2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

80:20 അനുപാതം തുടരണം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഇതുവരെയുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫിന്റെ നിലപാടുകളും ആശങ്കകളും സുപ്രഭാതം പ്രതിനിധി ആദില്‍ ആറാട്ടുപുഴയോട് പങ്കുവയ്ക്കുകയാണ് പ്രതിപക്ഷ നേതാവ്
വി.ഡി സതീശന്‍

 

?ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു.ഡി.എഫിന്റെ നിലപാടെന്താണ്. യു.ഡി.എഫിലെ ഘടകകക്ഷികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗവും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മുന്നണിക്കുള്ളില്‍ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടോ

യു.ഡി.എഫിന് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. വിവാദ പശ്ചാത്തലത്തില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു ചിലര്‍ പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണം, കൂടെ മറ്റുള്ളവര്‍ക്കും കൊടുക്കണമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. പി.ജെ ജോസഫ് കോടതി നടപടിയെ സ്വാഗതം ചെയ്തു എന്നത് ശരിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആനുപാതികമായി ഇത് വിതരണം നടത്തണമെന്നും എന്നാല്‍ കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് കുറവുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇങ്ങനൊയാക്കെയാണെങ്കിലും സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടായാലും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടായാലും മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. പിന്നീട് അത് ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി കൊടുക്കാന്‍ തീരുമാനമെടുത്തു. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കുറയ്ക്കരുത്.

അത് നിലനിര്‍ത്തണം. എത്ര സ്‌കോളര്‍ഷിപ്പുകളാണോ അവര്‍ക്ക് കിട്ടുന്നത് അത് അവര്‍ക്ക് നല്‍കണം. മറ്റുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേറെ പദ്ധതിയുണ്ടാക്കണം. സര്‍വകക്ഷിയോഗത്തിലോ സമുദായങ്ങളുമായോ ഒക്കെ സംസാരിച്ച് അതില്‍ തീരുമാനമെടുക്കണം. വിദഗ്ധസമിതി പഠനം എന്നുപറഞ്ഞ് നീണ്ടുപോയി ഈ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകരുത്. ഈ വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് അത് കിട്ടാനുള്ള സംവിധാനമുണ്ടാക്കണം. അതേസമയം, സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി പറഞ്ഞതുപോലെ ആനുപാതിക സ്വഭാവത്തില്‍ ഏറ്റവുമവസാനത്തെ സെന്‍സസ് അനുസരിച്ച് നോട്ടിഫൈ ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ആനുപാതികമായത് കൊടുക്കണം. ഇതാണ് യു.ഡി.എഫ് നിലപാട്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന് നല്ല വ്യക്തതയുണ്ട്. കോടതി വിധിയുടെ പേരില്‍ യു.ഡി.എഫ് തമ്മില്‍ത്തല്ലുമെന്നത് തെറ്റിദ്ധാരണയാണ്. നന്നായി പഠിച്ച് തന്നെയാണ് പ്രതികരണം നടത്തിയത്. യു.ഡി.എഫ് ഇതിനെ രാഷ്ട്രീയമാക്കിയെടുത്തിട്ടില്ല. ആരെയെങ്കിലും കബളിപ്പിക്കാനോ ഒളിച്ചു കളിക്കാനോ ശ്രമിച്ചിട്ടുമില്ല.

? എല്‍.ഡി.എഫിലെയും ഘടകകക്ഷികള്‍ പല അഭിപ്രായങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്

സര്‍ക്കാരിന് സര്‍വകക്ഷിയോഗത്തില്‍ ഒരു അഭിപ്രായവുമുണ്ടായിരുന്നില്ല. യോഗം നടത്തുമ്പോള്‍ ഒരു നിര്‍ദേശവുമായാണ് വരേണ്ടത്. ആ കരട് നിര്‍ദേശത്തിന്റെ മേലാണ് ചര്‍ച്ച നടക്കേണ്ടത്. അതുണ്ടായില്ലെന്ന് മാത്രമല്ല, സി.പി.എമ്മിനും സി.പി.ഐക്കും ഈ വിഷയത്തില്‍ അഭിപ്രായവുമുണ്ടായില്ല. സമുദായ മൈത്രിയുണ്ടാകണമെന്നും വിദഗ്ധപഠനം വേണമെന്നും ആര്‍ക്കും പറയാവുന്ന കാര്യമാണ്. അഭിപ്രായം രൂപീകരിക്കാന്‍ എല്‍.ഡി.എഫിനോ സി.പി.എമ്മിനോ കഴിയാത്തിടത്താണ് യു.ഡി.എഫ് ഏകകണ്‌ഠേന നിലപാട് സ്വീകരിച്ചത്. വിധി ഇതേരീതിയില്‍ നടപ്പാക്കണമെന്നാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടത്. ഐ.എന്‍.എല്ലാകട്ടെ ഏകദേശം യു.ഡി.എഫിന്റെ അഭിപ്രായത്തോട് യോജിച്ചാണ് നിലപാട് പറഞ്ഞത്. ഇതൊക്കെ കാണിക്കുന്നത് എല്‍.ഡി.എഫിന് ഒറ്റയ്ക്ക് ഒരു അഭിപ്രായമില്ലെന്നതാണ്.

? സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ പ്രത്യേകമായ കരട് നിര്‍ദേശം സമര്‍പ്പിക്കാതിരുന്നത് പ്രശ്‌നം വീണ്ടും സങ്കീര്‍ണമാകാന്‍ ഇടവരില്ലേ

മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ കരട് നിര്‍ദേശം സമര്‍പ്പിക്കണമായിരുന്നു. വിദഗ്ധസമിതി പഠനം എന്നൊക്കെ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ഈ വര്‍ഷം കിട്ടേണ്ട സ്‌കോളര്‍ഷിപ്പ് പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടായേക്കും. അതുണ്ടാകരുതെന്ന് യു.ഡി.എഫ് സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

? ഈയൊരു തര്‍ക്കവും വ്യക്തതയില്ലായ്മയും പ്രശ്‌ന പരിഹാരത്തിന് തടസമാകില്ലേ

എല്‍.ഡി.എഫുണ്ടാക്കിയ കുഴപ്പമാണിത്. അത് അവര്‍ക്കുതന്നെ ഇപ്പോള്‍ വിനയായിരിക്കുകയാണ്. കൃത്യമായ നിലപാടെടുക്കാന്‍ എല്‍.ഡി.എഫിനാകുന്നില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ക്രഡിറ്റ് കേന്ദ്രത്തിന് കിട്ടാതിരിക്കാന്‍ പാലോളി കമ്മിറ്റിയെ നിയമിച്ചിടത്ത് തുടങ്ങിയതാണ് ഇടതുപക്ഷത്തിന്റെ ഈ വിഷയത്തിലെ വ്യക്തതയില്ലായ്മ. യു.ഡി.എഫിനെ മാതൃകയാക്കി അവരും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ. ഇത്രയും ദിവസമായിട്ട് അവര്‍ ചര്‍ച്ച ചെയ്യാത്തതെന്തുകൊണ്ടാണ്.

?ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കോടതിവിധിയുടെ മറപറ്റിമുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലകറ്റാന്‍ സങ്കുചിതമായ ശ്രമം നടക്കുന്നുണ്ടോ

വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് ശ്രമം. മുസ്‌ലിം-ക്രിസ്ത്യന്‍ പ്രശ്‌നമാക്കി ഇരുവിഭാഗങ്ങളെയും അകറ്റണമെന്നാഗ്രഹിക്കുന്ന വലിയ ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. അത് എല്ലാവരും മനസിലാക്കണം. അവര്‍ക്കുവേണ്ടി നിന്നുകൊടുക്കരുത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രചരിപ്പിക്കുന്ന വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കരുത്. ക്രൈസ്തവവിഭാഗത്തിന്റെയോ മുസ്‌ലിംവിഭാഗത്തിന്റെയോ അറിവോടുകൂടിയല്ല ഇതൊക്കെ നടക്കുന്നത്. ഇതിന്റെ ഇടയില്‍ വേറെ കള്ളന്‍ കയറിയിട്ടുണ്ട്. അത് രണ്ടുകൂട്ടരും മനസിലാക്കണം. സംയമനത്തോടെ അവസരത്തിനൊത്തുയര്‍ന്ന് ഇതിനോട് പ്രതികരിക്കണം. യു.ഡി.എഫിനെയും മുസ്‌ലിം ലീഗിനെയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നു എന്നത് ശരിയാണ്. കാരണം ആരും അന്ന് ആക്ഷേപം പറഞ്ഞിരുന്നില്ല. പിന്നീടാണ് ആക്ഷേപങ്ങളുയര്‍ന്നത്. ആ അവസരത്തില്‍ അത് പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. തുറന്ന മനസോടെ ഇതിനെ സമീപിച്ച്, വിഷയങ്ങള്‍ പഠിച്ച് സമുദായ സൗഹാര്‍ദമുണ്ടാക്കാനും സാമുദായിക മൈത്രിയുണ്ടാകാനും ഇതിന്റെ പേരില്‍ മതവിഭാഗങ്ങള്‍ തമ്മിലടിക്കാന്‍ ഇടനല്‍കാതെ പ്രശ്‌നപരിഹാരം നടത്താനാണ് ശ്രമിക്കേണ്ടത്. ഒരു സംഘര്‍ഷമോ അകല്‍ച്ചയോ ഉണ്ടാകരുത്. കേരളത്തില്‍ അതിന്റെ ആവശ്യമില്ല.

? മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരേയും മുസ്‌ലിം ലീഗിനെതിരേയും നടക്കുന്ന പ്രചാരണങ്ങളോട് എന്താണ് പ്രതികരണം

2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതെന്നും ലീഗ് ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടേണ്ടതിന്റെ 80 ശതമാനം മുസ്‌ലിംകള്‍ക്കായി കവര്‍ന്നെടുത്ത് ബാക്കി 20 ശതമാനം മറ്റുള്ളവര്‍ക്ക് കൊടുത്തു തുടങ്ങിയ പ്രചാരണങ്ങളൊക്കെ എത്രവേഗമാണ് കെട്ടടങ്ങിയത്. ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് തല്‍പ്പര കക്ഷികള്‍ മനസിലാക്കണം. 2011 ഫെബ്രുവരിയില്‍ പാലോളി മുഹമ്മദ് കമ്മിറ്റിയാണ് ഇതുണ്ടാക്കിയതെന്ന് ജനങ്ങള്‍ക്ക് അധിക സമയത്തിനുള്ളില്‍ തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടല്ലോ.

? മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി കൊണ്ടുവന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ 80:20 എന്ന അനുപാതത്തില്‍ നടപ്പാക്കിയതിന് പിന്നിലെ വസ്തുത സമുദായങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോയെന്ന് അഭിപ്രായമുണ്ടോ

ആരും ശ്രദ്ധിച്ചില്ല എന്നതാണ് വാസ്തവം. വിവാദമായപ്പോഴാണ് എല്ലാവരും വിഷയം ശ്രദ്ധിക്കുന്നത്. 2011ല്‍ കൊണ്ടുവന്ന പദ്ധതി കഴിഞ്ഞ രണ്ടു സര്‍ക്കാരുകള്‍ തുടര്‍ന്നു വന്നു. 2015ല്‍ സി.എ, ഐ.സി.ഡബ്ല്യു.എ വിദ്യാര്‍ഥികളെക്കൂടി സ്‌കോളര്‍ഷിപ്പ് പരിധിയില്‍ കൊണ്ടുവന്നു എന്നത് മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇതില്‍ കൊണ്ടുവന്ന മാറ്റം. 80: 20 അനുപാതം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഈ ഓര്‍ഡര്‍ ഇറങ്ങിയത്.
അല്ലാതെ, 2015ലെ ഓര്‍ഡറിന് വേറെ പ്രത്യേകതയൊന്നുമില്ല. 2011ലെ അടിസ്ഥാന ഉത്തരവില്‍ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ് 2015ലുണ്ടായത്. അന്ന് അതിലൊന്നും പരാതിയും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് കേസൊക്കെ വന്ന് വിവാദമാകുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.