
ന്യൂയോര്‍ക്ക്: രാജ്യത്തെ ആഫ്രോ അമേരിക്കന്‍ ജനതയോടു കാണിക്കുന്ന വംശീയവിവേചനം മൂലം 20 വര്‍ഷത്തിനിടെ യു.എസ് സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ നഷ്ടം 16 ലക്ഷം കോടി ഡോളര്‍. യു.എസിലെ മൂന്നാമത്തെ വലിയ പ്രമുഖ ബാങ്കായ സിറ്റി ഗ്രൂപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2019ലെ യു.എസ് ജി.ഡി.പി 19.5 ലക്ഷം കോടി ഡോളര്‍ ആയിരുന്നു.
വിദ്യാഭ്യാസം, ബിസിനസ് വായ്പ രംഗങ്ങളിലാണ് വന്‍ നഷ്ടം നേരിട്ടത്. പ്രധാനപ്പെട്ട രംഗങ്ങളില്‍ ആഫ്രോ അമേരിക്കന്‍ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ സമ്പദ്വ്യവസ്ഥയില് അഞ്ചു ലക്ഷം കോടി ഡോളറിന്റെ കുതിപ്പുണ്ടാവുമെന്നും സിറ്റി ഗ്രൂപ്പ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ആനുകാലിക സംഭവങ്ങളോട് പ്രതികരിക്കാനും യു.എസിലെ കറുത്തവംശക്കാര്ക്കു നേരെ ദീര്‍ഘകാലമായി നടന്നുകൊണ്ടിരിക്കുന്ന വിവേചനങ്ങളെ ഇതുമായി ബന്ധപ്പെടുത്താനും തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് കരുതുന്നതായി ബാങ്കിന്റെ വൈസ് ചെയര്‍മാനായ റെയ്മണ്ട് ജെ. മക്ഗ്വയര്‍ പറയുന്നു. ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്കെതിരായ വംശീയ വിവേചനത്തിന്റെ പേരില്‍ വാള്‍സ്ട്രീറ്റ് വര്‍ഷങ്ങളായി ആരോപണങ്ങള്‍ നേരിട്ടുവരുകയാണ്. അവര്‍ക്ക് വേണ്ടത്ര വായ്പ കൊടുക്കുന്നില്ലെന്നും മറ്റുമുള്ള ആരോപണങ്ങള്‍ സിറ്റി ഗ്രൂപ്പിന്റെ പഠനത്തിലും ശരിയാണെന്നു കണ്ടെത്തി.
16 ലക്ഷം കോടി ഡോളര്‍ നഷ്ടം യു.എസ് ജി.ഡി.പിക്ക് വന്നതിന്റെ വിവരങ്ങള്‍ പഠനം വിശദമാക്കുന്നുണ്ട്. ആഫ്രോ-അമേരിക്കന്‍ സംരംഭകരോടുള്ള വിവേചനം മൂലം 13 ലക്ഷം കോടി ഡോളറിന്റെ വരുമാനനഷ്ടമുണ്ടായി. 61 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതും ഇല്ലാതായി. ആഫ്രോ-അമേരിക്കക്കാര്‍ക്ക് വെള്ളക്കാര്‍ക്ക് തുല്യമായ വേതനം നല്കാതിരുന്നതിനാല് 2.7 ലക്ഷം കോടി ഡോളറിന്റെ വരുമാനവും നഷ്ടമായി. അവര്‍ക്ക് വീടുവയ്ക്കാന്‍ വായ്പ അനുവദിക്കാതിരുന്നത് 21,800 കോടി ഡോളര്‍ നഷ്ടമാക്കി.
കറുത്തവംശക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കുക വഴി 9,000-11,300 കോടി ഡോളറിന്റെ വരുമാനവും യു.എസ് സമ്പദ്വ്യവസ്ഥയ്ക്ക് ലഭിക്കുന്നത് ഇല്ലാതായി.
ആഫ്രോഅമേരിക്കക്കാര്ക്കും തുല്യമായ വേതനം നല്‍കുകയും അവര്‍ക്ക് വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകളെ പ്രോല്‍സാഹിപ്പിക്കുകയും വഴി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഈ നഷ്ടത്തിന്റെ മൂന്നിലൊന്ന് നികത്താനാകുമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.