ലണ്ടൻ
തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചതിന് അമ്മയുടെ ഡോക്ടർക്കെതിരേ കേസ് കൊടുത്ത ബ്രിട്ടിഷ് യുവതിക്ക് നഷ്ടപരിഹാരമായി കോടികൾ.
ലിൻകോൻഷെയർ സ്വദേശിയായ എവീ ടൂബസാണ് മാരക രോഗം മൂലമുള്ള പ്രയാസം താങ്ങാനാകാതെ, തന്നെ പ്രസവിച്ചതിനെതിരേ കോടതി കയറിയത്. ദിവസത്തിൽ 24 മണിക്കൂറും ശരീരത്തിൽ ട്യൂബുകളിടേണ്ട അവസ്ഥയുള്ള നട്ടെല്ലിനെ ബാധിക്കുന്ന സ്പൈന ബിഫിഡ എന്ന രോഗമാണ് 20കാരിയായ യുവതിക്ക്. താൻ ജനിച്ചില്ലായിരുന്നെങ്കിൽ ഈ യാതനകൾ അനുഭവിക്കേണ്ടിവരില്ലായിരുന്നു എന്നാണ് യുവതി വാദിച്ചത്.
അമ്മയ്ക്ക് ഡോക്ടർ ശരിയായ ഉപദേശം കൊടുത്തിരുന്നെങ്കിൽ താൻ സുഷുമ്നാ നാഡിക്ക് സ്ഥിരമായി ബലക്ഷയമുള്ള രോഗവുമായി ജനിക്കില്ലായിരുന്നുവെന്ന് അവർ വാദിച്ചു. ഡോക്ടർ പ്രസവത്തിനു മുമ്പ് നിർബന്ധമായും കഴിക്കേണ്ട മരുന്നുകൾ സംബന്ധിച്ച് അമ്മയ്ക്ക് പറഞ്ഞുകൊടുത്തില്ലെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചു.
നിർണായക ഉത്തരവിൽ ലണ്ടൻ ഹൈക്കോടതി ജഡ്ജി റോസലിൻഡാണ് എവീ വൻ നഷ്ടപരിഹാരത്തിന് അർഹയാണെന്നു വിധിച്ചത്. ഈ തുക എവീയ്ക്ക് ജീവിതകാലം മുഴുവനുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉതകുമെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.അസുഖമുണ്ടെങ്കിലും അശ്വാഭ്യാസ മത്സരങ്ങളിൽ എവീ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. 2018ൽ പ്രചോദനമേകുന്ന യുവതീയുവാക്കൾക്കുള്ള പുരസ്കാരവും ലഭിച്ചു. യുവതിയുടെ അമ്മ ഇനിയൊരു കുഞ്ഞ് വേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ഡോക്ടരുടെ ഉപദേശം മാനിച്ച് ഭ്രൂണഹത്യ ചെയ്യാതിരിക്കുകയായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുയായിരുന്നു. തനിക്ക് ഫോളിക് ആസിഡ് സപ്ലിമെൻ്റുകൾ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗർഭധാരണത്തിൽ ഉണ്ടാകില്ലെന്നും ഡോക്ടർ പറഞ്ഞതായി മകളെ പിന്തുണച്ച് എവീയുടെ അമ്മ കോടതിയിൽ പറഞ്ഞു. അമ്മയെ ഡോക്ടർ ശരിയായി ഉപദേശിച്ചിരുന്നെങ്കിൽ ഗർഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു.
Comments are closed for this post.