2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലംഘിക്കപ്പെടാന്‍ ഒരു വൈദ്യസദാചാരനിയമം

വി.ആര്‍ ഗോവിന്ദനുണ്ണി 9995262192

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ 2002 ല്‍ പ്രസിദ്ധീകരിച്ച ‘വൈദ്യസദാചാര സംഹിത’ എന്ന നിയമാവലി പ്രകാരം ഏതെങ്കിലും മരുന്നോ ചികിത്സോപകരണമോ ശസ്ത്രക്രിയയയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നമോ സംബന്ധിച്ച ഗുണനിലവാരത്തെക്കുറിച്ചു ശുപാര്‍ശചെയ്യാനോ സാക്ഷ്യപത്രം നല്‍കാനോ ഡോക്ടര്‍മാര്‍ക്കും അവരുടെ പ്രൊഫഷണല്‍ സംഘടനകള്‍ക്കും അവകാശമില്ല. പ്രതിഫലത്തിനായാലും വെറുതെയായാലും അങ്ങനെ ചെയ്യുന്നത് സദാചാരവിരുദ്ധതയാണ്.

ചികിത്സാസദാചാരത്തിന്റെ ഇത്തരം നഗ്നമായ ലംഘനങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ബന്ധപ്പെട്ട ഡോക്ടറുടെയോ ഡോക്ടര്‍മാരുടെ സംഘടനയുടെയോ പേരില്‍ ഉചിതമായ അച്ചടക്കനടപടി കൈക്കൊള്ളുമെന്ന് ഈ നിയമാവലിയില്‍ അനുശാസിക്കുന്നുണ്ട്. ഈ നിയമാവലി അനുസരിച്ചാണു ഡോക്ടര്‍മാരും ഐ.എം.എയും മറ്റും പെരുമാറുന്നതെന്നാണു സങ്കല്പം. പക്ഷേ, ഇതിനു കടകവിരുദ്ധമാണു നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്നത്.
‘വൈദ്യസദാചാര സംഹിത’യെപ്പറ്റിയുള്ള അജ്ഞതമൂലമോ അതു നടപ്പാക്കിക്കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണമോ ആരും പരാതിയുമായി മെഡിക്കല്‍കൗണ്‍സിലിനെ സമീപിക്കാറില്ല. എന്നാല്‍, ഈയിടെ ഒരാള്‍ അതിനു ധൈര്യപ്പെട്ടു. അതൊരു ഡോക്ടറായിരുന്നു; .പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും വിവരാവകാശ ആക്ടീവിസ്റ്റുമായ ഡോ. കെ.വി ബാബു. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗംകൂടിയാണ് അദ്ദേഹം.
പെപ്‌സികോയുടെ കോട്ടര്‍ ഓട്‌സ്, ട്രോപ്പിക്കാന ജ്യൂസ്, ഡാബറിന്റെ ഓഡമോസ് എന്നിവ ഉപയോഗയോഗ്യമാണെന്ന് ഐ.എം.എ സാക്ഷ്യപ്പെടുത്തിയ പരസ്യം ആ കമ്പനികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജോക്ടര്‍മാരുടെ ഔദ്യോഗികസംഘടന സാക്ഷ്യപ്പെടുത്തിയതിനാല്‍ ജനങ്ങള്‍ ഈ ഉല്‍പ്പന്നങ്ങള്‍ സംശയലേശമില്ലാതെയാണ് സ്വീകരിച്ചത്. ഐ.എം.എ ഈ സാക്ഷ്യപത്രം നല്‍കിയത് 2.25 കോടി രൂപ പ്രതിഫലമായി സ്വീകരിച്ചുകൊണ്ടായിരുന്നു.
ഇതു വൈദ്യസദാചാരത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡോ. ബാബു മെഡിക്കല്‍ കൗണ്‍സിലിനു പരാതി നല്‍കി. നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കുശേഷം കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മിറ്റി ഐ.എം.എ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആറുമാസത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്രആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും പാര്‍ലമെന്റിലെ എല്ലാ പ്രമുഖരാഷ്ട്രീയകക്ഷികളുടെയും കാരുണ്യത്താല്‍ നടപടിയൊന്നുമുണ്ടായില്ല.
എന്നാല്‍, അത്ഭുതമെന്നു പറയട്ടെ, തൊഴില്‍സദാചാരപ്രശ്‌നമുന്നയിച്ച ഡോ. ബാബുവിനെതിരേ ഐ.എം.എയുടെ കേരളാഘടകം രംഗത്തുവന്നു. എന്നിട്ടും ബാബു പ്രശ്‌നം കൈവിടാന്‍ തയാറായില്ല. അവസാനം ആരോഗ്യകാര്യ,പാര്‍ലമെന്ററി കമ്മിറ്റിയുടെ ഇടപെടലിലൂടെയാണു നീതി നടപ്പിലാക്കിയത്. ഡോക്ടര്‍മാരുടെ സംഘടനയുടെ സ്ഥിതിയിതാണെങ്കില്‍ ഡോക്ടര്‍മാരുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതുണ്ടോ.
‘സുപ്രഭാത’ത്തില്‍ ഈയിടെ ‘ജനറ്റിക് മരുന്നുകളുടെ മറവില്‍ നടക്കുന്നതു തീവെട്ടിക്കൊള്ള’ എന്ന തലക്കെട്ടോടെ തിരുവനന്തപുരത്തുനിന്ന് ഒരു വാര്‍ത്ത (പേജ് 5) കണ്ടു. അതില്‍ ഇങ്ങനെ പറയുന്നു:
‘ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറ്റിക് നാമം വ്യക്തമാക്കുന്ന രീതിയില്‍ കുറിപ്പടി എഴുതണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടു കാലമേറെയായി. പക്ഷേ, ഫലപ്രദമായ നടപടി ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായില്ല.

ജനറ്റിക് മരുന്നുകളുടെപേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്കു നേരേ ആരോഗ്യവകുപ്പു കണ്ണടയ്ക്കുകയാണു ചെയ്യുന്നത്. വളരെക്കുറഞ്ഞ വിലയ്ക്കു വ്യാപാരിക്കു ലഭിക്കുന്ന ജനറ്റിക് മരുന്നുകള്‍ കുത്തക ബ്രാന്‍ഡഡ് കമ്പനികള്‍ ഈടാക്കുന്ന നിരക്കില്‍ വന്‍വിലയ്ക്കാണു രോഗികള്‍ക്കു ലഭിക്കുന്നത്.’
അണുബാധ തടയാനും ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാനും ഉപയോഗിക്കുന്ന അമോക്‌സിലിന്‍ എന്ന രാസനാമത്തിലുള്ള മരുന്ന് ‘മോക്‌സ്’ എന്ന ബ്രാന്‍ഡ്‌നെയിമില്‍ വാങ്ങുമ്പോള്‍ 10 എണ്ണത്തിനു വില 67.90 രൂപ. മറ്റൊരു കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന ‘അല്‍മോസ്’ എന്ന പേരിലുള്ള ഇതേ മരുന്നിന് 10 എണ്ണത്തിനു വില 54.99 രൂപ. മറ്റുമരുന്നുകളുടെ വിലനിലവാരം പരിശോധിച്ചാലും ഭീമമായ അന്തരം മനസ്സിലാകും.ബ്രാന്‍ഡ് കമ്പനികളുടെ മരുന്നുകള്‍ ഒഴിവാക്കി ജനറ്റിക് മരുന്നുകള്‍ കുറിച്ചുകൊടുക്കുമ്പോള്‍ എങ്ങനെ ഗുണനിലവാരം ഉറപ്പു പറയാനാകുമെന്ന വാദമുയര്‍ത്തിയാണ് ഐ.എം.എ ഇതിനെതിരേ രംഗത്തിറങ്ങിയിരിക്കുന്നത്.

മെഡിക്കല്‍ റെപ്രസന്റേറ്റിവുകള്‍ ഒ.പി സമയത്തോ അത്യാഹിതവിഭാഗത്തിലോ ഡ്യൂട്ടി ഡോക്ടര്‍മാരെ കാണാന്‍ പാടില്ലെന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫാര്‍മസികമ്പനിയുടെ പരസ്യവാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റിക്കറും പോസ്റ്ററും ആശുപത്രിക്കകത്തു പ്രദര്‍ശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. അതുപോലെ, അവ മറികടക്കാനുള്ള പഴുതുകള്‍ക്കും. ഈ പഴുതുകള്‍ നിയമത്തില്‍ തന്നെ ഉണ്ടായിരിക്കുകയും ചെയ്യുമെന്ന് ആര്‍ക്കാണ് അറിയാത്തത്
വേലിതന്നെ വിളതിന്നുന്നുവെന്നതിന് ഉത്തമോദാഹരണമാണു സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി). ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മാത്രം വേണം പ്രതിവര്‍ഷം 300 കോടിയിലധികം രൂപയുടെ മരുന്ന്. ഇതില്‍ 70 ശതമാനത്തിലധികവും കുറഞ്ഞ വിലയ്ക്കു ഗുണനിലവാരം പുലര്‍ത്തി നല്‍കാന്‍ കെ.എസ്.ഡി.പിക്കു കഴിയും.

ഇവിടെ ഉല്‍പാദിപ്പിക്കുന്ന മരുന്നു പരമാവധി വാങ്ങണമെന്നു പത്തുകൊല്ലംമുമ്പുതന്നെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നൂറുകോടിയോളം രൂപയുടെ മരുന്നുല്‍പ്പാദനശേഷിയുള്ള കെ.എസ്.ഡി.പിക്ക് കേരളാ മെഡിക്കല്‍ സര്‍വ്യസ് കമ്മിഷനിലെ ‘ബാബു’മാര്‍ ഓര്‍ഡര്‍ നല്‍കുന്നതു 18 മുതല്‍ 20 കോടി രൂപയുടെ മരുന്നു മാത്രം. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവിഭക്തആന്ധ്രപ്രദേശില്‍നിന്നു 10 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ഇവ നിര്‍മിച്ചുനല്‍കിക്കഴിഞ്ഞാല്‍ ജീവനക്കാര്‍ക്കു കൈയും കെട്ടി വെറുതെയിരുന്നു ശമ്പളംവാങ്ങാം. യന്ത്രങ്ങള്‍ തുരുമ്പെടുത്തും അസംസ്‌കൃതവസ്തുക്കള്‍ പഴകിയും നശിച്ചുപോയിക്കൊണ്ടിരിക്കും.
സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള കൂടുതല്‍ മരുന്നും വാങ്ങുന്നതു പിന്നെ എവിടെ നിന്നാണാവോയെന്നാവാം സംശയം. സംശയിക്കേണ്ട, അതു സ്വകാര്യക്കമ്പനികളില്‍നിന്നുതന്നെ. അല്ലെങ്കില്‍ അഴിമതി നടത്താന്‍ ‘ബാബു’മാര്‍ക്ക് എങ്ങനെ അവസരം ലഭിക്കും. വെറുതെയല്ല കോടിക്കണക്കിനു രൂപയുടെ ബാധ്യതയുള്ള കെ.എസ്.ഡി.പി നിലവില്‍ 18 കോടി രൂപ നഷ്ടത്തിലോടുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.