
360 ഡിഗ്രി വരെയുള്ള ദൃശ്യങ്ങളുടെ ലൈവ് സ്ട്രീമിങുമായി യൂ ട്യൂബ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് യൂ ട്യൂബ് ഇപ്പോള്‍ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകത ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനായി എപ്രില്‍ 22 മുതല്‍ 24 വരെ നടക്കുന്ന കോഷല്ലെ മ്യൂസിക് ഫെസ്റ്റിവലിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ‘സ്പെഷ്യല്‍ ഓഡിയോ’ സൗകര്യവും ഇതോടൊപ്പം യൂ ട്യൂബ് ഒരുക്കിയിട്ടുണ്ട്. അതായത് കാമറയുടെ വിദൂരത്തുനിന്നുള്ള ശബ്ദങ്ങള്‍ വരെ വളരെ വ്യക്തമായി ഒപ്പിയെടുക്കാനുള്ള സംവിധാനമാണിത്.
360 ഡിഗ്രി റെക്കോഡിങ് സാധ്യമായ കാമറ ഉപയോഗിച്ച് നിലവില്‍ യൂട്യൂബില്‍ വീഡിയോ ലൈവായി സ്ട്രീം ചെയ്യാം. എന്നാല്‍ ഇത്തരം സൗകര്യമുള്ള കാമറയും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും വേണമെന്നാണ് യൂ ട്യൂബ് അധികൃതര്‍ പറയുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവൂ. പിന്നീട് മറ്റു പ്ലാറ്റ്ഫോമുകളിലും ലഭിക്കുമെന്നാണറിയുന്നത്. കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങളും സവിശേഷതകളും ഒരുക്കുന്നതിന്റെ ഭാഗമായാണ് യൂ ട്യൂബ് പുതിയ രീതികള്‍ അവതരിപ്പിച്ചത്.