2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടരുതെന്ന് ഒറ്റക്കെട്ടായി നേതാക്കൾ മുസ്‌ലിം സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
വഖ്ഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിൽ മുസ്‌ലിം സംഘടനാ നേതാക്കളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തില്‍ സര്‍ക്കാരിനു തുറന്ന മനസാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെ 11 സംഘടനകളുടെ നേതാക്കളുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുന്നതിനെ സംഘടനാ നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. വിവിധ വിഷയങ്ങളില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും എന്നാല്‍, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും വഖ്ഫ് നിയമനം പി.എസ്.സിക്കു വിട്ടിട്ടില്ലെന്നും സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വഖ്ഫ് നിയമനം പി.എസ്.സിക്കു വിടുന്നത് മറ്റു സംസ്ഥാനങ്ങളില്‍ മുസ് ലിം സമുദായത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. വഖ്ഫ് സ്വത്ത് വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അതിന്റെ ചുമതലയിലേക്ക് വിശ്വാസികളല്ലാത്തവര്‍ വരുന്നത് സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളും സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയം നിയമമായി മാറിയ സാഹചര്യത്തില്‍ നിയമസഭാ നടപടി ക്രമങ്ങളിലൂടെ നിയമം പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കുറ്റമറ്റ രീതിയില്‍ നിയമനത്തിനു സംവിധാനമൊരുക്കുമ്പോള്‍ മതസംഘടനാ പ്രതിനിധികളെയും വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയൊരു സമിതി രൂപീകരിക്കണം. അല്ലെങ്കില്‍ പഴയ സംവിധാനം പുനഃസ്ഥാപിക്കണം. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, സദസിന്റെ പൊതുവികാരം മാനിക്കുന്നുവെന്നും വ്യക്തമാക്കി.മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ പ്രതീക്ഷയുണ്ടെന്ന് യോഗത്തിനു ശേഷം സമസ്ത നേതാക്കള്‍ പ്രതികരിച്ചു.

   

സമസ്തയെ പ്രതിനിധീകരിച്ച് കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഇസ്മാഈല്‍ കുഞ്ഞ് ഹാജി, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
വഖ്ഫ് നിയമന വിഷയത്തില്‍ 2021 ഡിസംബര്‍ ഏഴിനു സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ് ലിം സംഘടനാ നേതാക്കളുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും പിന്നീട് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ മുഖ്യമന്ത്രി നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിവിധ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

മന്ത്രി വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹീമുല്‍ ഖലീലുൽ ബുഖാരി തങ്ങള്‍, എ. സെയ്ഫുദ്ദീന്‍ ഹാജി (കേരള മുസ്‌ലിം ജമാഅത്ത്), കടയ്ക്കല്‍ അബ്ദുൽ അസീസ് മൗലവി (ജമാഅത്ത് ഫെഡറേഷൻ), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍ (കെ.എൻ.എം), ടി.കെ അഷ്‌റഫ്, ഡോ. നഫീസ് (വിസ്ഡം), ഡോ. ഐ.പി അബ്ദുല്‍ സലാം, എന്‍.എ. അബ്ദുല്‍ ജലീല്‍ (മര്‍കസുദ്ദഅ്‌വ), ഡോ. ഫസല്‍ ഗഫൂര്‍, പ്രൊഫ. കടവനാട് മുഹമ്മദ് (എം.ഇ.എസ്), ഡോ. ഇ. മുഹമ്മദ് ഷരീഫ്, അഹമ്മദ് കുഞ്ഞ് (എം.എസ്.എസ്), കെ.എം ഹാരിസ്, കരമന ബയാര്‍ (കേരള മുസ് ലിം ജമാഅത്ത് കൗണ്‍സിൽ), സെയ്നുല്‍ ആബിദീന്‍ കെ.പി, ഹാരിഫ് ഹാജി (തബ്‌ലീഗ് ജമാഅത്ത്), എ.ഐ മുബീന്‍, പ്രൊഫ. ഇ. അബ്ദുല്‍ റഷീദ് (മെക്ക) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ് ലാമിക്ക് ക്ഷണമുണ്ടായിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.