2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോകത്തെ ഏറ്റവും വലിയ ടൂറിസം പദ്ധതി സഊദിയില്‍ വരുന്നു

സലാം കൂടരഞ്ഞി

റിയാദ്: ലോക ടൂറിസം ഭൂപടത്തില്‍ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സഊദി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ചെങ്കടലിലെ അന്‍പതിലേറെ വരുന്ന ദ്വീപുകളില്‍ റിസോര്‍ട്ടുകളും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷക പദ്ധതികളും അടങ്ങിയ ബൃഹത്തായ പദ്ധതിക്കാണ് സഊദി തുടക്കം കുറിക്കുന്നത്.

സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ‘ചെങ്കടല്‍ ടൂറിസം’ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെ തന്നെ ഏറ്റവും മനോഹരവും വൈവിധ്യങ്ങളാല്‍ സമ്പുഷ്ടവുമായ ചെങ്കടലിലെ ഉംലജ് മുതല്‍ വജ് നഗരം വരെയുള്ള 34000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണതയിലുള്ള സ്ഥലങ്ങളിലെ അന്‍പതിലേറെ ദ്വീപുകള്‍ ബന്ധിപ്പിച്ചാണ് പദ്ധതി.

 

വിനോദ സഞ്ചാര മേഖലയില്‍ കുത്തക ഉറപ്പിക്കുന്ന പടിഞ്ഞാറന്‍ തീരപ്രദശത്തെ ഈ പദ്ധതി ഏറ്റവും സമഗ്രമായ കടലോര പൈതൃക പദ്ധതിയാകുമെന്നാണ് കണക്കാക്കുന്നത്. 2019 മധ്യത്തോടെ നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതി 2022 ആദ്യത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രത്യേക വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍, ആഡംബര താമസ കേന്ദ്രങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, ബോട്ട് സര്‍വ്വീസുകള്‍, സീ പ്ലെയിനുകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. സഊദി വിഷന്‍ 2030 ന്റെ ഭാഗമായ പദ്ധതിയിലൂടെ 35,000 സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.

 

ലോകത്തെ ഏറ്റവും നിര്‍മല കടല്‍ത്തീരങ്ങളില്‍ ഒന്നായ ചെങ്കടല്‍ തീരം വൈവിധ്യമായ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന കേന്ദ്രം കൂടിയാണ്. അറേബ്യന്‍ പുള്ളിപ്പുലി, അറേബ്യന്‍ ചെന്നായ, കാട്ടുപൂച്ച, പ്രാപ്പിടിയന്‍ എന്നിവയടക്കം അപൂര്‍വ്വ ജീവികള്‍ നില കൊള്ളുന്ന പ്രദേശം കൂടിയാണിവിടം. സഊദിയിലെ ആദ്യ യുനെസ്‌കോ പൈതൃക സ്മാരകമായ മദാഇന്‍ സ്വാലിഹിന്റെ സമീപമാണ് ഇതെന്നതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യവുമായിരിക്കും.

 

നിലവില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൗറീഷ്യ, മാല്‍ദ്വീപ്, സീഷല്‍സ് ദ്വീപുകള്‍, ബാലി, ഹവായി, തുടങ്ങിയവയെക്കാളും വിസ്തൃതിയിലും മറ്റു സവിഷേതശതകളാലും പ്രത്യേകമായ ചെങ്കടല്‍ ടൂറിസം പദ്ധതിയില്‍ വിസയില്ലാതെ തന്നെ സന്ദര്‍ശനം അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കും. 2035 ഓടെ വര്‍ഷത്തില്‍ ഒരു ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ടൂറിസം ചിത്രത്തെ തന്നെ മാറ്റി മറിക്കുന്ന പദ്ധതിയായിരിക്കും ചെങ്കടല്‍ ടൂറിസം പദ്ധതിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.