സ്വന്തം കൈയിലിരിപ്പും ചെയ്തികളും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാല്‍ നുണപ്രചാരണങ്ങളും കപടനാടകങ്ങളുമായി രംഗത്ത് വന്നിരിക്കയാണ് സി.പി.എം. ഇപ്പോള്‍ അടിച്ചിറക്കുന്ന ഒരു കള്ളപ്രചാരണം യു.ഡി.എഫ് ബി.ജെ.പിയുമായി സഖ്യത്തിലാണെന്നാണ്.
ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവം പരസ്യബാന്ധവമായിരിക്കയാണ്. സി.പി.എമ്മിന് ബി.ജെ.പിയുമായുള്ള ബന്ധത്തിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. സി.പി.എമ്മിന് ബി.ജെ.പിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചില സംഭവങ്ങള്‍ അക്കമിട്ട് ഒന്നൊന്നായി വിവരിക്കാം.
1. പിണറായി വിജയന്‍ അധികാരമേറ്റയുടന്‍ മോദിയെ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണത്തിനൊടുവില്‍ സ്വന്തം കുടുംബമായി തന്റെ വീടിനെ കാണാമെന്നും ഏതുസമയത്തും തന്നെ സമീപിക്കാമെന്നും മോദി പിണറായിയോട് പറഞ്ഞു.
2. പൊലിസ് മേധാവിയായി ഇസ്‌റത്ത് ജഹാന്‍ കേസ് ഫെയിം ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. അത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിര്‍ദേശപ്രകാരമെന്ന് വാര്‍ത്തകള്‍.
3. പൊലിസ് കാര്യങ്ങളില്‍ ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു. സിറാജുന്നിസയെ പൊലിസ് വെടിവച്ച് കൊന്നതിന്റെ ഉത്തരവാദിത്വം രമണ്‍ ശ്രീവാസ്തവയ്ക്കാണെന്ന് ഉറക്കെപ്പറഞ്ഞുനടന്നു സി.പി.എമ്മിന്റെ ശിവദാസമേനോന്‍ അടക്കമുള്ള നേതാക്കള്‍. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ഒറ്റപ്പാലം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരേ ശക്തമായ പ്രചാരണം നടത്തിയത്. ശ്രീവാസ്തവ എല്‍.ഡി.എഫുമായി യാതൊരു ബന്ധവുമില്ലാത്തയാളുമാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് ഇതെന്ന കാര്യം വളരെ വ്യക്തം.
4. നോട്ട് നിരോധനത്തെ തുടക്കത്തില്‍ രൂക്ഷമായി വിമര്‍ശിച്ച തോമസ് ഐസക്കിനെ പിന്തിരിപ്പിച്ചു. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നതിന് പകരം സഹകരണ മേഖലയെ തകര്‍ക്കും എന്നതിലേക്ക് കാര്യങ്ങളെ മാറ്റി. അതിന്റെ പേരില്‍ ഹര്‍ത്താല്‍. കേന്ദ്രതലത്തില്‍ നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് മമതയും കെജ്‌രിവാളും മാത്രമാണ് ആവശ്യപ്പെട്ടത്. സി.പി.എം അതിന് തയാറായില്ല. മോദി ആവശ്യപ്പെട്ട 50 ദിവസം കഴിഞ്ഞിട്ടും ജനദുരിതം തുടര്‍ന്നെങ്കിലും ശക്തമായി വിമര്‍ശിക്കാന്‍ പോലും തയാറായില്ല.
5. ജി.എസ്.ടിയുമായി കേന്ദ്രം മുന്നോട്ട് വന്നപ്പോള്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അതിനെ രൂക്ഷമായി എതിര്‍ത്തു. ഫെഡറലിസത്തെ തകര്‍ക്കുന്ന ഗുരുതരമായ നടപടിയെന്ന് വിമര്‍ശിച്ചു. പക്ഷേ കേരളം പിന്തുണക്കുകയും ജി.എസ്.ടി കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തു. അതിന് ന്യായീകരമായി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണം കിട്ടുമെന്നു കള്ളം പറഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയാകെ തകിടം മറിഞ്ഞു.
6. കണ്ണന്താനം കാലുമാറി ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയായപ്പോള്‍ പിണറായി ഔദ്യോഗിക വസതിയില്‍ വിരുന്നുസല്‍ക്കാരം നല്‍കി. പിന്നീട് ഇടുക്കിയിലെ കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാന്‍ പരിസ്ഥിതി സംവിധാനങ്ങളുടെ അനുമതി തേടി നിവേദനവുമായി പി.എച്ച് കുര്യനെ ഡല്‍ഹിക്ക് വിട്ടു. മന്ത്രിമാരെ കാണാന്‍ പറ്റിയില്ല. അപ്പോള്‍ കണ്ണന്താനത്തെ വിളിച്ച് അദ്ദേഹത്തിന്റെ കൈയില്‍ നേരിട്ട് മോദിക്ക് കൊടുത്തയച്ചു. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ തയാര്‍ എന്ന് കണ്ണന്താനം വാഗ്ദാനം ചെയ്തു.
7. 2018ലെ പ്രളയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടുപോലും മുഖ്യമന്ത്രിയോ കേരള സര്‍ക്കാരോ കേന്ദ്രം വേണ്ടത്ര സഹായം തരാത്ത പ്രശ്‌നം ഉന്നയിക്കാന്‍ തയാറായില്ല. ഗുജറാത്ത് പ്രളയത്തിന്റെ മാദണ്ഡമെടുത്താല്‍ കേരളത്തിന് 4,000 കോടി ധനസഹായം ന്യായമായും കിട്ടണമെന്ന് യെച്ചൂരി പറഞ്ഞു. അപ്പോള്‍പോലും, അപ്പോഴോ പിന്നീടോ അത്തരമൊരാവശ്യം കേരളം ഉന്നയിച്ചില്ല.
8. കൊവിഡിനെ നേരിടാന്‍ പിച്ചക്കാശ് ( 160 കോടിയില്‍ താഴെ ) നല്‍കിയതില്‍ സര്‍ക്കാര്‍ യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയില്ല.
9. ഓഖി കാലത്തും മതിയായ സഹായം തന്നില്ല. പ്രതിഷേധിച്ചുമില്ല.
10. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പേ പ്രകാശ് കാരാട്ടിന്റെ കള്ളലൈന്‍. മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു സഖ്യമുണ്ടായാല്‍ തന്നെ അതിന് സാധ്യമല്ലെന്ന് കാരാട്ട് ഹിന്ദുവില്‍ ലേഖനമെഴുതി.
സി.പി.എം അന്നുവരെ സ്വീകരിച്ച ജനാധിപത്യ – തെരഞ്ഞെടുപ്പ് ലൈനിന് വിരുദ്ധമായി തൊഴിലാളി – കര്‍ഷക സമരത്തിലൂടെയാണ് മോദിയെ താഴെയിറക്കേണ്ടെന്ന് പറഞ്ഞു. മോദി ഭരണം ഭരണഘടനാ വാഴ്ചയെ അട്ടിമറിക്കുന്നതിനെപ്പറ്റി ഒരക്ഷരം മിണ്ടാതിരുന്ന ആ ഹിന്ദു ലേഖനത്തില്‍ മോദി ഭരണത്തെ വെറും അതോറിറ്റേറിയന്‍ കമ്മ്യൂണല്‍ ഭരണമെന്ന് ലഘൂകരിച്ചു. ആ കാരാട്ട് ലൈനിന് പാര്‍ട്ടിയില്‍ പിണറായി ഭൂരിപക്ഷമുണ്ടാക്കിയത് കേരളത്തിലെ മുഴുവന്‍ പ്രതിനിധികളേയും (അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെ) ആ പക്ഷത്ത് അണിനിരത്തിയാണ്.
11. പൊതുതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കേന്ദ്രലൈന്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് പപ്പു എന്ന് വിളിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കെതിരേ കടന്നാക്രമണം അഴിച്ചുവിട്ടു.
12. അമേത്തിയില്‍നിന്ന് രാഹുല്‍ ഗാന്ധി മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ വയനാട്ടിലേക്ക് തോറ്റോടി എന്ന സംഘി നുണപ്രചാരണവും ഇവര്‍ ഏറ്റെടുത്തു. എന്നാല്‍ 2014ല്‍ മോദി രണ്ടിടത്തു മത്സരിച്ച കാര്യം മിണ്ടിയില്ല.
13. പൊലിസ് ആസ്ഥാനത്ത് ബിന്ദു അമ്മിണിയെ മുളകുപൊടിയെറിഞ്ഞ സംഘി നടപടിയെ മന്ത്രി മണിയടക്കം ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു.
14. പൊലിസിലെ സംഘി അനുകൂല നയം (കോട്ടയം തോക്കുകേസ് അട്ടിമറിച്ചത്, പൊലിസ് സ്റ്റേഷനിലേക്ക് കാര്യവാഹക് ബോംബെറിഞ്ഞ കേസ് നിസാരമാക്കിയത് അടക്കം നിരവധി നടപടികള്‍).
15. കൊവിഡ് കാലത്ത് സുരേന്ദ്രനെ എല്ലാ ലോക്ക്ഡൗണ്‍ നിയമങ്ങളും ലംഘിച്ച് തിരുവനന്തപുരത്തെത്തിച്ചത്. കേന്ദ്രനിര്‍ബന്ധത്തിന് വഴങ്ങി സുരേന്ദ്രന്‍ ചെന്നിത്തലക്കെതിരേ നടത്തിയ പ്രസ്താവന.
16. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിന് വിരുദ്ധമായ നിരവധി കേന്ദ്ര നിബന്ധനകള്‍ യാതൊരു വിമര്‍ശനവുമില്ലാതെ സ്വീകരിച്ചു.
17. അന്യസംസ്ഥാന തൊഴിലാളികളെ തെരുവാധാരമാക്കി പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരേ വിമര്‍ശനം ഉന്നയിച്ചില്ല.
18. പാത്രം തല്ലലും, ലൈറ്റണച്ച് വിളക്ക് തെളിക്കലും പോലുള്ള മോദിയുടെ ആഭാസങ്ങള്‍ മന്ത്രിമന്ദിരങ്ങളില്‍ നടപ്പാക്കി.
19. വിമാനത്തിലെ പുഷ്പവൃഷ്ടി ആഘോഷിക്കാന്‍ കേരള പൊലിസിനെ വിന്യസിച്ചു.
20. കോഴിക്കോട്ടെ നിരപരാധികളായ അലന്‍, താഹ എന്നീ ചെറുപ്പക്കാരുടെ പേരില്‍ യു.എ.പി.എ ചുമത്തി അവരെ എന്‍.ഐ.എക്ക് വിട്ടുകൊടുത്തു.
21. പാവം ഒരു കന്യാസ്ത്രീയെ ഓണാശംസകള്‍ അയച്ചതിന് ( അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഓണാഘോഷത്തിന്റെ പ്രധാനസത്ത ) അടിസ്ഥാനമില്ലാത്ത പരാതിയുടെ പേരില്‍ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും ഭീഷണിപ്പെടുത്തി മാപ്പ് പറയുന്നത് വിഡിയോയില്‍ റെക്കോഡ് ചെയ്യുകയും ചെയ്തു.
22. പാലത്തായി കേസില്‍ ബി.ജെ.പിക്കാരനായ പ്രതിയെ കേസില്‍ തിരിമറി നടത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതില്‍ കൂടുതല്‍ തെളിവുകള്‍ എന്തിനാണ് സി.പി.എം – ബി.ജെ.പി രഹസ്യബാന്ധവത്തിന്. ഇതെല്ലാം മറച്ചുവയ്ക്കുവാനാകാത്തതും ജനം കണ്ടുകൊണ്ടിരിക്കുന്നതുമാണ്. ബി.ജെ.പിക്ക് വഴങ്ങിക്കൊടുക്കുന്ന സംഭവങ്ങള്‍ ഇനിയും ഒട്ടേറെയുണ്ട്. സി.പി.എമ്മിന്റെ കാപട്യം ജനം തിരിച്ചറിയും. ഇത്തരം കപടനാടകങ്ങളുമായി ജനങ്ങളുടെ മുന്നില്‍വന്ന് പരിഹാസ്യരാവുന്ന അവസ്ഥയുണ്ടാക്കന്നതെന്നതിന്. അഭിനയത്തിന് പകരം ജനങ്ങള്‍ക്ക് വേണ്ടത് നല്ല നയങ്ങളും പ്രവര്‍ത്തികളുമാണ്.
Comments are closed for this post.