2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റഹ് മാനീസ് അസോസിയേഷന്‍റെ ‘ഗ്ലോറിയസ് ഹൂറി’ സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ശ്രദ്ധേയമാകുന്നു

സി.എഛ്.ആര്‍ കൊമ്പംകല്ല്‌

കടമേരി: സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന റഹ് മാനീസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഗ്ലോറിയസ് ഹൂറി’ സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ശ്രദ്ധേയമാകുന്നു.

15 ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന OCWE (Online Certificate Course for Women’s Empowerment) ഓണ്‍ലൈന്‍ കോഴ്സില്‍ മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിലാണ് പ്രമുഖ പണ്ഢിതരുടെ നേതൃത്വത്തില്‍ പഠന ക്ലാസുകളായും പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി നടക്കുന്നത്.

സ്ത്രീകള്‍ മാത്രം അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്ന പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പ്രതിദിന ലിങ്കുകളും കൈമാറുന്നത്.

പൂര്‍ണ്ണമായും സ്ത്രീകള്‍ക്ക് അനുയോജ്യമായ സമയത്താണ് ക്ലാസ്സുകളും തുടര്‍ന്നുള്ള പഠന പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ആത്മീയം, കുടുംബം, ആരോഗ്യം, കർമ്മ ശാസ്ത്രം, ഓൺലൈൻ സാക്ഷരത, സാമ്പത്തിക അച്ചടക്കം, നിത്യജീവിത രീതി, മന:ശാസ്ത്രം ,ഖുർആൻ പാരായണശാസ്ത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കു പുറമെ, ഓരോ ദിവസവും മഹദ് വചനങ്ങൾ ഉൾപ്പെടുത്തി സ്റ്റാറ്റസ് വീഡിയോകളും കോഴ്സിൻ്റെ ഭാഗമായി പുറത്തിറക്കുന്നുണ്ട്.
സുബ്ഹി നിസ്കാര ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് യൂടൂബ് വഴിയാണ് പ്രതിദിന പഠന ക്ലാസ് നടക്കുക. തുടര്‍ന്ന് നിത്യജീവിതവുമായി ബന്ധപ്പെട്ട പ‌ഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ചോദ്യോത്തരങ്ങൾ എന്നിവയാണ് ഈ കോഴ്സിന്റെ പ്രത്യേകത.
ആരംഭിച്ചപ്പോള്‍ തന്നെ നിരവധി പേരാണ് കോഴ്സില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ആദ്യം 10 ഗ്രൂപ്പുകള്‍ മാത്രമാണ് ഇതിനായി തയ്യാറാക്കിയതെങ്കിലും കൂടുതല്‍ അപേക്ഷകരെത്തിയപ്പോള്‍ ഗ്രൂപ്പുകളുടെ എണ്ണം 15 ആയി. ഇപ്രകാരം രണ്ടു ബാച്ചുകളിലായി ഏകദേശം 8000 പേരാണ് ഇതിനകം കോഴ്സ് പൂര്‍ത്തിയാക്കിയത്.
രണ്ടാം ബാച്ചിന്‍റെ കോഴ്സ് സമാപനത്തോടനുബന്ധിച്ച് ഇന്ന് ഓണ്‍ലൈനില്‍ പ്രാർത്ഥനാ സംഗമം നടക്കും. തുടര്‍ന്ന് അടുത്ത ദിവസം പരീക്ഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – +91 99473 19383.
സമസ്ത ട്രഷറർ ചേലക്കാട് ഉസ്താദ് സമൂഹ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. റഹ് മാനിയ്യ യൂടൂബ് ചാനലായ VOICE OF RAHMANIYYAയില്‍ ഇത് തല്‍സമയം സംപ്രേഷണം ചെയ്യും. യൂടൂബ് ചാനല്‍ ലിങ്ക്: https://www.youtube.com/watch?v=-aWfo-jdbJM&feature=youtu.be

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.