2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മഹാരാഷ്ട്രയിലും ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ


മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കം തുടർന്നുകൊണ്ടിരിക്കുകയാണ്. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം കൂറുമാറ്റനിരോധന നിയമത്തെ നോക്കുകുത്തിയാക്കി എം.എൽ.എമാർ കൂട്ടത്തോടെ കൂറുമാറുന്നതും ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ അട്ടിമറിക്കപ്പെടുന്നതും വാർത്തയല്ലാതായിട്ടുണ്ട്. ശിവസേനാ മന്ത്രിയും നിയമസഭാകക്ഷി നേതാവുമായ ഏക്‌നാഥ് ഷിൻഡെ 20ലേറെ എം.എൽ.എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാർ പ്രതിസന്ധിയിലായത്. കൂടുതൽ എം.എൽ.എമാർ ഷിൻഡെയ്‌ക്കൊപ്പം ശിവസേന വിടുമെന്നാണു സൂചന. 46 പേർ ഒപ്പമുണ്ടെന്നാണു ഷിൻഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കിൽ കൂറുമാറ്റനിരോധന നിയമത്തെ മറികടക്കാം. സ്വന്തമായി സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനും ബി.ജെ.പി നീക്കമാരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മിരിൽ ജനാധിപത്യമൂല്യങ്ങൾ അട്ടിമറിച്ച് വർഷങ്ങളായി രാഷ്ട്രപതി ഭരണം നടക്കുകയാണല്ലോ.

മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായും ഷിൻഡെയടക്കമുള്ള പത്തോളം എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ടെന്നുമുള്ള വിവരം ഇന്റലിജൻസ് വിഭാഗം രണ്ടുമാസം മുമ്പുതന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൈമാറിയതാണ്. ശിവസേന എം.എൽ.എമാർക്കിടയിൽ വളരുന്ന അതൃപ്തിയെക്കുറിച്ചുള്ള ആശങ്ക എൻ.സി.പി അധ്യക്ഷൻ ശരത് പവാറും ഉദ്ധവിനെ അറിയിച്ചിരുന്നു. പാർട്ടിയിലും മന്ത്രിസഭയിലും തനിക്കു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിൻഡെ പരാതിയുന്നയിച്ചിരുന്നു. 2004 മുതൽ 2019 വരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് തുടർച്ചയായി നാലുവട്ടം തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഏക്‌നാഥ് ഷിൻഡെ. മകൻ ശ്രീകാന്ത് ഷിൻഡെ ലോക്‌സഭാ എം.പിയാണ്. സഹോദരൻ പ്രകാശ് ഷിൻഡെ കൗൺസിലറും. പാർട്ടിയുടെ വിശ്വസ്തനായിരുന്ന ഷിൻഡെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവിശ്വസിച്ചിരുന്നില്ലെന്ന് വ്യക്തം. ശിവസേനയുടെ എല്ലാ സുപ്രധാന കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളെടുക്കുന്നതിന് മുന്നിലുണ്ടായിരുന്നയാളാണ് ഇപ്പോൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

അടുത്തിടെ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അഞ്ച് സീറ്റിലും മഹാവികാസ് അഘാഡി സഖ്യത്തിലുള്ള എൻ.സി.പിയും ശിവസേനയും രണ്ടുവീതം സീറ്റുകളിലും ജയിച്ചിരുന്നു. പത്ത് എം.എൽ.സി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അഞ്ചും മഹാവികാസ് അഘാഡി സഖ്യം ആറും സ്ഥാനാർഥികളെയാണ് നിർത്തിയത്. മഹാരാഷ്ട്ര നിയമസഭയിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരാണുള്ളത്. അഞ്ച് എം.എൽ.സിമാരെ തെരഞ്ഞെടുക്കാനുള്ള വോട്ടില്ലാതിരുന്നിട്ടും ബി.ജെ.പിയുടെ അഞ്ചു സ്ഥാനാർഥികളും ജയിച്ചു. ശിവസേനയുടെയും കോൺഗ്രസിന്റെയും ചില എം.എൽ.എമാർ തങ്ങൾക്ക് ക്രോസ് വോട്ട് ചെയ്തതായി ബി.ജെ.പി നേതാക്കൾ തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഷിൻഡെ എം.എൽ.എമാരുമായി ഗുജറാത്തിലേക്കു കടന്നത്. കോൺഗ്രസും എൻ.സി.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബി.ജെ.പിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ തിരിച്ചെത്താമെന്നാണ് ഷിൻഡെ ഫോണിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചിരിക്കുന്നത്. ഷിൻഡെയുടെ നീക്കം ബി.ജെ.പിക്ക് വേണ്ടിയാണെന്നതിന് കൂടുതൽ തെളിവു വേണ്ട.

രാജ്യത്ത് കുതിരക്കച്ചവടവും കൂറുമാറ്റവും എല്ലാകാലത്തുമുണ്ടായിരുന്നു. എന്നാൽ, ജനാധിപത്യ സംവിധാനത്തിന്റെ അടിവേരറുക്കുംവിധം കൂറുമാറ്റവും റിസോട്ട് രാഷ്ട്രീയവും സജീവമായത് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷമാണ്. ഒറ്റയ്ക്ക് അധികാരം പിടിച്ചാലും കേന്ദ്രത്തിൽ ബി.ജെ.പി ഇരിക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരാനാവുമെന്ന് ഉറപ്പില്ലാത്ത സാഹചര്യം നിലനിൽക്കുന്നത് രാജ്യത്തെ ജനാധിപത്യത്തിനും വികസനത്തിനും ഗുണംചെയ്യില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെയാണ് അസ്ഥിരതയിലേക്ക് തള്ളിവിടുന്നത്. കോടികൾ മുടക്കിയും സ്വന്തം ഇംഗിതങ്ങൾക്ക് അനുസരിച്ച് മാത്രം തുള്ളുന്ന ഗവർണർമാരിലൂടെയും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിനു നാണക്കേടാണ്.

2014ൽ അരുണാചൽ പ്രദേശിൽ നിന്ന് ആരംഭിച്ചതാണ് ജനാധിപത്യത്തെ തകർക്കുന്ന ബി.ജെ.പിയുടെ അട്ടിമറികൾ. 60 അംഗ നിയമസഭയിൽ 44 സീറ്റിൽ വിജയിച്ച കോൺഗ്രസിന് സ്വസ്ഥമായി ഭരിക്കാനായില്ല. രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ രാഷ്ട്രപതി ഭരണം. പിന്നീട് ബി.ജെ.പി പിന്തുണയുള്ള സർക്കാർ അധികാരത്തിൽ. ഗോവയിലെ നാൽപതംഗ നിയമസഭയിൽ 2017ൽ 17 സീറ്റ് നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ ഭരിച്ചത് 13 സീറ്റ് നേടിയ ബി.ജെ.പി! മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെയും 22ഓളം കോൺഗ്രസ് എം.എൽ.മാരെയും വിലയ്ക്കെടുത്താണ്. ഇപ്പോൾ കർണാടകയിൽ ബി.ജെ.പി ഭരിക്കുന്നത് ഇത്തരത്തിലൊരു അട്ടിമറിയിലൂടെ അധികാരം പിടിച്ചാണെന്നത് കാണാതെപോകരുത്. പുതുച്ചേരിയിലെ കോൺഗ്രസ് ഭരണം അട്ടിമറിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ്.

മഹാരാഷ്ട്രയിൽ ബി.ജെ.പി കണ്ണുവയ്ക്കാൻ നിരവധി കാരണങ്ങളുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി ഏറെ കൊതിച്ച കിട്ടാക്കനിയാണ് മഹാരാഷ്ട്ര. സമീപകാലത്തായി ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കു തിരിച്ചടികളുണ്ടാകുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. പൊലിസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് ബി.ജെ.പിക്ക് തിരിച്ചടി നൽകുന്നത് മഹാരാഷ്ട്ര സർക്കാരാണ്. പ്രവാചകനിന്ദാ വിവാദത്തിൽ നൂപുർ ശർമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത് മുംബൈ പൊലിസാണ്. സുള്ളി ഡീൽസ് കേസിലും ബുള്ളി ഭായ് കേസിലും ഡൽഹി പൊലിസിന് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്യേണ്ടിവന്നത് മുംബൈ പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടിത്തുടങ്ങുകയും ചെയ്തതോടെയാണ്. ശരത് പവാറിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷ നീക്കങ്ങൾക്ക് മുംബൈ വേദിയാകുന്നത് മഹാരാഷ്ട്രയിൽ അധികാരമുണ്ടെന്ന ഏക സുരക്ഷിതത്വത്തിൽ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ചുരുങ്ങിയ കാലയളവിൽ ബി.ജെ.പിക്ക് കീഴിൽ ഒരുപാട് നഷ്ടപ്പെട്ടിരിക്കുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്താണ് അതിനെ ചെറുക്കാനുള്ള പോംവഴിയെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.