
റിയാദ്: മുസ്ലിം വേള്‍ഡ് ലീഗ് നേതാക്കള്‍ വത്തിക്കാനിലെത്തി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്ശനത്തനത്തിന്റെ ഭാഗമായാണ് വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിച്ചത്. വത്തിക്കാനിലെത്തിയ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസയെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഹ്ര്യദ്യയായി സ്വീകരിച്ചു.
കൂടിക്കാഴ്ച്ചയില്‍ ലോകത്താകമാനം പ്രതിസന്ധി സൃഷ്ടിക്കുന്ന പൊതുവായ കാര്യങ്ങളില്‍ ഇരു കൂട്ടരും പരസ്പരം ചര്‍ച്ച നടത്തി. ലോക സമാധാനത്തിന്നും ഐക്യത്തിനും സമാധാന സഹകരണത്തിനും സഹവര്‍ത്തിത്വത്തിനും സ്നേഹ വ്യാപനത്തിനും ഊന്നല്‍ നല്‍കിയായിരുന്നു ചര്‍ച്ചകള്‍.
തീവ്രവാദത്തെ ഇസ്ലാമിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കങ്ങളെ എതിര്‍ത്ത പോപ്പിന്റെ നടപടികളെ മുസ്ലിം വേള്‍ഡ് ലീഗ് അഭിനന്ദിച്ചു. ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങളാണ് തീവ്രവാദികള്‍ പിന്തുടരുന്നതെന്നും എല്ലാ മതങ്ങളും ഇതിനെതിരാണെന്നും വേള്‍ഡ് ലീഗ് സെക്രറട്ടറി ജനറല്‍ പറഞ്ഞു.
കൂടിക്കാഴ്ചക്ക് ശേഷം ഇരു കൂട്ടരും പരസ്പരം സ്നേഹ സമ്മാനങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്. ഇസ്ലാമിക മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന നാഗരികതകളുടെ പ്രതീകാത്മക ഫലകമാണ് അല്‍ ഈസ പോപ്പിന് സമ്മാനിച്ചത്. സെന്റ് പീറ്റര്‍ ബസലിക്കയുടെ അഞ്ഞൂറാം നിര്‍മ്മാണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണകള്‍ ഉണര്‍ത്തുന്ന പേനയും മാര്‍പാപ്പയുടെ അഞ്ചാം സ്ഥാനാരോഹണം ഉല്ലേഖനം ചെയ്ത ഫലകവും മാര്‍പാപ്പ സമ്മാനമായി നല്കി.