2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒമിക്രോൺ ഭീതിയിൽ ലോകം; വാക്‌സിൻ ഫലപ്രദമല്ലെന്ന് മോഡേണ

ന്യൂയോർക്ക്
കൊവിഡ് വാക്സിനുകളൊന്നും ഒമിക്രോണിനെതിരേ ഫലപ്രദമല്ലെന്ന് യു.എസിലെ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ മോഡേണ സി.ഇ.ഒ സ്റ്റെഫാനെ ബാൻസൽ.
തനിക്കു വാക്കുകളില്ലെന്നും താൻ കരുതുന്നത് ഡെൽറ്റയ്ക്കെതിരേയുള്ള ഫലപ്രാപ്തി മാത്രമേ ഒമിക്രോണിനുമെതിരേയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. താൻ സംസാരിച്ച ശാസ്ത്രകാരന്മാരെല്ലാം ഇത് നല്ലതിനല്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാൻസലിൻ്റെ പ്രസ്താവന പുറത്തുവന്നതോടെ ഓഹരിവിപണിയിൽ വൻ ഇടിവു രേഖപ്പെടുത്തി. ആസ്ത്രേലിയൻ കറൻസി ഒരുവർഷത്തെ ഏറ്റവും താഴ്ന്ന മൂല്യം രേഖപ്പെടുത്തി. വകഭേദം വന്ന പുതിയ വൈറസ് എല്ലാ വാക്സിനുകളെയും അതിജീവിക്കുമെന്ന പരാമർശം ലോകമെങ്ങും ആശുപത്രികൾ നിറയാനും മഹാമാരി നീണ്ടുനിൽക്കാനും ഇടയാകുമെന്ന ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒമിക്രോൺ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതു പടരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു.
ഒമിക്രോൺ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ആഗോള ഓഹരി വിപണിയിൽ രണ്ടു ലക്ഷം കോടിയുടെ മൂല്യമുള്ള ഓഹരി തകർച്ചയാണുണ്ടായത്.
യു.എസിൽ ഉടൻ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന പ്രസിഡൻ്റ് ജോ ബൈഡൻ്റെ പ്രസ്താവന വിപണിയെ വൻ തകർച്ചയിൽ നിന്നു കരകയറ്റിയതിനു പിന്നാലെയാണ് ബാൻസൽ ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖം പുറത്തുവന്നത്. മോഡേണയും ഫൈസർ, റഷ്യയുടെ സ്പുട്നിക് വി എന്നിവയുടെ നിർമാതാക്കളും ഒമിക്രോണിനെ നേരിടാൻ ഫലപ്രദമായ വാക്സിനുവേണ്ടിയുള്ള പരിശ്രമത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ആശങ്കയുണ്ടെങ്കിലും പരിഭ്രാന്തി വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ജോ ബൈഡൻ പ്രതികരിച്ചത്. ഇതിൻ്റെ പേരിൽ പുതിയ ലോക്ക്ഡൗണോ യാത്രാ നിയന്ത്രണങ്ങളോ ഏർപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വകഭേദത്തെ നേരിടാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജി-7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാർ ആഹ്വാനം ചെയ്തു.

ഒമിക്രോൺ യു.എസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിൻ്റെ വേഗം കുറയ്ക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. തൊഴിൽ വിപണിയെ ഇത് സാരമായി ബാധിക്കുമെന്നും പണപ്പെരുപ്പമുണ്ടാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.