2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബേപ്പൂരില്‍ ഇത്തവണ കടുത്ത രാഷ്ട്രീയ പോരാട്ടം

കോഴിക്കോട്: ഇടതുമുന്നണിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബേപ്പൂര്‍ മണ്ഡലത്തിന്റെ പാരമ്പര്യം പരിശോധിച്ചാല്‍ യു.ഡി.എഫിന് നേട്ടങ്ങളൊന്നും എണ്ണിപ്പറയാനില്ല.1977ല്‍ കോണ്‍ഗ്രസിന്റെ എന്‍.പി മൊയ്തീന്‍ സി.പി.എമ്മിന്റെപ്രമുഖ നേതാവ് കെ. ചാത്തുണ്ണി മാസ്റ്ററെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ കഥ മാറ്റി നിര്‍ത്തിയാല്‍ മണ്ഡലം എന്നും ഇടതുമുന്നണിയുടെ കൂടെയായിരുന്നു.
നിലമ്പൂരില്‍ നിന്നെത്തിയ ടി.കെ ഹംസ ഹാട്രിക് വിജയം നേടിയ മണ്ണാണിത്. സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം രണ്ടുതവണ ഇവിടെ നിന്ന് വിജയിച്ചു. നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.കെ.സി മമ്മദ്‌കോയ 2001ലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977ലെ വിജയത്തിനുശേഷം കോണ്‍ഗ്രസും മുസ്‌ലിംലീഗും ഇവിടെ മാറിമാറി യു.ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ലീഗ് നേതാക്കളായ ഉമ്മര്‍ പാണ്ടികശാല, എം.സി മായിന്‍ഹാജി, കോണ്‍ഗ്രസ് നേതാവ് പി. സുരേശ്വരന്‍ എന്നിവരെല്ലാം മത്സരിക്കുകയുണ്ടായി. എന്നാല്‍ ആരെയും വിജയം കടാക്ഷിച്ചിട്ടില്ല. 1991ല്‍ കെ. മാധവന്‍കുട്ടി പൊതുസ്ഥാനാര്‍ഥിയായി വന്നെങ്കിലും വിജയം ഇടതുമുന്നണിയുടെ ടി.കെ ഹംസക്കായിരുന്നു. 2016ല്‍ യു.ഡി.എഫിന് അനുകൂലമായി ചില സാധ്യതകളൊക്കെ തെളിഞ്ഞുവന്നിരുന്നു എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ സി.പി.എമ്മിനകത്ത് പുകഞ്ഞുകൊണ്ടിരുന്നപ്പോഴായിരുന്നു അത്. യു.ഡി.എഫിലെ ആദംമുല്‍സി പ്രചാരണത്തില്‍ മുന്നേറ്റം കുറിക്കുകയും ചെയ്തിരുന്നു.
മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറം സ്വാധീനമുള്ള വി.കെ.സി മമ്മദ്‌കോയയെ ഇറക്കി സി.പി.എം അപകടസാധ്യത മറികടന്നതാണ് പിന്നെ കണ്ടത്. ഇത്തവണ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവത്തേക്കാള്‍ രാഷ്ട്രീയമാണ് ഇവിടെ വിഷയമാവുന്നത്. മത്സരരംഗത്തുള്ള മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളായ പി.എ മുഹമ്മദ് റിയാസ്(എല്‍.ഡി.എഫ്), പി.എം നിയാസ്(യു.ഡി.എഫ്), കെ.പി പ്രകാശ്ബാബു(എന്‍.ഡി.എ) എന്നിവര്‍ അഭിഭാഷകരാണ് എന്ന പ്രത്യേകതയും ഉണ്ട്. വ്യവസായ ശാലകളും തുറമുഖവും എല്ലാമുള്ള ബേപ്പൂര്‍ മണ്ഡലത്തില്‍ വ്യവസായ വളര്‍ച്ചയും വികസനവും വേണ്ടവിധം എത്തിയിട്ടില്ല എന്ന വിമര്‍ശനമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. ഫറോക്ക്-ചെറുവണ്ണൂര്‍ മേഖലയിലെ ഓട്ടുകമ്പനികള്‍ പ്രതിസന്ധിയിലാണ്. ബേപ്പൂര്‍ പോര്‍ട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും നടപടിയായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.എം നിയാസ് വോട്ടര്‍മാരെ സമീപിക്കുന്നത്. ഓട്ടുകമ്പനികളിലെ തൊഴിലാളികളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന അഡ്വ. നിയാസ് ഇത്തവണ വിജയം പ്രതീക്ഷിക്കുന്നുണ്ട്. വികസനത്തില്‍ സ്തംഭനാവസ്ഥ നേരിടുന്ന ബേപ്പൂരിന്റെ ചരിത്രം മാറ്റിയെഴുതാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബേപ്പൂര്‍, ഫറോക്ക്, കടലുണ്ടി തുടങ്ങിയ മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം അഡ്വ. നിയാസ് തന്റെ പര്യടനം പൂര്‍ത്തിയാക്കി. ട്രേഡ് യൂനിയന്‍ രംഗത്തുള്ള ഇടപെടല്‍ വോട്ടായി മാറുമെന്നാണ് നിയാസ് കരുതുന്നത്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ അഡ്വ. പി.എ മുഹമ്മദ് റിയാസിനെ വിജയിപ്പിക്കുന്നത് തങ്ങളുടെ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.കെ രാഘവനോട് അടിയറവ് പറഞ്ഞ ചരിത്രം ഉണ്ടെങ്കിലും ബേപ്പൂരിന്റെ ശുഭപ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്താന്‍ അത്തരം സംഭവങ്ങള്‍ക്ക് സാധിക്കില്ല എന്ന ആത്മവിശ്വാസമാണ് മുഹമ്മദ് റിയാസിനുള്ളത്. ഇടതുമുന്നണിയെയും സി.പി.എമ്മിനെയും മണ്ഡലം കൈവിടില്ലെന്നാണ് പ്രതീക്ഷ. റിയാസ് എവിടെ മത്സരിക്കും എന്ന കാര്യത്തില്‍ തുടക്കത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു.ഒടുവില്‍ ബേപ്പൂരില്‍ തീരുമാനമായതോടെ പ്രചാരണ പരിപാടികളും ഊര്‍ജിതമാക്കുകയായിരുന്നു. എന്‍.ഡി.എ സ്ഥാനര്‍ഥി ബി.ജെ.പിയുടെ കെ.പി പ്രകാശ്ബാബു മണ്ഡലത്തിലെ നിഷ്പക്ഷമതികളുടെ വോട്ട് തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ ഇവിടെ കൊണ്ടുവരുമെന്നും പ്രകാശ്ബാബു വാഗ്ദാനം ചെയ്യുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.