മുംബൈ: വാക്‌സിന്‍ വിതരണത്തിലെ പോരായ്മ സംബന്ധിച്ച് കേന്ദ്രത്തിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. കൊവിഡിനെതിരായ പോരാട്ടം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ ശത്രുക്കളുടെ താവളത്തില്‍ ചെന്നായിരിക്കണമെന്നും സര്‍ക്കാര്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നതുപോലെ ശത്രു നിങ്ങള്‍ക്കരികിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും കോടതി പറഞ്ഞു.
കൊറോണ വൈറസാണ് ഏറ്റവും വലിയ ശത്രു. നിങ്ങള്‍ ശത്രുക്കളുടെ പാളയത്തിലേക്ക് കടന്നുചെല്ലുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു.
75 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീടുകളില്‍ച്ചെന്ന് വാക്‌സിന്‍ നല്‍കുന്ന പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏഴു തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്നുമില്ലാത്തവരുടെ കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കോടതി കേന്ദ്രത്തോടു ചോദിച്ചു.
രക്ഷിതാക്കളുടെ കൂടെയല്ലാതെ ജീവിക്കുന്ന മാനസികാരോഗ്യമില്ലാത്തവര്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ക്കെങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
Comments are closed for this post.