2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

അഭിവാദ്യങ്ങൾ, ഓരോ വോട്ടർക്കും

രാജീവ് കുമാർ

ഇന്ന്, ജനുവരി 25, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപക ദിനം. 2011 മുതൽ ഈ ദിവസം ദേശീയ സമ്മതിദായക ദിനമായി ആചരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മൗലിക നിലനിൽപ്പിന്റെ അടിസ്ഥാനഘടകമായ ഓരോ പൗരനെയും വോട്ടർ എന്ന നിലയിൽ അവർക്കുള്ള അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1950 ജനുവരി 25ന് ഒന്നാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ(ഇ.സി.ഐ) സ്ഥാപിതമായത്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് രൂപംനൽകിയ ഭരണഘടനാ അസംബ്ലി, പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് ആർട്ടിക്കിൾ 324 അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക ഭരണഘടനാ പദവിതന്നെ നൽകി. കുറഞ്ഞ സാക്ഷരതയും വോട്ടർപട്ടിക എന്ന ആശയംപോലും നിലവിൽ ഇല്ലാത്തതുമായ കാലഘട്ടത്തിൽ പ്രായപൂർത്തിയായവർക്കുള്ള വോട്ടവകാശത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തുന്നതിന് സ്വയംഭരണാധികാരമുള്ള ഒരു കമ്മിഷൻ രൂപീകരിച്ചു എന്നത് ഭരണഘടനാ അസംബ്ലിയുടെ ദീർഘവീക്ഷണത്തിൻ്റെ അടയാളമാണ്.

രാജ്യത്തെ ഇതുവരെയുള്ള ചരിത്രത്തിൽ കഴിഞ്ഞുപോയ 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകളും 399 നിയമസഭാ തെരഞ്ഞെടുപ്പുകളും 16 പ്രാവശ്യം രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയുടെയും നിഷ്പക്ഷതയുടെയും അടയാളമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 400ാം നിയമസഭാ തെരഞ്ഞെടുപ്പാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ലോക ജനാധിപത്യ ചരിത്രത്തിൽ, മറ്റു രാജ്യങ്ങൾ പലപ്പോഴും നേരിട്ടതുപോലെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കലും തർക്കത്തിലായിട്ടില്ല എന്നത് അഭിമാന വസ്തുതയാണ്.(വ്യക്തിഗത തെരഞ്ഞെടുപ്പ് ഹരജികൾ ഉണ്ടെങ്കിലും അവ പരിഗണിക്കുന്നത് ബന്ധപ്പെട്ട ഹൈക്കോടതികളാണ്).
രാജ്യത്തെ രാഷ്ട്രീയപാർട്ടികളുടെയും പൗരന്മാരുടെയും വിശ്വാസം നേടിയെടുക്കാനും അത് വർധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞിട്ടുണ്ട്. ആ വിശ്വാസം കൂടുതൽ ആഴത്തിലേക്ക് ഊട്ടിയുറപ്പിക്കുക എന്നത് കമ്മിഷന്റെ പ്രതിബദ്ധതയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തമായ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിന് നിർണായകമാണ്. ഊർജസ്വലമായ ഒരു ജനാധിപത്യ സംവിധാനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും വിശ്വസനീയവുമായിരിക്കണം.

ഒരോ പൗരനുമുള്ള വോട്ടവകാശം, അത് വിനിയോഗിക്കപ്പെടുമ്പോൾ മാത്രമാണ് ശക്തിയുള്ളതാകുന്നത്. പൗരന്മാർ ജനാധിപത്യ സംവിധാനത്തിൽ കടമകൾ ഏറ്റവും പ്രാധാന്യത്തോടെ നിർവഹിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 94 കോടിയിലധികം രജിസ്റ്റർ ചെയ്ത വോട്ടർമാരാണുള്ളത്. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരിൽ 67.4 ശതമാനം പേരാണ് വോട്ട് ചെയ്യാനെത്തിയത്. ശേഷിക്കുന്ന 30 കോടി പേരെയും ബൂത്തുകളിലേക്ക് എത്തിക്കുക എന്നതാണ് ഇന്നത്തെ പ്രധാന വെല്ലുവിളി. വോട്ടവകാശം വിനിയോഗിക്കുക എന്നത് സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും മുഴുവൻ വോട്ടർമാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിവരുന്നുണ്ട്.
ശതാബ്ദി കഴിഞ്ഞ രണ്ടു ലക്ഷത്തിലധികം വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിൽ ഞാൻ പ്രത്യേകമായി കത്തയച്ച് അഭിനന്ദിച്ചിരുന്നു. രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിലെ ആദ്യ വോട്ടറായ ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗി കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ് അന്തരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നതിന് ഞാൻ അവിടെ പോയിരുന്നു. അദ്ദേഹം 106 വയസുവരെയുള്ള ജീവിതകാലത്ത് ഒരിക്കൽ പോലും വോട്ട് ചെയ്യാതിരുന്നിട്ടില്ല എന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രചോദനത്തിൻ്റെ അനുഭവമാണ്.

പുതുതലമുറയിലെ വോട്ടർമാരാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ ഇനിയുള്ള കാലത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവർ എങ്ങനെ സജീവമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർഥിയുടെയും പശ്ചാത്തലം അറിയുക എന്നത് വോട്ടറുടെ അവകാശമാണ്. അതുകൊണ്ടാണ് സ്ഥാനാർഥികൾ, ഓരോരുത്തരും തങ്ങൾക്കെതിരേയുള്ള ക്രിമിനൽ കേസുകൾ പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നത്. തെരഞ്ഞെടുപ്പിനെ കായികബലം കൊണ്ടു ഹൈജാക്ക് ചെയ്യുന്ന രീതികളെ പൂർണമായും അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ സംഘർഷങ്ങൾ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ പണമൊഴുക്കലും ഇപ്പോഴും തുടരുന്ന വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കർശന നടപടികൾ തന്നെ സ്വീകരിക്കുന്നുണ്ട്. സി വിജിൽ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ വോട്ടർമാരെ സഹായിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളും ദൃശ്യങ്ങളും നമുക്ക് മുൻപിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിലും ഓരോരുത്തരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

‘Nothing Like Voting, Vote for Sure’ എന്നതാണ് ഈ വർഷത്തെ സമ്മതിദായക ദിനത്തിന്റെ പ്രമേയം. ഓരോ പൗരനും അഭിമാനപൂർവം വോട്ടർ എന്ന നിലയിൽ കടമ നിർവഹിച്ചാൽ, അത് നമ്മുടെ ഭരണതലത്തിൽ കൃത്യമായ പ്രതിഫലനം സൃഷ്ടിക്കുക തന്നെ ചെയ്യും. സമ്മതിദായക ദിനാശംസകൾ.

(ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് ലേഖകൻ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.