2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

വാക്സിനു വഴങ്ങാതെ അനീതി കാണിക്കുന്നവർ


   

ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും ഉദ്യോഗസ്ഥർക്കുമെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമാകെ ഭീതി പടർത്തിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ നടപടിയെ വിമർശിക്കാനാവില്ല. എന്നാൽ, സർക്കാർ ഈ വിഷയത്തിൽ നേരത്തെ സ്വീകരിച്ച നിലപാട് വിമർശനം അർഹിക്കുന്നുമുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളില്ലാതെ വാക്സിൻ എടുക്കാത്തവർ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും എന്നിട്ടേ ജോലിക്ക് ഹാജരാകാൻ പാടുള്ളൂവെന്നും രോഗമുള്ളവരാണെങ്കിൽ സർക്കാർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുമുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഉണ്ടായത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചെറുകിട വ്യാപാരികളും സാധാരണക്കാരായ കൂലിത്തൊഴിലാളികളുമാണ് അതിന്റെ പ്രയാസം മുഴുവനും അനുഭവിച്ചത്. സ്കൂളുകളും സർക്കാർ ഓഫിസുകളും വിപണികളും അടഞ്ഞുകിടന്നു. വേലയും കൂലിയുമില്ലാതെ മാസങ്ങളോളമാണ് സാധാരണ തൊഴിലാളികൾ പട്ടിണിയിലും അരവയറിലും കഴിഞ്ഞത്. അപ്പോഴും അവർ വാക്സിൻ എടുക്കാൻ അമാന്തം കാണിച്ചിരുന്നില്ല. ഈ കാലത്തും അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും മുടങ്ങാതെ ശമ്പളം കിട്ടിക്കൊണ്ടിരുന്നു. വീട്ടിൽ ഉണ്ടുറങ്ങിയും കുട്ടികളോടൊത്ത് കളിച്ചുല്ലസിച്ചും കൊവിഡിനെ ആഘോഷമാക്കിയ ഇവർക്ക് വാക്സിൻ എടുക്കാൻ മാത്രം എന്ത് അസൗകര്യമാണുണ്ടായത്. രോഗികളായ ചെറിയൊരു ന്യൂനപക്ഷത്തെ മാറ്റിനിർത്തിയാലും ആരോഗ്യദൃഢഗാത്രരായ ചിലഅധ്യാപകരും സർക്കാർ ജീവനക്കാരും എന്തിനാണ് വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് മുഖംതിരിച്ചത്. ഇതിന്റെ അപകടം വലുതായിരിക്കുമെന്ന് സ്കൂളുകളെല്ലാം തുറക്കുന്ന, സർക്കാർ ഓഫിസുകൾ പ്രവർത്തനക്ഷമമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എന്തുകൊണ്ട് അവർ ഓർത്തില്ല.

വില്ലേജ് ഓഫിസ് മുതൽ കലക്ടറേറ്റ് വരെ നിത്യേനയെന്നോണം ബന്ധപ്പെടേണ്ടിവരുന്ന സാധാരണക്കാർ, അവർ ബന്ധപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥൻ വാക്സിൻ സ്വീകരിക്കാത്ത, ലക്ഷണങ്ങൾ പുറത്തേക്ക് കാണിക്കാത്ത കൊവിഡ് പോസിറ്റീവാണെങ്കിൽ അത് എത്രമാത്രം ഗുരുതരമായിരിക്കും. അതുപോലെ സ്കൂളുകളെല്ലാം തുറന്ന് പ്രവർത്തിക്കുന്ന ഈയൊരവസരത്തിൽ അധ്യാപകരിൽ ചിലർ വാക്സിനെടുക്കാതെയാണ് കുട്ടികളുമായും സഹപ്രവർത്തകരുമായും മറ്റു ജീവനക്കാരുമായും ഇടപെടുന്നതെങ്കിൽ അവരും അവരറിയാതെ പോസിറ്റീവായിട്ടുണ്ടെങ്കിൽ അതുണ്ടാക്കുന്ന അവസ്ഥ ഗുരുതരമായിരിക്കും. അതിനാൽ വാക്സിൻ സ്വീകരിക്കാത്ത, അധ്യാപകരും സർക്കാർ ജീവനക്കാരും മേലിൽ ജോലി ചെയ്യണമെങ്കിൽ കൊവിഡ് അവലോകന യോഗം മുന്നോട്ടുവച്ച നിബന്ധനകളെല്ലാം പാലിക്കേണ്ടിവരും. എന്നാൽ, സർക്കാർ ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ചുപോന്ന നയം കുറ്റമറ്റതുമല്ല. വളരെ നേരത്തെ തന്നെ ഇതു സംബന്ധിച്ച സർക്കുലർ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും സർക്കാർ നൽകേണ്ടതായിരുന്നു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഭീകരമുഖം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണോ സർക്കാരിന് ആർ.ടി.പി.സി.ആർ ബോധോദയം ഉണ്ടായത്. കൊവിഡ് ഡെൽറ്റാ വകഭേദത്തിന്റെ ഭീഷണി അകന്നുപോവുകയും സ്കൂളുകളും സർക്കാർ ഓഫിസുകളും പഴയതു പോലെ പ്രവർത്തനസജ്ജമാക്കാൻ തയാറെടുത്തു കൊണ്ടിരിക്കുകയും ചെയ്ത വേളയിലെങ്കിലും വാക്സിൻ മുന്നറിയിപ്പ് അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും നൽകാമായിരുന്നു. ആ ബുദ്ധിയെന്തേ അവലോകന യോഗത്തിൽ പങ്കെടുത്ത ആർക്കും നേരത്തെ ഉദിച്ചില്ല.

ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ 5,000 വരുമെന്ന് കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിലല്ലല്ലോ വെളിപ്പെട്ടത്. ആരൊക്കെ വാക്സിൻ സ്വീകരിച്ചു. ആരൊക്കെ സ്വീകരിച്ചിട്ടില്ല. അതിൽ സർക്കാർ ഉദ്യോഗസ്ഥർ എത്ര, അധ്യാപകർ എത്ര, എന്നതിന്റെ കണക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ആരോഗ്യ വകുപ്പിലൂടെയും എത്രയോ മുമ്പ് തന്നെ സർക്കാരിന് കിട്ടിയിരിക്കുമല്ലോ. സർക്കാർ ജീവനക്കാരും അധ്യാപകരും വാക്സിൻ എടുക്കാതെ ഓഫിസ് ജോലി ചെയ്യാനും ക്ലാസ് എടുക്കാനും തുനിഞ്ഞാൽ വീണ്ടുമൊരു കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് എന്തുകൊണ്ട് സർക്കാർ കാലേക്കൂട്ടി കണ്ടില്ല. അവലോകന യോഗം ചർച്ച ചെയ്തില്ല. ഒരാൾക്കും നിർബന്ധിച്ച് വാക്സിൻ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നത് ശരിയാണ്. അങ്ങനെയല്ലല്ലോ സർക്കാർ ശമ്പളം പറ്റുന്നവർ. അവർ സർക്കാർ നിബന്ധന പാലിക്കാൻ ബാധ്യസ്ഥരാണ്.
എന്നാൽ, ഒരു സുപ്രഭാതത്തിൽ വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരും സർക്കാർ ജീവനക്കാരും ആഴ്ചതോറും ആർ.ടി.പി.സി.ആർ എടുക്കണമെന്നും എന്നിട്ടു മതി ജോലിയിൽ പ്രവേശിക്കലുമെന്ന അവലോകന യോഗ തീരുമാനം അപ്രായോഗികമാണ്. ഇതിന്റെ പ്രായോഗികതയെ സംബന്ധിച്ച് അവലോകന യോഗം ചർച്ച ചെയ്തുവോ? നേരത്തെ ഇതു സംബന്ധിച്ച് സർക്കുലറോ, അറിയിപ്പോ സർക്കാർ ജീവനകാർക്കും അധ്യാപകർക്കും നൽകിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ സർക്കാർ നടപടിയെ ന്യായീകരിക്കാമായിരുന്നു. വാക്സിൻ സ്വീകരിക്കാത്ത, രോഗികളല്ലാത്ത അധ്യാപകരും സർക്കാർ ജീവനക്കാരും കടുത്ത അനീതിയാണ് വിദ്യാർഥികളോടും പൊതുസമൂഹത്തോടും ചെയ്തത് എന്നതിന് തർക്കമില്ല. അതിന് പിടിപ്പുകേട് കൊണ്ടും അപ്രായോഗികമായ തീരുമാനങ്ങൾ കൊണ്ടുമായിരുന്നില്ല സർക്കാർ പരിഹാരം കാണേണ്ടിയിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.