സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.എം.
പുതിയ കക്ഷികള്‍ മുന്നണിയിലേക്കു വന്ന സാഹചര്യത്തില്‍ പൊതുവെ സ്വാധീനം കുറഞ്ഞ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. തെക്കന്‍ കേരളത്തിലുള്‍പ്പെടെ ഏഴു സീറ്റുകളാണ് ഐ.എന്‍.എല്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫിന്റെ ആദ്യഘട്ട സീറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയില്‍ രണ്ടും മലബാറില്‍ അഞ്ചും സീറ്റുകളാണ് ആവശ്യപ്പെട്ടത്.
നേരത്തെ കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് എന്നിവിടങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്. ഈ സീറ്റുകള്‍ തന്നെ നല്‍കുമെന്നാണ് സി.പി.എം നിലപാട്.
എല്‍.ഡി.എഫിനൊപ്പം നിന്ന് ആദ്യകാലത്ത് ഏഴു സീറ്റുകളിലാണ് ഐ.എന്‍.എല്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇതു നാലായും പിന്നീടു മൂന്നായും ചുരുങ്ങുകയായിരുന്നു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവാദമുണ്ടാക്കാനാണ് കൂടുതല്‍ സീറ്റുകള്‍ ഐ.എന്‍.എല്‍ ആവശ്യപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.
മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യം അദ്ദേഹം ഐ.എന്‍.എല്‍ സംസ്ഥാന നേതാക്കളോട് നേരിട്ടു പറഞ്ഞതായി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ എല്‍.ഡി.എഫിലെ സി.പി.എം ഒഴികെയുള്ള മറ്റു കക്ഷികളേക്കാള്‍ ചില മേഖലകളില്‍ ഐ.എന്‍.എല്ലിനു കൂടുതല്‍ സ്വാധീനമുണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ് നേതൃത്വം.
പാര്‍ട്ടി മുന്നണിയിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും മുന്നണിയിലെ നിലവിലെ സാഹചര്യമനുസരിച്ച് സീറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമെന്നും അല്ലാതെ വിവാദങ്ങളുണ്ടാക്കാനല്ല കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.