2022 January 27 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തബ്‌ലീഗ് പള്ളിയിലാകാം; കുംഭമേളയില്‍ വേണ്ട

രാജ്യത്ത് കൊവിഡ് അതിഭീകരമാംവിധം പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. കൊവിഡ് ഇത്രമേല്‍ വ്യാപനം ഇല്ലാതിരുന്നപ്പോഴാണ് രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിയുമ്പോള്‍, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാതെ, നിയന്ത്രണങ്ങളില്‍ കര്‍ശന നിലപാട് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചുവരികയാണ്. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു. മരണപ്പെടുന്നവരുടെ സംസ്‌ക്കാരത്തിന് ശ്മശാനങ്ങളില്‍ സ്ഥലമില്ലാതായിരിക്കുന്നു. കൊവിഡ് പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടിരിക്കുന്നു. രോഗബാധിത പ്രദേശങ്ങളില്‍ മാത്രം മൈക്രോ കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുക എന്ന തലത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയിരിക്കുകയാണ്. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സാമ്പത്തികനില പാടെ തകര്‍ക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വ്യാപനത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ്.

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണാണെന്ന് പറയാവുന്ന നിയന്ത്രണങ്ങളാണുള്ളത്. മെഡിക്കല്‍ സംവിധാനങ്ങള്‍ നിസഹായമായിത്തീരുകയും രോഗപ്പകര്‍ച്ച അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാം നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞുകൊണ്ട് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹരിദ്വാറിലെ മഹാകുംഭമേള യാതൊരു വിലക്കുമില്ലാതെ തുടരുന്നത്. കൊവിഡിന്റെ അതിവ്യാപനത്തെത്തുടര്‍ന്ന് കുംഭമേള നിര്‍ത്തിവയ്ക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മതനേതാക്കളുമായി കുംഭമേള നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ലക്ഷങ്ങളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാന്‍ എത്തുന്നത്. ഇത് രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിലെത്തിക്കുമെന്ന് ബോധ്യമുണ്ടായിട്ടും മേള നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇതുവരെ ഉത്തരാഖണ്ഡ് സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ മുമ്പോട്ട് വന്നിട്ടില്ല. കോടതികളെയൊന്നും സമീപിച്ചിട്ടുമില്ല.
ബുധനാഴ്ച ഉച്ചവരെ പത്ത് ലക്ഷം ആളുകളാണ് ഗംഗയില്‍ സ്‌നാനം ചെയ്തത്. ഇതിന് തൊട്ടുമുന്‍പ് 1,925 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. ചൊവ്വാഴ്ച ശേഖരിച്ച 20,000 സാംപിളുകളില്‍ 110 പേര്‍ കൊവിഡ് പോസിറ്റീവായിയെന്ന് കൊവിഡ് ടെസ്റ്റിങ് സെല്‍ വിശദമാക്കിയിരുന്നു. കുംഭമേളയില്‍ പങ്കെടുക്കുന്ന ഒന്‍പത് മതനേതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടാം തരംഗം അതിരൂക്ഷമായിത്തുടരുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. എല്ലാ കൊവിഡ് പ്രോട്ടോക്കോളും വലിച്ചെറിഞ്ഞു ലക്ഷങ്ങള്‍ മുട്ടിയുരുമ്മി ഗംഗയില്‍ സ്‌നാനം നടത്തുന്നതിനെതിരേ എവിടെനിന്നും ഒരപശബ്ദം പോലും ഉയര്‍ന്നില്ല. ആരും കോടതിയില്‍ പരാതിപ്പെട്ടതായും കണ്ടില്ല. പൊലിസ് നടപടിയും ഉണ്ടായില്ല.

ഇതേ കൊറോണ വൈറസ് നിസാമുദ്ദീനിലെ മര്‍കസ് പള്ളിയില്‍ നിന്ന് അതിവേഗം വ്യാപിക്കാന്‍ ഇടയുണ്ടെന്ന് കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലിസും ഡല്‍ഹി ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അതിനാല്‍ 20 പേര്‍ക്ക് മാത്രമേ പള്ളിയില്‍ പ്രവേശനം അനുവദിക്കാവൂ എന്നാവശ്യമാണ് കേന്ദ്രസര്‍ക്കാരും പൊലിസും കോടതിയില്‍ ഉന്നയിച്ചത്. കൊവിഡ് വ്യാപനത്തിനു കാരണമായെന്നാരോപിച്ചായിരുന്നു ഒരു വര്‍ഷം മുന്‍പ് മര്‍കസിലെ ബംഗ്ലെവാലി മസ്ജിദ് പൊലിസ് അടച്ചിട്ടത്. ആരാധനാ കര്‍മങ്ങള്‍ക്കായി പള്ളി തുറന്ന് തരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെ, മറ്റൊരു മതസ്ഥാപനങ്ങള്‍ക്കും മതകര്‍മങ്ങള്‍ക്കുമില്ലാത്ത നിബന്ധന എങ്ങനെ മര്‍കസിനുമേല്‍ മാത്രം അടിച്ചേല്‍പിക്കാന്‍ കഴിയുമെന്ന് കോടതി ചോദിക്കുകയുണ്ടായി. പള്ളി തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെയും പൊലിസിന്റെയും അഭിപ്രായം കോടതി തേടിയിരുന്നു. അതിനുള്ള മറുപടിയിലാണ്, 200 പേരുടെ ലിസ്റ്റുണ്ടാക്കി അതില്‍ 20 പേരെ മാത്രം പ്രവേശിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാരും പൊലിസും മറുപടി നല്‍കിയത്. ഈ നിബന്ധനകളെല്ലാം കോടതി തള്ളിക്കളഞ്ഞു. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും പോകാന്‍ ആര്‍ക്കും അവകാശമുണ്ട്. അവിടെയൊന്നും 200 പേരുടെ ലിസ്റ്റുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് മുക്തഗുപ്ത, പള്ളി തല്‍ക്കാലം പ്രാര്‍ഥനക്കായി തുറന്നുകൊടുക്കുകയാണെന്നും ആളുകള്‍ അവിടെ വന്ന് നിസ്‌കരിച്ച് പോകട്ടെയെന്നും വിധി പറയുകയായിരുന്നു. ഒരു വിഭാഗത്തെ കേന്ദ്രസര്‍ക്കാര്‍ അനീതിയുടെ തമസ് കൊണ്ട് മൂടാന്‍ ശ്രമിക്കുമ്പോഴും, നീതിയുടെ മുഴുവന്‍ വിളക്കുകളും അണഞ്ഞുപോയിട്ടില്ലെന്ന പ്രത്യാശയാണ് ജസ്റ്റിസ് മുക്തഗുപ്തയെ പോലുള്ള ജഡ്ജിമാര്‍ പകരുന്നത്.

തബ്‌ലീഗ് ജമാഅത്തുകാരാണ് രാജ്യത്ത് കൊവിഡ് പകര്‍ത്തുന്നതെന്ന പ്രചണ്ഡമായ പ്രചാരണമായിരുന്നു സംഘ്പരിവാര്‍ രാജ്യത്ത് അഴിച്ചുവിട്ടത്. കുപ്രചാരണത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി പൊലിസ്, നിസാമുദ്ദീനിലെ തബ്‌ലീഗ് മസ്ജിദ് അടച്ചിട്ടു. തുടര്‍ന്ന് ഈ വര്‍ഷത്തെ റമദാനോടനുബന്ധിച്ച് പള്ളി തുറക്കാന്‍ അനുമതി നല്‍കണമെന്ന പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്തഗുപ്ത പള്ളി നിസ്‌കാരത്തിനായി തുറന്നുകൊടുക്കാന്‍ വിധിക്കുകയും ചെയ്തു.

ഏതാനും തബ്‌ലീഗ് ജമാഅത്തു പ്രവര്‍ത്തകര്‍ നിസാമുദ്ദീനിലെ മര്‍കസ് പള്ളിയില്‍ തമ്പടിച്ചു രാജ്യമൊട്ടാകെ കൊവിഡ് പടര്‍ത്തിയെന്ന് സംഘ്പരിവാരും അവരെ താങ്ങുന്ന, അര്‍ണബ് ഗോസ്വാമിമാരും ദൃശ്യ, പത്ര മാധ്യമങ്ങളും പെരുമ്പറ കൊട്ടിയപ്പോള്‍ എല്ലാം നിയന്ത്രണങ്ങളും തട്ടിത്തെറിപ്പിച്ച് ലക്ഷങ്ങള്‍ ഗംഗയില്‍ തോളുരുമ്മി സ്‌നാനം ചെയ്യുന്നത് ഇവിടത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് വിഷയമല്ല. മാസ്‌ക് ധരിക്കാത്തത്, അകലം പാലിക്കാത്തത് ഒരു മുഖ്യധാരാ മാധ്യമത്തിനും വാര്‍ത്തയല്ല. കൊവിഡിന്റെ അതിതീവ്രതയുള്ള രണ്ടാം തരംഗത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാകുംഭമേള റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അതിനിശിതമായ ഭാഷയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കരിനെ വിമര്‍ശിച്ചത്. പത്ത് ലക്ഷത്തോളം ആളുകളാണ് ഹരിദ്വാരിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത്. ചിലപ്പോള്‍ കൊറോണ വൈറസിലും ജാതിയും മതവും കടന്ന് കൂടിയിട്ടുണ്ടാകണം. അതായിരിക്കാം ഈ കനത്ത നിശബ്ദതയ്ക്ക് കാരണമായിട്ടുണ്ടാവുക. ഇതുകൊണ്ടായിരിക്കാം കുംഭമേളയും നിസാമുദ്ദീന്‍ മര്‍കസ് സമ്മേളനവും താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത്ത് പറഞ്ഞിട്ടുണ്ടാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.