടം അഞ്ചു വർഷത്തിനിടെ മരണം 327

സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മത്സ്യബന്ധനത്തിനിടയിലുണ്ടായ അപകടങ്ങളിൽ മരിച്ചത് 327 പേരെന്ന് കണക്കുകൾ. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള കണക്കുകളാണിത്.
ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരം ജില്ലയിലാണ്. 145 പേർ. കൊല്ലത്ത് 68 പേരും ആലപ്പുഴയിലും എറണാകുളത്തും 25 പേർ വീതവും കോഴിക്കോട്ട് 19 പേരും കാസർകോട്ട് 16 പേരും മലപ്പുറത്ത് 11 പേരും കണ്ണൂരിൽ ഏഴു പേരും തൃശൂരിൽ അഞ്ചു പേരും ഇത്തരത്തിൽ മരിച്ചു. കോട്ടയം ജില്ലയിലുള്ള അഞ്ചു പേരും പാലക്കാട് ജില്ലയിലെ ഒരാളും ഈ കാലയളവിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. ഇതിനു പുറമെ ഓഖി ദുരന്തത്തിൽപെട്ട 91 പേരെ കാണാതായിട്ടുമുണ്ട്. 2017ൽ ഓഖി ദുരന്തമുണ്ടായപ്പോൾ അപകടത്തിൽപെട്ട 143 മത്സ്യത്തൊഴിലാളികളിൽ 52 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്.

മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഫലപ്രദമല്ലെന്ന ആക്ഷേപം ഇപ്പോഴും വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഓഖിയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻ ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ1,500 കിലോമീറ്റർ വരെ ദൂരത്തിൽ സന്ദേശമെത്തിക്കാനാവുന്ന നാവിക് എന്ന ഉപകരണം വികസിപ്പിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തെങ്കിലും അത് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയുയർന്നിരുന്നു.
കടലിൽ രക്ഷാപ്രവർത്തനം നടത്താൻ സജ്ജമാക്കിയ മറൈൻ ആംബുലൻസ് സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. നിലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, എറണാകുളത്തെ വൈപ്പിൻ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു മാത്രമാണ് മറൈൻ ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. ഈ സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ലെന്നാണ് ഫഷറീസ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.