ഡോ. മുഹമ്മദ് മുഹ്‌സിന്‍
വരിക്കോടന്‍
വിശാലമായ പുല്‍മേടുകള്‍, അഗ്നിപര്‍വത സമാനമായ കുന്നിന്‍ചെരിവുകള്‍, കുളങ്ങള്‍, വെള്ളച്ചാട്ടം, വന പാതകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം 1985ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ച യാങ്മിങ്ഷാന്‍ മലനിരകളിലുണ്ട്. 435 ഹെക്ടര്‍ ഭൂവിസ്തൃതിയിലുള്ള ഈ പുല്‍മേടുകളടങ്ങിയ താഴ്‌വാരം മൂന്ന് പാരിസ്ഥിതിക സംരക്ഷണ മേഖലകളും, 168 തരം ചിത്ര ശലഭങ്ങളുടെയും, 22ല്‍ അധികം വരുന്ന പക്ഷികളുടെയും ആവാസവ്യവസ്ഥ കൂടിയാണ്. അവക്ക് പുറമെ, നറുവേലി, കുളമാവ്, കൊരണ്ടമരം, കിലുകിലുക്കി, കറുകപ്പുല്ലിന് സമാനായ തായ്‌വാനിലെ പുല്‍ത്തകിടി, ചെറു ഷഡ്പദങ്ങളുമെല്ലാം പട്ടണങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കൗതുകമൊരുക്കുന്നു.
കുടിയേറ്റ സംസ്‌കാരത്തിന്റെ ചരിത്ര ശേഷിപ്പുകള്‍
ആദ്യകാലത്തെ ചൈനീസ് രാജവംശ വാഴ്ചയുടേയും, പിന്നീട് വന്ന ജപ്പാനീസ് അധിനിവേശത്തിന്റെയും ചരിത്രങ്ങളുറങ്ങുന്ന മണ്ണാണ് ചിങ്റ്റിയാന്‍ഗാങ് (ഝശിഴശേമിിഴമിഴ) പുല്‍മേടുകളും അനുബന്ധ വനപാതകളും. കാലി വളര്‍ത്തലും കൃഷിയുമായി ജീവിച്ച ആദിമ തായ്‌വാനീസ് ജനതയും, പിന്നീട് ചായത്തോട്ടങ്ങളും, കല്ല് പൊട്ടിക്കുന്ന വ്യവസായങ്ങളുമായി തങ്ങളുടെ ജീവിത പുരോഗതിയുടെ കാലത്ത് ആയുധങ്ങളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ തുടങ്ങി. ശേഷം വിവിധ സാംസ്‌കാരിക വികാസത്തിന്റെ ഭാഗമായി വ്യത്യസ്ത കൃഷി രീതികളും, മത്സ്യബന്ധനങ്ങളുമെല്ലാം ഇവിടുള്ളവര്‍ തുടര്‍ന്നുപോന്നു. 1843ല്‍ നിര്‍മിച്ച രണ്ടര കിലോമീറ്റര്‍ നീളമുള്ള പിങ് ഡിങ് കനാല്‍ പാതയും, അവയിലൂടെ അക്കാലത്ത് താമസക്കാര്‍ക്ക് നിത്യജീവിതത്തിനു വേണ്ട വെള്ളം നല്‍കിയ സംഭവങ്ങളും ചരിത്രമാണ്.
കേടാഗാലന്‍ (ഗലമേഴമഹമി) ഗോത്രവിഭാഗമാണ് മലമുകളില്‍ ആദ്യത്തില്‍ വസിച്ചിരുന്നത്. അവര്‍ ജിന്‍ഷാന്‍, ശിമെന്‍, വന്‍ലി എന്നീ അടിവാരങ്ങളില്‍ നിന്ന് ഒരു വടിയുടെ രണ്ട് അഗ്രങ്ങളില്‍ കൊട്ടകള്‍ കെട്ടി, അവയില്‍ മീന്‍ നിറച്ച് ജിയാന്‍ ബൗളി വനപാതയിലൂടെ മുകളിലേക്ക് വരികയും, കച്ചവടമടക്കമുള്ള കാര്യങ്ങള്‍ ചെയ്തതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വിവിധ രാജ്യക്കാര്‍ സള്‍ഫര്‍ ഖനനത്തിനയായി ഈ പ്രദേശം ആക്രമിച്ച് കീഴടക്കുകയും, ജിയാന്‍ ദാഷ്ജിയാന്‍ ബൗളി വനപാതയില്‍ കല്ലുകൊണ്ട് കവാടങ്ങള്‍ നിര്‍മിച്ച് ഗോത്ര വിഭാഗത്തിന്റെ സൈ്വരജീവിതം നശിപ്പിച്ച്, അവിടെ നിന്നു പുറത്താക്കുകയും ചെയ്തു. ‘ജനങ്ങളുടെ കാവലാള്‍’ എന്ന പേരില്‍ പ്രസിദ്ധമായ ‘ലിങ് ടൗയാന്‍ ഭൂമിയുടെ ദൈവം’ വസിക്കുന്ന സ്ഥലമാണിത്. ഏകദേശം 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പഴയകാല ജപ്പാനീസ് മിലിറ്ററി റോഡുകളുടെയും, മീന്‍ കച്ചവടത്തിന് പോയിരുന്ന വനപാതയുടെയും ഇടയിലാണുള്ളത്.
ചിങ്റ്റിയാന്‍ഗാങ്
പുല്‍മേടുകള്‍
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ചിങ്റ്റിയാന്‍ഗാങ് പുല്‍മേടുകള്‍. ചൂട്ടപ്പുല്ലും സില്‍വര്‍ പുല്ലുകളുമടങ്ങുന്ന വിവിധ തരം പുല്ലു വര്‍ഗങ്ങളുടെയും, ജലത്തില്‍ വസിക്കുന്ന വിവിധ സസ്യങ്ങളുടെയും ആവാസ കേന്ദ്രംകൂടിയാണ് കുയ്കുയ് താഴ്‌വരയടങ്ങുന്ന ഈ സ്ഥലം. ആദ്യകാലത്ത് ഗോത്രവിഭാഗം അവരുടെ കാലികളെ മേയാന്‍ വിട്ടിരുന്ന പ്രധാനയിടമാണിത്. പിന്നീട് ജപ്പാനീസ് വംശജര്‍ കാര്‍പെറ്റ് ഗ്രാസ് വിപുലമായി വച്ചുപിടിപ്പിച്ച് താഴ്‌വരയുടെ ഭംഗി വര്‍ധിപ്പിച്ചു. ഇന്നും തായ്‌വാന്‍ സര്‍ക്കാര്‍ ഇവിടങ്ങളില്‍ കാലികളെ വളര്‍ത്തുകയും അവയെ പരിപാലിക്കാന്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അതിലുപരി, അവ സൈ്വര്യവിഹാരം നടത്തുന്നതിനിടയില്‍ സന്ദര്‍കരെ ആക്രമിക്കാതിരിക്കാന്‍ പ്രത്യേകരീതിയില്‍ മരംകൊണ്ട് വേലികള്‍ നിര്‍മിക്കുകയും ചെയ്തു.
തായ്‌വാനിന്റെ കാലാവസ്ഥാ നിര്‍ണയത്തിലും, ആവാസ വ്യവസ്ഥയിലും ചിങ്റ്റിയാന്‍ഗാങ് പുല്‍മേടുകള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. എപ്പോഴും വടക്കു കിഴക്കന്‍ കാറ്റടിക്കുന്നതിനാല്‍ വലിയ വൃക്ഷങ്ങളോ മറ്റോ ഇവിടെ വളരാതിരിക്കുകയും, പുല്ലു വര്‍ഗങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറുകയും ചെയ്തു. മാത്രമല്ല, ഒരേ ഭാഗത്തേക്ക് കാറ്റടിക്കുന്നതിന്റെ ഫലമായി തലമുടി ചീകിയത് പോലെ പുല്ലുകള്‍ ഒരു ഭാഗത്തേക്ക് മാത്രം ചെരിഞ്ഞുനില്‍ക്കുന്നതും കൗതുകകരമാണ്. കടല്‍ക്കരയില്‍ നിന്ന് വളരെ ഉയരത്തിലുള്ള പര്‍വതപ്രദേശമായതിനാല്‍ മേഘങ്ങളും, മൂടല്‍ മഞ്ഞും, ബാഷ്പങ്ങളുടെ പുകമറകളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
സള്‍ഫര്‍ ഖനനവും
ചൂടുറവകളും
സമുദ്രനിരപ്പില്‍ നിന്ന് 805 മീറ്റര്‍ ഉയരത്തിലുള്ള യാങ്മിങ്ഷാനിന്റെ മറ്റൊരു ഭാഗം സള്‍ഫര്‍ ഖനന പ്രദേശമാണ്. പതിനേഴാം നൂറ്റാണ്ടില്‍ ജപ്പാനീസ്‌കാരാണ് ആദ്യമായി ഇവിടം പിടിച്ചടക്കാന്‍ ശ്രമിച്ചത്. കാലാന്തരത്തില്‍, ഇത് തായ്‌വാനിലെ പ്രധാന സള്‍ഫര്‍ ലഭിക്കുന്ന കേന്ദ്രമായി മാറി. 1897ല്‍ ഒരു അമേരിക്കന്‍ കമ്പനി കരാറടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്നെങ്കിലും, 1966ല്‍ തായ്‌വാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ശേഷം, രാജ്യത്തിനാവശ്യമായ സള്‍ഫര്‍ പുറത്തുനിന്ന് വാങ്ങുന്നതിനാല്‍ 2013ല്‍ സാംസ്‌കാരിക പൈതൃക കേന്ദ്രവും, വിനോദ സഞ്ചാര കേന്ദ്രവുമാക്കി ഉത്തരവിറക്കി. ചൂടുറവകള്‍ (വീ േുെൃശിഴ) ആണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നല്ല പുകയോട് കൂടി ചൂടുള്ള വെള്ളം പ്രകൃതിയില്‍ കാണുമ്പോള്‍ സഞ്ചാരികള്‍ക്ക് കൗതുകം തോന്നുന്നതും, വീണ്ടും സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടാവുകയും ചെയ്യുന്നു. എങ്കിലും, സര്‍ക്കാരിന്റെയും നിയമ പാലകരുടെയും കര്‍ശന നിര്‍ദേശങ്ങള്‍ക്കനുസൃതമായി മാത്രമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ.
Comments are closed for this post.