2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വര്‍ണക്കടത്തില്‍ അമിത് ഷായും പിണറായിയും ഒളിച്ചുകളിക്കുന്നു: മുല്ലപ്പള്ളി

പിണറായി സര്‍ക്കാര്‍ ഒരുദിവസം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല

 

തിരുവനന്തപുരം: അമിത് ഷാ കേരളത്തിലെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മാത്രമല്ല സി.പി.എമ്മുമായി അന്തിമ കരാര്‍ ഉറപ്പിക്കാന്‍ കൂടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോപണങ്ങള്‍ക്കു മറുപടി നല്‍കാതെ പരസ്പരം ചോദ്യങ്ങള്‍ ചോദിച്ച് ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരം അവര്‍ക്കറിയാം. തെരഞ്ഞെടുപ്പ് കഴിയുംവരെ അവര്‍ ഉത്തരം പറയില്ല. അതാണ് അവര്‍ തമ്മിലുള്ള ധാരണ. സ്വര്‍ണക്കടത്ത് കേസിലെ ഉന്നതബന്ധം പുറത്തുവരാത്തതും അതുകൊണ്ടാണ്.

പിണറായി സര്‍ക്കാര്‍ ഒരുദിവസം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്നതിന് നിരവധി കാരണങ്ങളുണ്ട്.
ഡാറ്റാ കച്ചവടം, സ്വര്‍ണക്കടത്ത്, പ്രൈസ്‌വാട്ടര്‍ കൂപ്പര്‍ ഇടപാട്, ഇ- മൊബിലിറ്റി, പിന്‍വാതില്‍ നിയമനങ്ങള്‍ തുടങ്ങി നിരവധി തട്ടിപ്പുകളാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ വരെ ഇതിനുദാഹരണമാണ്.

അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന വാദമാണ് ഇതോടെ പൊളിഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.