
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയരക്ടറെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. പൊലിസില്‍ നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കണമെന്നാണ് ചട്ടം.
എന്നാല്‍, എക്സിക്യൂട്ടീവ് ഡയരക്ടറായ ഷറഫ് മുഹമ്മദ് കെ.എസ്.ആര്.ടി.സിലെ തന്നെ ഉദ്യോഗസ്ഥനായിരുന്നു.
പോക്സോ കേസ് പ്രതിയെ തിരികെ ജോലിയില്‍ പ്രവേശിച്ചതിന് ഷറഫിനെതിരേ നടപടിക്കൊരുങ്ങുകയാണ് സി.എം.ഡി.
കെ.എസ്.ആര്.ടി.സിയുടെ 375-ാമത് ഭരണസമിതിയുടെ തീരുമാനമായിരുന്നു വിജിലന്‍സ് തലപ്പത്ത് പൊലിസില്‍ നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ വരുന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന്. 2013ല്‍ എടുത്ത ഈ തീരുമാനം കഴിഞ്ഞ വര്‍ഷം വരെയും തുടര്‍ന്നു.
എന്നാല്‍, വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് കെ.ബി രവി മാറിയതോടെ ഈ ചട്ടം ലംഘിക്കപ്പെട്ടു.
ഓപറേഷന്‍സ് എക്സിക്യൂട്ടീവ് ഡയരക്ടറായിരുന്ന ഷറഫ് മുഹമ്മദിനെ കെ.എസ്.ആര്.ടിസിയുടെ വിജിലന്‍സ് തലപ്പത്ത് ഇരുത്തുകയായിരുന്നു.
ഷറഫ് മുഹമ്മദിനെതിരേ നടപടിയെടുക്കുമെന്ന് സി.എം.ഡി നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.