2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാലോളി കമ്മിറ്റി ശുപാര്‍ശയില്‍ നടപ്പാക്കാതെ നിരവധി പദ്ധതികള്‍ സ്‌കോളര്‍ഷിപ്പ് വിതരണത്തിലും കടുത്ത വിവേചനം

പി.കെ മുഹമ്മദ് ഹാത്തിഫ്

തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം മാറുമ്പോഴും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപ്പാക്കാതെ നിരവധി പദ്ധതികള്‍. കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തൊഴില്‍ സംവരണം, വഖ്ഫ് എന്നിവയില്‍ മാത്രം നടപ്പാക്കാന്‍ ബാക്കിയുള്ളത് നിരവധി പദ്ധതികളാണ്. മുസ്‌ലിം പിന്നോക്ക മേഖലകളില്‍ പ്ലസ്ടുവിനും ഉന്നത പഠനത്തിനും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കല്‍, സ്വയം തൊഴിലിനുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കല്‍, അറബിക് സര്‍വകലാശാല, പി.എസ്.സിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങളിലെ ബാക്ക്‌ലോഗ് നികത്തല്‍, തീരദേശ മേഖലകളിലുള്ളവരുടെ ഉന്നമനത്തിനായുള്ള പദ്ധതി തുടങ്ങി നിരവധി ശുപാര്‍ശകളാണ് നടപ്പിലാക്കാതെ അവശേഷിക്കുന്നത്.
ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കാന്‍ യാതൊരുവിധ നിയമ തടസവും ഇല്ലെന്നിരിക്കെ, ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ല. അവശേഷിക്കുന്ന ഈ ശുപാര്‍ശകള്‍ നിയമ പരിരക്ഷയോടെ മുഴുവനായും നടപ്പാക്കണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നില്ല.

ഇതിനുപുറമെ സ്‌കോളര്‍ഷിപ്പ് വിതരണത്തിലും വലിയ വിവേചനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മുന്നോക്ക, പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഒരേ കോഴ്‌സിന് രണ്ട് തരം തുക അനുവദിച്ചു കൊണ്ടുള്ള കടുത്ത വിവേചനവും നിലവിലുണ്ട്.
മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഹൈസ്‌കൂള്‍ തലം 2000 രൂപ, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 4000 രൂപ, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ – 50000 രൂപ, എം.ഫില്‍- 25000 രൂപ, പി.എച്ച്.ഡി – 25000 രൂപ എന്നിങ്ങനെ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഈ മേഖലകളില്‍ ഒരു സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല. ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മാത്രമായി മുന്നോക്ക വിഭാഗത്തിന് അനുവദിക്കുന്ന തുകയേക്കാള്‍ കുറഞ്ഞ സംഖ്യയാണ് സ്‌കോളര്‍ഷിപ്പായി പിന്നോക്ക വിഭാഗത്തിന് ലഭിക്കുന്നത്. പി.എസ്.സിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. മുന്നോക്ക വിഭാഗത്തിന് അനുവദിച്ച സാമ്പത്തിക സംവരണം എല്ലായിടത്തും പത്ത് ശതമാനം പൂര്‍ത്തീകരിച്ചു നല്‍കുമ്പോള്‍ മുസ്‌ലിം സംവരണം രണ്ടും അഞ്ചും ഏഴും ശതമാനമായി പല തലങ്ങളിലും ചുരുക്കിയാണ് നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.