അന്വേഷണത്തില്‍ നിന്ന് തടിയൂരാന്‍ പൊലിസ്
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ നിലവിലെ പ്രത്യേകസംഘം കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടേക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കുറ്റപത്രത്തിലൂടെ ആവശ്യപ്പെടാനാണ് നീക്കം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന കുഴല്‍പ്പണമാണ് പ്രതികള്‍ കവര്‍ന്നതെന്ന് നേരത്തെ അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഇതിന് വ്യക്തമായ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നേരത്തെ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിന് വിപരീതമായി കുറ്റപത്രം നല്‍കിയാല്‍ കുറ്റപത്രം തന്നെ റദ്ദാക്കുന്നതിന് ഇടയാകും. അതിനാല്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്ന് കുഴല്‍പ്പണക്കടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുകയും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള ഏക വഴി. കവര്‍ച്ചയ്ക്കുപിന്നില്‍ നിഗൂഢതകളുണ്ടെന്നും പണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളിലേക്കുള്ള അന്വേഷണത്തില്‍ നിന്ന് തടിയൂരാനാണ് പൊലിസിന്റെ നീക്കം.
Comments are closed for this post.