2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിടിച്ചെടുത്തത് പിക്ക്അപ്പില്‍ കടത്തിയ 40 കിലോ കഞ്ചാവ് ; അറസ്റ്റിലായത് നൂറുകിലോ കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കം മൂന്നുപേര്‍

മഞ്ചേരി: അരീക്കോട്ട് പിക്ക്അപ്പ് വാഹനത്തില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. മൂന്നുപേരെ അറസ്റ്റുചെയ്തു.
മുതുവല്ലൂര്‍ വിളയില്‍ കുന്നത്ത് വീട്ടില്‍ കെ.ഷിഹാബുദീന്‍, വയനാട് വൈത്തിരി പെഴുതന നിവേദ്യം വീട്ടില്‍ രഞ്ജിത്ത്, കുഴിമണ്ണ സ്വദേശി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇതില്‍ രഞ്ജിത്ത് നൂറ് കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ആളാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ ഓപറേഷന്‍ ലോക്ക്ഡൗണ്‍ എന്നു പേരിട്ട പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോക്ക്ഡൗണ്‍ സമയത്ത് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് അരീക്കോട്, വിളയില്‍, നീരുട്ടിക്കല്‍, പള്ളിക്കല്‍ ബസാര്‍ ഭാഗങ്ങളില്‍ സംഘം വില്‍പന നടത്തുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍ നിഗീഷ്, ഐ.ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.