2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാഴ്ചകള്‍ കണ്ട് കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നാറിലൂടെ; പാക്കേജിന് മികച്ച പ്രതികരണം

പ്രതിദിന വരുമാനം 18,000 രൂപ വരെ
 
 
തൊടുപുഴ: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയ സ്ലീപ്പര്‍ ബസ്, സൈറ്റ് സീയിങ് സര്‍വിസുകള്‍ക്ക് മികച്ച പ്രതികരണം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം കൊടുക്കുന്ന സ്ലീപ്പര്‍ ബസ് ആരംഭിച്ച നവംബര്‍ 14 മുതല്‍ ഇന്നലെ വരെ 2,80,790 രൂപ വരുമാനം ലഭിച്ചു. ജനുവരി ഒന്നു മുതല്‍ ആരംഭിച്ച സൈറ്റ് സീയിങ് സര്‍വിസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേവലം 80 കിലോമീറ്റര്‍ സര്‍വിസുള്ള ഇതില്‍ നിന്നും കെ.എസ്.ആര്‍.ടി.സിക്ക് ദിവസേന 12,000 ത്തിലധികം രൂപയും വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറില്‍ നല്ല തിരക്കാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാറില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ സര്‍വിസ് ആരംഭിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. 
നിലവില്‍ ഒരു ബസില്‍ 16 സ്ലീപ്പര്‍ സീറ്റുകളാണ് ഉള്ളത്. ഇത്തരത്തിലുള്ള മൂന്നു ബസുകളാണ് ഉള്ളത്. 53 സീറ്റുകള്‍ക്ക് വരെ ദിവസേന ബുക്കിങ് ലഭിക്കുന്നു. ഇതില്‍ നിന്നും കൂടുതല്‍ വരുമാനവും കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കുന്നുണ്ട്. മൂന്നാറിന് വേണ്ടി പ്രത്യേകമായി രണ്ട് സൈഡിലേക്കും എട്ട് സ്ലീപ്പര്‍ വീതമുള്ള രണ്ട് കംപാര്‍ട്ട്‌മെന്റായുള്ള ബസിന്റെ നിര്‍മാണവും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 
 
മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ ഒന്‍പതു മണിക്ക് പുറപ്പെടുന്ന സര്‍വിസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്‌ളോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടു പോയി തിരികെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരം നല്‍കും. പുതുതായി ടാറ്റയുടെ ടീ എസ്റ്റേറ്റിലും ടീ മ്യൂസിയത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടീ മ്യൂസിയത്തില്‍ എത്തുന്ന കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പര്‍ ബസിലെ താമസക്കാര്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.