2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

370ാം വകുപ്പ് റദ്ദാക്കിയിട്ട് ഒരു വര്‍ഷം കശ്മിര്‍ കടുത്ത നിയന്ത്രണത്തില്‍; കര്‍ഫ്യു പ്രഖ്യാപിച്ചു

 

ന്യൂഡല്‍ഹി: കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞതിന്റെ ആദ്യവാര്‍ഷികത്തോടനുബന്ധിച്ച് താഴ്‌വര സുരക്ഷാ വലയത്തില്‍. ഇന്ന് കരിദിനം ആചരിക്കാന്‍ ചില കശ്മിരി സംഘടനകള്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് അധികൃതര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
2019 ഓഗസ്റ്റ് അഞ്ചിനാണ് 370ാം വകുപ്പ് എടുത്തു കളയുകയും ജമ്മു കശ്മിരില്‍ നിന്ന് ലഡാക്ക് വേര്‍പ്പെടുത്തി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. ഇന്നലെ പുലര്‍ച്ചയോടെ തന്നെ കശ്മിരില്‍ കര്‍ഫ്യു നിലവില്‍ വന്നിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം അടച്ച് പോലിസും അര്‍ധസൈനികരും കാവല്‍ നില്‍ക്കുകയാണ്.
തിങ്കളാഴ്ച തന്നെ രണ്ടു ദിവസത്തെ കര്‍ഫ്യു പ്രഖ്യാപിച്ച് പൊലിസ് വാഹനം പ്രധാന നഗരങ്ങളിലെല്ലാം അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ശ്രീനഗറിലെ പ്രധാന ഭാഗങ്ങളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തിയിട്ടു. രണ്ടു ദിവസം ആരും പുറത്തിറങ്ങരുതെന്ന് എല്ലാവര്‍ക്കും പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിലുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പൊലിസ് വ്യക്തമാക്കി. താഴ്‌വരയില്‍ അക്രമം നടത്താനും വലിയ പ്രതിഷേധ പ്രകടനം നടത്താനും ചില സംഘടനകള്‍ പദ്ധതി തയാറാക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായും പൊലിസ് അവകാശപ്പെട്ടു. കൊവിഡ് കാലമായതിനാല്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കുള്ള കാര്യം ഓര്‍ക്കണമെന്ന് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇഖ്ബാല്‍ ചൗധരി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കശ്മിരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട 370ാം വകുപ്പ് പ്രകാരം ജമ്മു-കാശ്മിരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മു കശ്മിര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ല. ഈ വകുപ്പ് ഇല്ലാതാക്കാനോ മാറ്റം വരുത്താനോ അധികാരമുളളത് ജമ്മു കശ്മിര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിക്ക് മാത്രമാണ്. ഇത്തരത്തിലുള്ള നിരവധി നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കാതെയാണ് നിയമം റദ്ദാക്കിയത്. ഇതിനെതിരേ 23 ഹരജികള്‍ സുപ്രിംകോടതിയിലുണ്ടെങ്കിലും കേസ് എങ്ങുമെത്തിയിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.