2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചെറുപ്പത്തിൽ പീഡനത്തിനിരയാകുന്ന കുട്ടികൾ ഭാവിയിൽ സാമൂഹികവിരുദ്ധരാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്

അത്താണി (തൃശൂർ)
ബാല്യകാലത്ത് ശാരീരിക-മാനസിക പീഡനങ്ങൾക്കു സ്ഥിരമായി വിധേയരാകുന്ന കുട്ടികൾ ഭാവിയിൽ സാമൂഹികവിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്രവകുപ്പിൻ്റെ പഠന റിപ്പോർട്ട്. കേരള പൊലിസ് ആക്കാദമിയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

യൂനിവേഴ്സിറ്റിയുടെ ജന്തുശാസ്ത്രവകുപ്പിലെ ബയോകെമിസ്ട്രി ആൻഡ് ടോക്സിക്കോളജി ലാബിലെ മുൻഗവേഷകനും നിലവിൽ കേരള പൊലിസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് അസിസ്റ്റൻറ് പ്രൊഫസറുമായ തൃശൂർ സ്വദേശി ഡോ. എം.എസ് ശിവപ്രസാദ്, ഗൈഡ് ഡോ. വൈ.എസ് ഷിബു വർദ്ധനൻ, കേരള പൊലിസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ്.കെ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
സംസ്ഥാനത്ത് ഗുണ്ടാ ആക്ട് പ്രകാരം ഒന്നിൽകൂടുതൽ തവണ കരുതൽ തടവിൽ വയ്ക്കുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്തവരിൽ നടത്തിയ പഠനത്തിലാണ് ബാല്യകാലദുരനുഭവങ്ങൾ ഇവർ നേരിട്ടതായി കണ്ടെത്തിയത്. ഇത്തരം പശ്ചാത്തലത്തിലുള്ള 35 പേരെയാണ് പഠന വിധേയമാക്കിയത്.

വീട്ടുകാർ അല്ലെങ്കിൽ അടുത്തബന്ധുക്കളിൽ നിന്നോ ഏൽക്കുന്ന ശാരീരിക ഉപദ്രവങ്ങൾ, മാനസികപീഡനങ്ങൾ, കുടുംബകലഹങ്ങൾ, ലഹരിക്കടിമയായതോ ജയിൽശിക്ഷ അനുഭവിച്ചതോആയ കുടുംബാംഗങ്ങളുടെ സാന്നിധ്യം, മാനസിക വെല്ലുവിളി നേരിടുന്ന കുടുംബാംഗങ്ങൾ, പരസ്പരം അകന്നുകഴിയുന്ന മാതാപിതാക്കൾ എന്നിവ അക്രമസ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ വീട്ടിൽ നിന്നുള്ള നിരന്തര അവഗണനയും സമപ്രായക്കാർക്കിടയിൽ നിന്നുള്ള സ്ഥിരം പരിഹാസങ്ങളും ദേഹോപദ്രവവും അതിതീവ്ര അക്രമസ്വഭാവത്തിലേക്ക് ഇത്തരക്കാരെ എത്തിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ബാല്യകാല ദുരനുഭവങ്ങളുടെ തോതനുസരിച്ച് ഇവരിൽ മദ്യപാനവും ലഹരി ഉപയോഗവും കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഠനത്തിൻ്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ജേണലായ ‘ജേണൽ ഓഫ് ചൈൽഡ് ആൻഡ് അഡോളസൻ്റ് ട്രോമയിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.