റിയാദ്: സഊദി അറേബ്യയിലെ 45 ശതമാനം മരണങ്ങൾക്കും വില്ലനാകുന്നത് ഹൃദയമെന്ന് വിദഗ്‌ധൻ. ഹൃദയാഘാതവും ഹൃദയധമനികളിലുണ്ടാവുന്ന ബ്ലോക്കും ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ മൂലമാണ് സഊദിയിലെ പകുതിയോളം മനുഷ്യരും മരിക്കുന്നതെന്ന് സഊദി ഹാര്‍ട്ട് അസോസിയേഷന്‍ മേധാവി ഡോ. വലീദ് അല്‍ ഹബീബ് പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഭീഷണി ലോകത്ത് ഏറ്റവും അധികമുള്ള രാജ്യങ്ങളിലൊന്നായാണ് സഊദി അറേബ്യയെ കണക്കാക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാവുന്നതും ഹൃദ്രോഗങ്ങള്‍ ആയതിനാൽ ‘പ്രൊട്ടക്ട് യുവര്‍ ഹാര്‍ട്ട്’ എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ് സഊദിയെന്ന് ഡോ. അല്‍ ഹബീബ് അറിയിച്ചു. സഊദിയിലെ പത്ത് ലക്ഷം പേരില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്താന്‍ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതി. സന്നദ്ധ വിഭാഗങ്ങളുടെ കൂടി പിന്തുണയോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന കൊളസ്‍ട്രോള്‍, പുകവലി, പ്രമേഹം, അമിത വണ്ണം, ശാരീരിക അധ്വാനമില്ലാത്ത ജീവിത രീതി, ഭക്ഷണരീതി എന്നിവയാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ജനസംഖ്യയില്‍ 30 ശതമാനത്തില്‍ അധികം പേരും ഹൃദ്രോഗ ഭീഷണികള്‍ നേരിടുന്നവരാണ്. രാജ്യത്ത് ഏറ്റവുമധികം മരണങ്ങള്‍ നടക്കുന്നതും ഹൃദ്രോഗങ്ങള്‍ കൊണ്ടുതന്നെയാണ്.
ചെറുപ്പക്കാരില്‍ ഹൃദ്രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ ഇപ്പോള്‍ പുതുമയല്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള മരണ വാർത്തകൾ നിറയുകയാണ്. അതിനാൽ തന്നെ, ഹൃദയ സംബന്ധമായ രോഗങ്ങൾ കുറച്ച് കൊണ്ടുവരാൻ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.