
ലഖ്നൗ
ഉത്തർപ്രദേശിൽ മന്ത്രിമാരടക്കം എം.എൽ.എമാർ ബി.ജെ.പി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നതിനു പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ്.
തങ്ങളുടെ റൂമുകൾ നിറഞ്ഞുകവിഞ്ഞെന്നും ഇനിയൊരു മന്ത്രിയെയോ എം.എൽ.എയെയോ ഉൾക്കൊള്ളാൻ ഇവിടെ സ്ഥലമില്ലെന്നുമായിരുന്നു അദ്ദേഹം പരിഹസിച്ചത്.
ബി.ജെ.പിയിൽനിന്ന് രാജിവച്ച രണ്ടു മന്ത്രിമാരടക്കമുള്ള ഏഴ് എം.എൽ.എമാർ കഴിഞ്ഞ ദിവസങ്ങളിൽ സമാജ് വാദി പാർട്ടിയിൽ ചേർന്നിരുന്നു. കൂടുതൽ മന്ത്രിമാരും നിയമസഭാംഗങ്ങളും ബി.ജെ.പി വിടുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ബി.ജെ.പിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കണക്കിനു പരിഹസിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. ഇനി വരുന്നവരെ ഉൾക്കൊള്ളാൻ ഇവിടെ സ്ഥലമില്ലെന്നും വേണമെങ്കിൽ അത്തരം നേതാക്കൾക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന പിന്നോക്ക നേതാക്കളും മന്ത്രിമാരുമായ സ്വാമിപ്രസാദ് മൗര്യ, ധരം സിങ് സൈന എന്നിവരടക്കമുള്ളവരായിരുന്നു കഴിഞ്ഞദിവസങ്ങളിൽ ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്നത്.
ബി.ജെ.പിയുടെ വിക്കറ്റുകൾ ഓരോന്നായി വീണുകൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥിന് ക്രിക്കറ്റ് കളിക്കാനറിയില്ലെന്നും പരിഹസിച്ച് അഖിലേഷ് യാദവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
അതേസമയം, ഗൊരഖ്പൂരിൽ നിന്നുതന്നെ മത്സരിക്കാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനത്തെയും അദ്ദേഹം പരിഹസിച്ചു.
അയോധ്യയിൽനിന്ന് മത്സരിക്കും, മഥുരയിൽനിന്ന് മത്സരിക്കും എന്നൊക്കെയായിരുന്നു മുൻ പ്രഖ്യാപനങ്ങൾ.
അതൊന്നും വേണ്ടെന്നു തീരുമാനിച്ചത് നല്ലതാണെന്ന് പറഞ്ഞ അഖിലേഷ്, ഗൊരഖ്പൂരിൽ തന്നെ തുടരുന്നതാണ് യോഗിക്കു നല്ലതെന്നും കൂട്ടിച്ചേർത്തു.