തൊടുപുഴ: തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ ചേമ്പറില്‍ ചേര്‍ന്ന് പ്രചാരണ നിബന്ധനകളും ചെലവ് കണക്കുകളും സൂക്ഷിക്കുന്നതിനും സമര്‍പ്പിക്കുന്നതിനും അന്തിമ രൂപം നല്‍കി.
സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വിനിയോഗ നിരീക്ഷണവും പരിശോധനയും ശക്തമാക്കി ജില്ലയില്‍ നിരീക്ഷകര്‍ പര്യടനം ആരംഭിച്ചു. പൊതു സ്ഥലത്തെ പോസ്റ്റര്‍, ബാനര്‍ എന്നിവ 24 മണിക്കൂറിനകം നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് വിഭാഗം നീക്കം ചെയ്യുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ചേര്‍ക്കും. നോട്ടീസ്, പോസ്റ്റര്‍ എന്നിവ ഏത് പ്രസില്‍ അച്ചടിച്ചു എത്ര എണ്ണം അച്ചടിച്ചു എന്നത് നോട്ടീസില്‍ ഉണ്ടായിരിക്കണം. ഒറ്റ അനുമതിയില്‍ ഒന്നിലേറെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിന് അനുമതിയുടെ പകര്‍പ്പ് പൊലിസിനും നിരീക്ഷകര്‍ക്കും നല്‍കണമെന്നും വരണാധികാരികളോട് നീരീക്ഷകര്‍ ആവശ്യപ്പെട്ടു. താരപ്രചാരകരുടെ യോഗങ്ങളുടെ പ്രതീക്ഷിത ചെലവ് കണക്കാക്കി നല്‍കണം. അനുമതിയില്ലാതെ പ്രചാരണവാഹനങ്ങള്‍ ഉപയോഗിക്കരുത്.
സ്ഥാനാര്‍ഥികള്‍ സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കണം
സ്ഥാനാര്‍ഥികള്‍ സ്വന്തം പേരില്‍ എസ്.ബി അക്കൗണ്ട് തുറന്ന് വേണം തെരഞ്ഞെടുപ്പ് ചെലവ് നിര്‍വ്വഹിക്കേണ്ടത്. 10,000 രൂപയില്‍ കൂടിയ തുക ഒരു കാരണവശാലും പണമായി നല്‍കരുത്. സ്ഥാനാര്‍ഥികള്‍ ചെലവ് രജിസ്റ്റര്‍ സൂക്ഷിക്കുകയും എല്ലാ പേജിലും സ്ഥാനാര്‍ഥി ഒപ്പിടുകയും വേണം. സംഭാവനയായാലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ഫണ്ടില്‍ നിന്നുള്ള തുകയായാലും ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപ മാത്രമായിരിക്കും. സ്ഥാനാര്‍ഥിയുടെ പേരില്‍ ചെലവഴിച്ചിട്ടുള്ള പ്രചാരണ കണക്ക് രജിസ്റ്ററിന്റെ ആറാമത്തെ കോളത്തിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള പ്രചാരണ വിഹിതത്തിന്റെ കണക്ക് ഏഴാമത്തെ കോളത്തിലും സ്ഥാനാര്‍ത്ഥി പ്രത്യേകം രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണെങ്കിലും വിജ്ഞാപനശേഷം ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ കണക്കാക്കുമെന്നും നിരീക്ഷകര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു.
Comments are closed for this post.