ആര് ഉത്തര്‍പ്രദേശ് ഭരിക്കുന്നുവോ, അവര്‍ ഇന്ത്യഭരിക്കും എന്നത് ഒരു വെറും പഴഞ്ചൊല്ലല്ല. നേരത്തെ കോണ്‍ഗ്രസിന്റെയും ഇപ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെയും കോട്ടയായി മാറിയിട്ടുള്ള യു.പി അത് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് അധികാരമേറ്റ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിന്നോക്കക്കാരനായ ആദ്യത്തെ രാഷ്ട്രപതിയാണ്. എന്നാല്‍ പതിനാലു പ്രധാനമന്ത്രിമാരെ സംഭാവന ചെയ്യാന്‍ ഈ സംസ്ഥാനത്തിനു സാധിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, ചരണ്‍സിങ്ങ്, രാജിവ് ഗാന്ധി, വി.പി സിങ്ങ്, എസ്. ചന്ദ്രശേഖര്‍ എന്നിങ്ങനെ എത്രയെത്രപേര്‍. ഇരുപത് കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഈ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിനു 31 രാജ്യസഭാംഗങ്ങളടക്കം 111 എം.പി.മാരാണ് പാര്‍ലമെന്റിലുള്ളത്. ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ലോക്ദള്‍, ജനതാപാര്‍ട്ടി തുടങ്ങി കാക്കത്തൊള്ളായിരം രാഷ്ട്രീയകക്ഷികള്‍ ഇവിടെ കൊടിപറപ്പിച്ചു നടക്കുന്നുണ്ട്. അലിഗഢിനെയും ബനാറസിനെയും പോലുള്ള കേന്ദ്രസര്‍വകലാശാലകള്‍ക്ക് ഇരിപ്പിടം നല്‍കിയതും ഈ സംസ്ഥാനം തന്നെ.
എന്നാല്‍, സംഘര്‍ഷങ്ങള്‍ക്കെന്നപോലെ സൗഹാര്‍ദത്തിനും പേരുകേട്ട സംസ്ഥാനം ഇന്നു നിര്‍ഭാഗ്യകരമാംവിധം വിധ്വംസക ശക്തികളുടെ കൈകളില്‍ അകപ്പെട്ടുപോയിരിക്കുന്നു. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് മാത്രം നേടിയപ്പോഴും 62 സീറ്റുകള്‍ കരസ്ഥമാക്കാന്‍ ബി.ജെ.പിക്കു സാധിച്ചത് ഈ മതവിദ്വേഷം പരത്തിയാണ്. അതിനു രണ്ടുവര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ബി.ജെ.പി, ആര്‍.എസ്.എസ് വേരുകളുള്ള ഹിന്ദുസന്ന്യാസിയായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചതിന്റെ തിക്തഫലം. മുസ്‌ലിംകളെയും ദലിതരേയും തമ്മിലടിപ്പിച്ചു ജയിച്ചുകയറുക എന്ന ഹീന തന്ത്രമാണ് 48കാരനായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ എടുത്തുപയറ്റിയത്.
79.73 ശതമാനം ഹിന്ദുമത വിശ്വാസികളുള്ള സംസ്ഥാനത്ത് രണ്ടാമത്തെ വലിയ മതവിഭാഗമാണ് മുസ്‌ലിംകള്‍ എങ്കിലും, ആ 19.3 ശതമാനം എന്നത് നാലുകോടിയിലധികം വരും. ഇന്ത്യയില്‍ അവരുടെ ഏറ്റവും വലിയ ഇസ്‌ലാമിക വിജ്ഞാനകേന്ദ്രങ്ങളില്‍ ഒന്നായ ദാറുല്‍ ഉലൂം ദയൂബന്ദിലാണ് തലയുയര്‍ത്തിനില്‍ക്കുന്നത്. സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം മൊത്തം മൂന്നര ലക്ഷം മാത്രമേ വരു. മുസ്‌ലിം മഞ്ച് എന്ന പേരില്‍ ആര്‍.എസ്.എസിനകത്ത് ഒരു മുസ്‌ലിം വിഭാഗത്തെ സൃഷ്ടിക്കുമ്പോഴും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നു കോണ്‍ഗ്രസിലൂടെ വന്നുകയറിയ മുന്‍ എം.പിയെ ബി.ജെ.പിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാക്കിയപ്പോഴും, ഏറ്റവുമധികം മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശില്‍ പ്രധാന ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ നിന്നു ഒരാള്‍ക്ക് പോലും ടിക്കറ്റ് കൊടുത്തിരുന്നില്ല.
എന്നാല്‍ പട്ടികജാതി – പട്ടിക വകുപ്പ് വിഭാഗത്തില്‍പ്പെട്ട ദലിതര്‍ ഏറ്റവുമധികം അധിവസിക്കുന്ന ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ ഒന്നായ ഇവിടെ പിന്നോക്ക വിഭാഗക്കാര്‍ സംഗതികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും, മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പൗത്രന്‍ ജയന്ത് ചൗധരി നയിക്കുന്ന രാഷ്ട്രീയ ലോക്ദളും. അയോധ്യാ പ്രശ്‌നവും ഗോവധ നിരോധവും മുത്വലാഖും ലൗ ജിഹാദും ഒക്കെ കഴിഞ്ഞ് ഇന്നു ഹലാല്‍ ഭക്ഷണവും തുറുപ്പു ചീട്ടാക്കുന്നതും അവര്‍ക്കു മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഭരണകക്ഷിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തിരിച്ചറിഞ്ഞ് ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവ് നരേശ് ടികായത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ മുസ്‌ലിം കര്‍ഷക നേതാവായ ഗുലാം മുഹമ്മദ് ജനയുമായി സഹകരിച്ച് മുസഫര്‍ നഗറില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാപഞ്ചായത്ത് കഴിഞ്ഞ മാസം അവസാനത്തില്‍ നടത്തുകയുണ്ടായി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൗഹാര്‍ദത്തോടെ ഇവിടെ ജനം ഒരുമിച്ചത്.
പശ്ചിമ യു.പിയില്‍ മതസൗഹാര്‍ദ പൈതൃകമാകെ തകര്‍ത്ത് 2013ല്‍ മുസഫര്‍പൂരില്‍ വര്‍ഗീയ ലഹളകള്‍ക്ക് തീകൊളുത്തിയത് ആരാണെന്നു ജനങ്ങള്‍ക്ക് ബോധ്യമായി. കരകൗശല വസ്തു നിര്‍മാണവുമായി വര്‍ഷങ്ങളായി ജീവിതം തള്ളി നീക്കിവന്ന പാവപ്പെട്ടവര്‍ക്കുപോലും ആ പട്ടണത്തില്‍ നിന്നു എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോവേണ്ടി വന്നതിന്റെ വേദനിക്കുന്ന ഓര്‍മകളിലാണ് ഈ മഹാസംഗമം നടന്നത്. ഇനിയും തങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തി മുതലെടുക്കേണ്ട എന്ന താക്കീത് ഈ മഹാസംഗമം നല്‍കുകയാണ്. സുപ്രിംകോടതി അനുവദിച്ച അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണമോ, അല്‍പം അകലെ മേല്‍ക്കോടതി തന്നെ അനുവദിച്ച അഞ്ചു ഏക്കര്‍ ഭൂമിയില്‍ സുന്നി ബോര്‍ഡ് പണിയുന്ന പള്ളിയോ തല്‍ക്കാലം വിവാദ വിഷയമാക്കാന്‍ ഇരുമതവിഭാഗങ്ങളിലും പെട്ടവര്‍ ഇപ്പോള്‍ തയാറില്ല. അവ രണ്ടും വീണ്ടും കോടതിയുടെ മുന്നിലേക്ക് തന്നെ വിട്ട് പൂര്‍ണ സമാധാനം കാത്തിരിക്കുകയാണവര്‍.
Comments are closed for this post.